22 December Sunday

കല്‍പ്പാത്തിയുടെ സ്വന്തം അച്ചാര്‍മാമി

മൂത്തേടത്ത് സുരേഷ് ബാബു sureshbabu9293@gmail.comUpdated: Sunday Nov 10, 2024

കൽപ്പാത്തിയിലെ ക്ഷേത്രങ്ങളിൽ ഈ വർഷത്തെ രഥോത്സവത്തിന് കൊടിയേറിക്കഴിഞ്ഞു. അഗ്രഹാരങ്ങൾ ദേവരഥങ്ങളെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗ്രാമങ്ങളിലെ എല്ലാ ഭവനങ്ങളുടെ മുന്നിലും അരിമാവുകൊണ്ട് കോലങ്ങൾ ഭംഗിയായി വരച്ചിരിക്കുന്നു.  ഇത്തവണ പതിവിലും കൂടുതൽ തിരക്കാണ് തേരുമുട്ടിയിൽ. രഥോത്സവത്തിനെത്തുന്നവരെ ഏറെ ആകർഷിക്കുന്ന വഴിയോരവാണിഭങ്ങൾ തെരുവോരങ്ങളിൽ പൊടിപൊടിക്കുന്നുമുണ്ട്.

അഞ്ചാം തിരുനാളിന് ദേവരഥങ്ങൾ സംഗമിക്കുന്ന ഗ്രാമത്തിലൂടെ ആളുകൾ ഒഴുകി നടക്കുന്നത് കാണുമ്പോൾ എൺപത്തൊമ്പതുകാരിയായ അലമേലു അമ്മാളിന്റെ മനസ്സ് കൂടുതൽ തുടിക്കും. ഒരു പക്ഷേ, അലമേലു അമ്മാൾ എന്നു പറഞ്ഞാൽ ആർക്കും ആളെ അധികം മനസ്സിലായെന്നുവരില്ല. എന്നാൽ കൽപ്പാത്തിയിലെ പൊന്നു മാമി എന്നു പറഞ്ഞാലോ മനസ്സിലേക്കാദ്യം ഓടിയെത്തുന്നത് വിവിധയിനം അച്ചാറുകളുമാണ്.  അത്രയ്ക്ക് പേരും പ്രശസ്തിയുമാണ് പൊന്നു മാമിക്കും അവരുടെ രുചിയൂറുന്ന അച്ചാറുകൾക്കും.  

പുതിയ കൽപ്പാത്തിയിലെ പൊന്നു മാമിയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾത്തന്നെ മൂക്കിലേക്ക് തുളച്ചെത്തുന്നത് വാടാത്ത കണ്ണിമാങ്ങയുടെ മണമാണ്. മുറികളുടെ ഇരുവശങ്ങളിലുമായി  നിരത്തിവച്ചിരിക്കുന്ന ഭരണികൾ.  മുകൾനിലയിലെ ഇരുട്ടുറഞ്ഞ പത്തായത്തിലും അച്ചാറുകൾ വലിയ വലിയ പാത്രങ്ങളിൽ നിറഞ്ഞിരിക്കുന്നു. കൽപ്പാത്തിയിൽ പൊന്നു മാമി അച്ചാർ കച്ചവടം തുടങ്ങിയിട്ട് മുപ്പത്തിയഞ്ചു വർഷത്തിലധികമായി. അച്ചാർ കച്ചവടത്തിലേക്ക് എങ്ങനെയാണ് എത്തിയതെന്നു ചോദിച്ചപ്പോൾ ഒട്ടും മടിക്കാതെ മാമി പറഞ്ഞു തുടങ്ങി "എന്നെ പി കെ സുബ്രഹ്മണ്യ അയ്യർ കല്യാണം കഴിച്ചുകൊണ്ടു പോയത് കണ്ണൂരിലെ കൂടാളിയിലേക്കാണ്. കൃഷിയായിരുന്നു അവരുടെ അക്കാലത്തെ വരുമാനമാർഗം.  കശുവണ്ടി, അടയ്ക്ക, തേങ്ങ, കുരുമുളക് തുടങ്ങിയവ ധാരാളം ഉണ്ടായിരുന്നു. തൊടിയിലെ മാവിൽ കണ്ണിമാങ്ങകൾ കായ്ച്ചുതുടങ്ങിയപ്പോൾ എനിക്ക് തോന്നി നല്ല കടുമാങ്ങ അച്ചാറുണ്ടാക്കാം എന്ന്.

