22 September Sunday

എഴുത്ത്, അഭിനയം... കൃഷ്ണതുളസി ഭായി സംസാരിക്കുന്നു

അഖില ബാലകൃഷ്‌ണൻ itsakhilabalakrishnan@gmail.comUpdated: Sunday Sep 22, 2024

ചുരുങ്ങിയകാലംകൊണ്ടുതന്നെ മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്‌ കൃഷ്ണതുളസീ ഭായിയുടേത്‌. അഞ്ചു വർഷത്തിനുള്ളിൽ പ്രമുഖ ചാനലുകളിൽ പ്രധാന വേഷങ്ങളിലെത്തിയ നിരവധി സീരിയലുകൾ, ഹ്രസ്വചിത്രങ്ങൾ, സിനിമകൾ. അഭിനയത്തിനൊപ്പം ചെറുപ്പംതൊട്ടേ പ്രിയമുള്ള എഴുത്തും. പ്രണയം, വിരഹം, അതിജീവനം തുടങ്ങി സ്ത്രീജീവിതങ്ങളെക്കുറിക്കുന്ന കൃഷ്ണതുളസിയുടെ എഴുത്തുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്‌. കുറിപ്പുകളും കവിതാശകലങ്ങളും കോർത്തിണക്കി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പണിപ്പുരയിലാണ്‌ ഇപ്പോൾ ഈ കലാകാരി. കൃഷ്ണതുളസി എഴുത്തിനെക്കുറിച്ചും അഭിനയജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു.

‘അശാന്ത’ത്തിൽ തുടങ്ങി

യാദൃച്ഛികമായാണ് അഭിനയരംഗത്തേക്ക് എത്തപ്പെട്ടത്. പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘അശാന്തം’ എന്ന ഹ്രസ്വചിത്രമാണ്‌ ആദ്യം. രോഹിത്‌ വെമുലയുടെ മരണവുമായി ബന്ധപ്പെട്ട്‌ ജാതിവിവേചനം പ്രമേയമാക്കിയ സിനിമയാണ്‌ അശാന്തം. അതിൽ പ്രധാന കഥാപാത്രമായാണ്‌ വേഷമിട്ടത്‌. ഫിലിം ക്ലബ്ബുകൾ വഴിയാണ്‌ ചിത്രം പ്രദർശിപ്പിച്ചത്‌. നിരവധി ചലച്ചിത്രോത്സവങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു അത്‌. മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം അശാന്തം നേടിയിരുന്നു. കൂടാതെ, അടിയന്തരാവസ്ഥക്കാലത്തെ പ്രണയം എന്ന സിനിമയിൽ വളരെ പ്രാധാന്യമുള്ള ഒരു വേഷവും ചെയ്തു.

പ്രിയനന്ദനൻ, ആലപ്പി അഷ്‌റഫ്‌ എന്നീ രണ്ടു സംവിധായകരുടെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. ഏഷ്യാനെറ്റിലെ പൗർണമിത്തിങ്കളിലൂടെ സീരിയൽരംഗത്തെത്തി. സീ കേരളത്തിലെ കുടുംബശ്രീ ശാരദ, സൺ നെക്സ്റ്റിലെ ശ്രീദേവി എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിലും സീരിയലുകൾ ചെയ്തിട്ടുണ്ട്‌. സിബിഐ 5, മൺവിളക്ക്‌, മിലൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. സീ കേരളത്തിലെ അഭിയുടെയും ജാനകിയുടെയും വീട്‌ എന്ന സീരിയലിലാണ്‌ ഇപ്പോൾ അഭിനയിക്കുന്നത്‌.

കസ്തൂരിരാജയുടെ കവർഗേൾ

തമിഴ്‌സംവിധായകൻ കസ്തൂരിരാജ ‘ഒരു പഴയ കാതൽ കടിതം’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്‌ കവർചിത്രമായി തെരഞ്ഞെടുത്തതായിരുന്നു എന്നും ഓർക്കുന്ന മറ്റൊരനുഭവം. തന്റെ കഥാപാത്രത്തിന്റെ തീക്ഷ്‌ണത ഉൾക്കൊള്ളാൻ കൃഷ്ണയുടെ മുഖത്തിനാകുന്നതായിരുന്നെന്ന്‌- അദ്ദേഹം പറഞ്ഞു.

