കത്തുകൾ മടങ്ങില്ല;
 പോസ്റ്റ്‌ ഓഫീസുകൾ തുറന്നു

Thursday Aug 8, 2024
വെള്ളാർമല പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചപ്പോൾ തപാൽപെട്ടി തുറക്കുന്ന പോസ്റ്റ്‌മാൻ മണികണ്ഠൻ. മുണ്ടക്കൈ പോസ്റ്റ്‌മാൻ വേലായുധൻ സമീപം

ചൂരൽമല > മുണ്ടക്കൈയിലെയും ചൂരൽമലയിലേയും വിലാസങ്ങളിലേക്ക്‌ ഇനിയും കത്തുകളെത്തും. പ്രദേശത്തെ പോസ്‌റ്റ്‌ ഓഫീസുകളുടെ പ്രവർത്തനം ബുധനാഴ്‌ച പുനരാരംഭിച്ചു. മുണ്ടക്കൈ പോസ്‌റ്റ്‌ ഓഫീസ്‌ പൂർണമായി ഉരുളെടുത്തു. ചൂരൽമലയിലുണ്ടായിരുന്ന വെള്ളാർമല പോസ്‌റ്റ്‌ ഓഫീസിൽ ചെളിയും മരങ്ങളും അടിഞ്ഞു. ഇത്‌ വൃത്തിയാക്കി രണ്ട്‌ പോസ്‌റ്റ്‌ ഓഫീസുകളും ഇവിടെ പ്രവർത്തനം തുടങ്ങി.

പി ടി വേലായുധനാണ്‌ മുണ്ടക്കൈയിലെ പോസ്‌റ്റുമാൻ. ഇദ്ദേഹത്തിന്റെ വീട്‌ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. അരപ്പറ്റയിൽ മകനൊപ്പമാണ്‌ ഇപ്പോൾ.  വെള്ളാർമല പോസ്റ്റ്‌ ഓഫീസൽ ശാലിനി വേലായുധൻ പോസ്റ്റ്‌ മാസ്‌റ്ററും കെ മണികണ്ഠൻ പോസ്‌റ്റുമാനുമാണ്‌. താമസക്കാരില്ലാത്ത ദുരന്തബാധിത പ്രദേശങ്ങളിലെ വിലാസങ്ങളിലേക്ക്‌ എത്തുന്ന കത്തുകൾ ഇവർ ദുരിതാശ്വാസക്യാമ്പുകളിൽ എത്തിച്ചുനൽകും. കഴിഞ്ഞദിവസം ഇവിടെ പുതിയ റേഷൻ കടകൾ തുറന്നിരുന്നു.