വെറുതെയിരിക്കുമ്പോൾ ഒരു നേരംപോക്ക് എന്ന നിലയ്ക്കായിരുന്നു  തുടങ്ങിയത്. അന്നൊക്കെ വീട്ടാവശ്യത്തിനു മാത്രമായിരുന്നു അച്ചാർ ഉണ്ടാക്കിവച്ചത്. ബന്ധുക്കൾക്കും അയൽവാസികൾക്കുമൊക്കെ കൊടുക്കും.  അവർ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ ഒരു സന്തോഷം തോന്നും.  മാങ്ങ കിട്ടുന്നതിനനുസരിച്ച് വീണ്ടും അച്ചാറുണ്ടാക്കും. അങ്ങനെയാണ് ഞാൻ അച്ചാറുമായി കൂട്ട് തുടങ്ങിയത്. പിന്നീട് കൽപ്പാത്തിയിലേക്ക് താമസം മാറ്റിയപ്പോൾ ഇനി അച്ചാറുകൾ ഉണ്ടാക്കാൻ കഴിയുമോ എന്നു സംശയിച്ചു. അപ്പോഴായിരുന്നു മാങ്ങാക്കാലത്ത് ഗ്രാമത്തിലേക്ക്‌ കണ്ണിമാങ്ങകൾ വിൽക്കാൻ വരുന്നതു കണ്ടത്.  വീണ്ടും അച്ചാറുണ്ടാക്കണം എന്നുള്ള ആഗ്രഹം അറിയിച്ചപ്പോൾ  ഭർത്താവും പ്രോത്സാഹിപ്പിച്ചു. രണ്ടായിരം രൂപയ്ക്കാണ് ആദ്യമായി ഞാൻ മാങ്ങ വാങ്ങിയത്.  അതുണ്ടാക്കി കുറച്ചുപേർക്ക് കൊടുത്തു. ചെറിയൊരു വരുമാനവും കൂടിയായപ്പോൾ അച്ചാർപണി തുടരാൻ തീരുമാനിച്ചു.  ഓരോ തേര് സമയത്തും വിൽപ്പന പ്രതീക്ഷിച്ചതിനെക്കാളും വർധിച്ചു.  ഇപ്പൊ 50,000 രൂപയ്ക്കു മാങ്ങാ വാങ്ങി അച്ചാറുണ്ടാക്കാൻ കഴിയുന്നു’.

പാലക്കാട്‌ താരേക്കാട് ഗ്രാമത്തിൽ സുന്ദരയ്യരുടെയും ജാനകിയമ്മയുടെയും ഒമ്പതു മക്കളിൽ അഞ്ചാമത്തെ മകളായി 1935ലാണ് ടി എസ് അലമേലു അമ്മാൾ എന്ന പൊന്നു മാമി ജനിച്ചത്.  മോയൻ ഗേൾസ് ഹൈസ്കൂളിൽ ആയിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന പിതാവിന് പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോൾ പിന്നീടുള്ള പഠനം അവിടെയായി.  താഴെയുള്ള കൂടപ്പിറപ്പുകളെ നോക്കേണ്ടി വന്നതോടെ പഠനം പാതിയിൽ നിർത്തി.  തുടർന്നായിരുന്നു വിവാഹം.  എന്നാൽ കൂടാളിയിൽനിന്ന് പാലക്കാട്‌ കൽപ്പാത്തിയിലേക്കു താമസം മാറ്റിയപ്പോഴാണ് പൊന്നു മാമിയുടെ കൈപ്പുണ്യം നാടാകെ പരക്കാൻ തുടങ്ങിയത്.  കച്ചവടം കൂടിയപ്പോൾ വിവിധ തരത്തിലുള്ള അച്ചാറുകളും ഉണ്ടാക്കാൻ തുടങ്ങി.  ചെറുനാരങ്ങ, വടുകപുളി നാരങ്ങ, വെളുത്തുള്ളി, ആവയ്ക്ക മാങ്ങ, മാഹാണി എന്നീ അച്ചാറുകൾക്കും പയർ, പാവയ്ക്ക, താമരവളയം, ചുണ്ടക്ക, മണത്തുങ്കാളി, അരി തുടങ്ങിയ വിവിധതരം കൊണ്ടാട്ടങ്ങൾക്കും പപ്പടങ്ങൾ, ചക്കവരട്ടി, വേപ്പിലക്കട്ടി മുതലായവയ്ക്കുമൊക്കെ ആവശ്യക്കാർ ഏറെയാണ്. എന്നാൽ കൂടുതൽ പേർക്കും ഏറെപ്രിയം മാമിയുടെ കടുമാങ്ങ അച്ചാറിനോടാണെന്നുമാത്രം.

