ഇന്ന്‌ സമഗ്ര പരിശോധന

Wednesday Aug 7, 2024

കൽപ്പറ്റ > വിവിധ സേനാവിഭാഗങ്ങൾക്ക്‌ നേതൃത്വം നൽകുന്നവർ ചേർന്ന്‌ ദുരന്തബാധിത മേഖലകളിൽ ബുധനാഴ്ച സമഗ്ര പരിശോധന നടത്തും. തിരച്ചിൽ സംഘത്തിന്റെ യോഗം ചൊവ്വാഴ്‌ച രാത്രി മന്ത്രിസഭാ ഉപസമിതി അംഗങ്ങളുടെയും കലക്ടർ ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ചേർന്നു. നേരത്തെ തിരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ സേന വിഭാഗം പരസ്‌പരം മാറിയാണ്‌ പരിശോധിക്കുകയെന്ന്‌ മന്ത്രിമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദുരന്തനിവാരണത്തിൽ സേനാവിഭാഗങ്ങളും സന്നദ്ധ പ്രവർത്തകരും മാതൃകാപരമായി പ്രവർത്തിച്ചു. ചൊവ്വാഴ്ച രാവിലെ ഹെലികോപ്ടർ ഉപയോഗിച്ച്‌ തിരച്ചിൽ നടത്തിയെങ്കിലും കാര്യമായൊന്നും  കണ്ടെത്താനായില്ല. സൂചിപ്പാറമുതൽ പോത്തുകല്ല്‌ വരെയുള്ള സൺറൈസ്‌ വാലിയിലായിരുന്നു പരിശോധന. ചൊവ്വാഴ്‌ച രണ്ട്‌ മൃതദേഹാവശിഷ്‌ടം കണ്ടെത്തി.

പുത്തുമലയിലെ പൊതുശ്‌മശാനത്തിനായി 25 സെന്റ്‌ സ്ഥലംകൂടി ഏറ്റെടുത്തു. ഇവിടെ 22 ശരീരാവശിഷ്ടംകൂടി സംസ്കരിച്ചു. ഈ സ്ഥലം താൽക്കാലികമായി വേലികെട്ടി സംരക്ഷിക്കാൻ പഞ്ചായത്തിനോട്‌ നിർദേശിച്ചു. 16 ക്യാമ്പുകളിലായി 648 കുടുംബങ്ങളിലെ 2225 പേരുണ്ടെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. 224 മൃതദേഹം പോസ്‌റ്റുമോർട്ടംചെയ്‌തു. 178 എണ്ണം ബന്ധുക്കൾക്ക്‌ കൈമാറി. 346 ആണ്‌ ഒദ്യോഗികമായി സ്ഥിരീകരിക്കാത്ത മരണസംഖ്യ. നിലവിലെ കണക്കുപ്രകാരം 152 പേരെ കാണാതായി. ഇവരുടെ പട്ടിക പ്രസിദ്ധീകരിച്ചു.  

64 കുടുംബങ്ങൾക്ക്‌
താൽക്കാലിക താമസം

ക്യാമ്പുകളിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അറിയിച്ചു. 64 കുടുംബങ്ങൾക്ക്‌ സൗകര്യം കണ്ടെത്തി. പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള കൽപ്പറ്റ, പടിഞ്ഞാറത്തറ, ബത്തേരി, കാരാപ്പുഴ എന്നിവിടങ്ങളിലെ 27 ക്വാർട്ടേഴ്‌സുകളിലും പട്ടികജാതി വികസന വകുപ്പിന്റെ വനിതാഹോസ്‌റ്റലിലും സൗകര്യമുണ്ട്‌. പ്രി -ഫാബ്രിക്കേറ്റഡ്‌ വീടുകൾ നിർമിക്കുന്നതുസംബന്ധിച്ച്‌ പ്രാഥമിക  ചർച്ച നടത്തിയിട്ടുണ്ട്‌. നിർമാണത്തിന്‌ 50 ദിവസം വേണ്ടിവരും. വീട്‌ വാടകയ്‌ക്ക്‌ നൽകാമെന്ന്‌ വിദേശത്തുള്ള 64 പേർ അറിയിച്ചിട്ടുണ്ട്‌. ഇതെല്ലാം പരിശോധിച്ച്‌ എത്രയും പെട്ടെന്ന്‌ ഇവരെ താൽക്കാലിക വീടുകളിലേക്ക്‌ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുടെ കീഴിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും വീടുകളും ഫ്ലാറ്റും ഉൾപ്പെടെ കണ്ടെത്താൻ തദ്ദേശഭരണ വകുപ്പ്‌ വിവരശേഖരണം ആരംഭിച്ചു.

വിശദ റിപ്പോർട്ട്‌ മന്ത്രിസഭ‌ക്ക്‌

ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സമഗ്ര റിപ്പോർട്ട്‌ നൽകുമെന്ന്‌ മന്ത്രിമാർ പറഞ്ഞു. വയനാട്ടിലുള്ള മന്ത്രിമാർ ഓൺലൈനായി പങ്കെടുക്കും. വയനാട്‌ ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ  ചർച്ചചെയ്യും.

റേഷൻകാർഡ്‌ ഇന്ന്‌ 

വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്ക്‌ പുതിയവ നൽകാൻ ഉടൻ സൗകര്യമുണ്ടാക്കും. കലക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചാണ്‌ ഇത്‌ ചെയ്യുക. റേഷൻ കാർഡുകൾ നഷ്ടപ്പെട്ടവർക്ക്‌ ബുധനാഴ്‌ച  പുതിയത്‌ വിതരണംചെയ്യും.