പ്രതീക്ഷ: എന്റെ ഇഷ്ടപ്പെട്ട വാക്ക്
Wednesday Aug 7, 2024
"എനിക്കിപ്പൊ മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണെന്ന് ചോദിച്ചാൽ അത് പ്രതീക്ഷയാണെന്ന് ഞാൻ പറയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പൈസ വന്ന വഴികൾ ഞാൻ നോക്കി. കൊച്ചുകുട്ടികൾ കുടുക്കപൊട്ടിച്ചതും സമ്മാനം കിട്ടിയതും കൊടുത്തു. ചെറിയ ജോലികൾ ചെയ്‌ത് കിട്ടിയ വരുമാനം കൊടുത്ത വിദ്യാർഥികളുണ്ട്. ഓട്ടോ ഓടിക്കിട്ടിയ കൂലി കൊടുത്ത ചേട്ടൻമാരുണ്ട്. പെൻഷൻ കിട്ടിയ കാശുകൊടുത്തവരുണ്ട്. ആഘോഷങ്ങൾക്ക് വേണ്ടി വച്ച കാശുകൊടുത്തോരുമുണ്ട്.
ഒരു രൂപാവീതം മുഖ്യമന്ത്രിയുടെ ദുരാതാശ്വാസനിധിയിലേക്ക് ഇടാമോ എന്ന് അഞ്ഞൂറ് പേരോട് ചോദിച്ച് ചെയ്യിച്ചവരുണ്ട്. ഇവരെല്ലാം ഇത് ചെയ്‌തത് ഒരു കാരണം കൊണ്ടാണ്. പ്രതീക്ഷ. നമുക്ക് ഒന്നിച്ചിനിയും മുന്നോട്ടുപോകണമെന്ന പ്രതീക്ഷയാണത്. നമ്മൾ മലയാളികൾ പ്രതീക്ഷയുള്ള മനുഷ്യരാണ്. അതുകൊണ്ടാണ് നിപായും പ്രളയവുമെല്ലാം കഴിഞ്ഞും നമ്മൾ മുന്നോട്ടുപോവുന്നത്.
ഈ പ്രതീക്ഷ ഒരു ചക്രമാണ്. നമ്മൾ കൊടുക്കുന്നതെല്ലാം നമ്മളിലേക്ക്, നമുക്ക് ചുറ്റും തന്നെ എത്താനുള്ളതാണ്. അങ്ങിനെ ചക്രം കറങ്ങി മുന്നോട്ടുപോവുന്നു. ഒരുപാടുദൂരം. അതുകൊണ്ട് നമുക്ക് ഇനിയും കൊടുക്കാം, എത്ര ചെറുതാണെങ്കിലും. പ്രതീക്ഷയോടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്. അതെ, എനിക്കേറ്റവും ഇഷ്ടമുള്ള മലയാളം വാക്ക് പ്രതീക്ഷയാണ്' – 2018 ലെ പ്രളയകാലത്ത് ഇന്ദ്രൻസ് പറഞ്ഞ വാക്കുകൾ