കൽപ്പാത്തിയിലെ മിക്ക ഗ്രാമങ്ങളിലും അച്ചാർ കച്ചവടങ്ങൾ ഉണ്ടെങ്കിലും പൊന്നു മാമിയുടെ അച്ചാറിനാണ് ആവശ്യക്കാർ അധികമുള്ളത്.  ഈ രുചിപ്പെരുമയുടെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോ പൊന്നു മാമി ഉറക്കെ ചിരിച്ചു "അങ്ങനെ പ്രത്യേകിച്ച് രഹസ്യം ഒന്നുമില്ല.  ഞാൻ അച്ചാറുകൾ ഉണ്ടാക്കുന്നത് ആത്മാർഥതയോടെയാണ്.  ഒരു തരത്തിലുള്ള കെമിക്കലും ഉപയോഗിക്കുന്നില്ല.  ഞാൻ തന്നെയാണ് അച്ചാർ കൂട്ടൊക്കെ തയ്യാറാക്കുന്നത്. പാരമ്പര്യമായി പകർന്നുകിട്ടിയ പൊടി പൊടി അറിവുകളാണ് എന്റെ ബലം.  എന്റെ അച്ചാറിനെപ്പറ്റിമാത്രം മോശമായിട്ടൊന്നും പറയിപ്പിക്കരുത് എന്നൊരു ചിന്ത മാത്രമാണുള്ളത്.  എന്റെ അച്ചാർ നന്നായിട്ടുണ്ട് എന്ന് ഞാൻ പറയില്ല. എന്നാൽ ഇത് ഒറിജിനലാണ്.  അതാണെന്റെ ഗ്യാരന്ററി.’

കൊറോണ കാലത്തു മാത്രമായിരുന്നു പൊന്നു മാമിയുടെ അച്ചാർ കച്ചവടം കുറഞ്ഞത്.  ആ സമയത്തെ രഥോത്സവത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ പ്രതീക്ഷിച്ചപോലെ അച്ചാറുകൾ വിറ്റുപോയില്ല.  പിന്നീട് ആളുകൾ മാമിയെ യൂട്യൂബിൽ കണ്ടെന്നു പറഞ്ഞ് വരാൻ തുടങ്ങി. അങ്ങനെ വീണ്ടും കച്ചവടം തകൃതിയായി. അച്ചാറുകൾ വാങ്ങുന്നതിനായി ദൂരദേശങ്ങളിൽ നിന്നും ആളുകൾ വരാറുണ്ടെന്ന് പൊന്നു മാമി പറയുന്നു "മിക്കവരും യൂട്യൂബിൽ വീഡിയോ കണ്ടിട്ടാണ് വരുന്നത്.  ചിലപ്പോൾ ചെറിയ കുട്ടികൾ വന്നാൽ എന്നെ കാണുന്നതിനായി അടുക്കളവരെ വരും. എന്നെ കണ്ടതും ‘അച്ചാർ മാമീ' എന്ന് നീട്ടി വിളിക്കും. എനിക്കും ആ വിളികൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. അച്ചാറുകൾ നന്നായിട്ടുണ്ടെന്ന് ആളുകൾ പറയുമ്പോൾ തോന്നുന്ന സന്തോഷമുണ്ടല്ലോ അതാണ്‌ എനിക്കേറെ വലുത്."

പത്തുവർഷംമുമ്പ്, ഭർത്താവ് സുബ്രഹ്മണ്യ അയ്യർ മരിച്ചശേഷം  മാമി ഒറ്റയ്ക്കാണ് താമസം. തിരുവനന്തപുരത്തെ കരമനയിലുള്ള മകൻ ശിവരാമൻ ഇടയ്ക്കിടെ എത്തി ആവശ്യമുള്ളതെല്ലാം ഒരുക്കിക്കൊടുക്കും. അച്ചാറുകൾക്ക് ആവശ്യക്കാർ കൂടിയതോടെ പഴയപോലെ വേഗത്തിൽ ഓടിനടക്കാൻ ഇപ്പോൾ മാമിക്കു കഴിയുന്നില്ല. അതിനാൽ സഹായത്തിനായി ഒരാളെ നിർത്തിയിട്ടുണ്ട്. കഴിയുന്നത്രകാലം അച്ചാറുകളുമായി ജീവിക്കണം എന്നാണ് പൊന്നു മാമിയുടെ ആഗ്രഹം. പ്രായാധിക്യത്തിന്റെ അവശതകൾക്കിടയിലും അച്ചാറുകൾ മാമിയുടെ മേൽനോട്ടത്തിൽ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കുന്നത്.  രുചിക്കൂട്ടിന്റെ കാര്യത്തിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top