എഴുത്തിന്റെ വഴി


ചെറുപ്പംതൊട്ടേ വായിക്കും. അച്ഛൻ ഒരുപാട്‌ പുസ്തകങ്ങൾ വാങ്ങുമായിരുന്നു. അങ്ങനെയാണ്‌ എഴുത്തിലേക്ക്‌ തിരിഞ്ഞത്‌. സ്കൂളിൽ പഠിക്കുമ്പോൾതൊട്ടേ എഴുതുമായിരുന്നെങ്കിലും ഒന്നും പ്രസിദ്ധീകരിച്ചിരുന്നില്ല. കോയമ്പത്തൂരിൽ ഫിസിയോതെറാപ്പിക്ക്‌ പഠിക്കുമ്പോഴാണ്‌ ആദ്യമായി എഴുത്ത്‌ അച്ചടിച്ചുവരുന്നത്‌. കോളേജ്‌ മാഗസിനിലായിരുന്നു അത്‌. പിന്നീട്‌ വാരികകളിലും മറ്റു മാഗസിനുകളിലും എഴുതാൻ തുടങ്ങി. ഓൺലൈനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സംതൃപ്തി

വായനക്കാരുടെ അഭിപ്രായം നേരിട്ടറിയാമെന്ന നിലയ്ക്കാണ്‌ എഴുതാൻ സോഷ്യൽ മീഡിയ തെരഞ്ഞെടുത്തത്‌. ആളുകളുടെ പ്രതികരണങ്ങൾ വീണ്ടും എഴുതാൻ പ്രചോദനമാകുകയാണ്‌ ചെയ്തത്‌. എഴുത്തിലൂടെ ജീവിതത്തിൽ നല്ല കുറച്ച്‌ സുഹൃത്തുക്കളെയും നേടി. എഴുത്തിനെ ഒരുതരം ആത്മാവിഷ്‌കാരമായാണ്‌ കാണുന്നത്‌. എഴുത്തിൽ ജീവിതം ഉണ്ടായിരിക്കുക, അതിൽ ഭാഷാപരമായ പുതുമ ഉണ്ടായിരിക്കുക, ആ ഭാഷയ്ക്ക്‌ ജീവിതത്തെ സമർഥമായി ആവിഷ്കരിക്കാൻ കഴിയുക എന്നതാണ്‌ പ്രധാനം. എഴുതുമ്പോൾ ഇവയെല്ലാം ശ്രദ്ധിക്കാറുമുണ്ട്‌. പ്രണയം, വിരഹം, അതിജീവനം തുടങ്ങിയവയാണ്‌ എഴുത്തിന്‌ വിഷയമാകാറുള്ളത്‌. എഴുത്തുകൾ വായിച്ച്‌ ഒരുപാട്‌ സ്ത്രീകൾ ഇതവരുടെ ജീവിതമാണെന്നു പറഞ്ഞ്‌ വിളിക്കാറുണ്ട്‌. വായനക്കാരെ സ്പർശിക്കുമ്പോഴാണല്ലോ എഴുത്ത്‌ പൂർണമാകുന്നത്‌.

കലയും ജീവിതവും

എഴുത്തും അഭിനയവും ഒരുമിച്ച്‌ മുന്നോട്ടുകൊണ്ടു പോകണമെന്നാണ്‌ ആഗ്രഹം. എഴുത്തുകളെല്ലാം കൂട്ടിച്ചേർത്ത്‌ പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്‌. അടുത്തമാസംതന്നെ അതുണ്ടാകുമെന്നാണ്‌ കരുതുന്നത്‌. പന്തളത്താണ്‌ നാടെങ്കിലും മകളുടെ പഠിത്തത്തിനും ജോലിയുടെ എളുപ്പത്തിനുമായി ഇപ്പോൾ തിരുവനന്തപുരത്താണ്‌ താമസം. യാത്രകളുടെ ഇടവേളകളിലാണ്‌ എഴുത്തിനും വായനയ്ക്കും സമയം കണ്ടെത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top