22 November Friday

ലോകത്തെ ബോധിപ്പിക്കാനല്ല അണിഞ്ഞൊരുക്കം

ആൻ പാലിUpdated: Sunday Dec 29, 2019


ക്രിസ്മസ് കഴിഞ്ഞാൽ പാലായിലെ വീടുകളിൽ മറ്റൊരു ആഘോഷം തുടങ്ങും, പള്ളിപ്പെരുന്നാൾ. പെരുന്നാളിന് കൊടിയേറുന്ന ദിവസം മുതൽ പള്ളിക്കു ചുറ്റും ആളും ബഹളവും കൂടും.  വീടുകളിൽ കെട്ടിച്ചു വിട്ട പെൺമക്കൾ ഉണ്ണികളും ഉണ്ണിയപ്പവുമായി വന്നെത്തും.

ഇന്നലെ പള്ളിയിലെ 'കൊടിയേറ്റ- കുർബാനയുടെ' വിശേഷങ്ങൾ മമ്മി പറഞ്ഞപ്പോൾ ഓർമ്മിച്ചത് ,  ഇരുപത്തഞ്ചു വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു ദിവസം , പ്രദക്ഷിണത്തിൽ പള്ളിയിൽ നിന്നു കൂട്ടുകാരികളുടെ ഒപ്പം നടന്നതാണ് . അന്ന് പിറകിൽ നിന്നു കുശുകുശുക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതും  പരിചയക്കാരെ കണ്ടതും അവരുടെ മുഖഭാവം ശ്രദ്ധിച്ചതുമൊക്കെയാണ്. ഞങ്ങളുടെ ഇടവകയിൽ തന്നെയുള്ള ആന്റിമാരായിരുന്നു, കുറച്ചു മുൻപിലായി നടക്കുന്ന മറ്റൊരു ആന്റിയുടെ വസ്ത്രമായിരുന്നു അവർക്കിടയിലെ ചർച്ചാവിഷയം.

നാല്പതുകളിൽ നിൽക്കുന്ന അയൽപക്കക്കാരി ഡൽഹിയിൽ നേഴ്സിങ്ങിന് പഠിക്കുന്ന മകളുടെ അരികിൽ പോയി വന്നപ്പോൾ വാങ്ങിയ ചുരിദാറാണ് താരം . "അത്ര കൊതിയുണ്ടെങ്കിൽ വീട്ടിലെങ്ങാനും ഇട്ടാൽ പോരെ, പള്ളീലോട്ട് അതുമെടുത്തു വരേണ്ട കാര്യമുണ്ടോ , അതും ഇതുപോലെ ആളുകൂടുന്നൊരു  ദിവസം? " ഒരു ആന്റി ഇതൊക്കെ കാര്യകാരണം വിശദീകരിച്ചു കത്തിക്കേറുമ്പോൾ , മറ്റേ ആൾ മുഖം വക്രിച്ചും, ‘അതെ', ‘ഉം ', 'പിന്നല്ലാതെ' തുടങ്ങിയ ഓരോ സ്പൂൺ മണ്ണെണ്ണ കൃത്യമായി ഒഴിച്ചുകൊണ്ടും ഇരിക്കുകയാണ്.

അച്ഛന്റെ പാട്ടും , പ്രസംഗവും , പ്രാർത്ഥനയും ഒക്കെ കേട്ട് ഭക്തിനിർഭരയായി  നിൽക്കേണ്ട ഞാൻ എന്തിനാണ് അത് കേട്ടത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. ചുരിദാറിട്ടു മുൻപിൽ നടക്കുന്ന ആളെ അൽപ്പം മുമ്പ‌് ഞാനും ശ്രദ്ധിച്ചിരുന്നു. അന്നൊന്നും അത്ര കണ്ടിട്ടില്ലാത്ത 'കണ്ണാടി -വേലകൾ' ചെയ്ത ആ മഞ്ഞക്കുപ്പായം ഇഷ്ടമായിട്ട് , അത് പോലൊരെണ്ണം എനിക്കും തരണേ കർത്താവേ, എന്ന് മനസ്സ് കൊണ്ട് അപ്പോൾ പ്രാർഥിച്ചതേ ഉണ്ടായിരുന്നുള്ളൂ.അക്കാലത്തൊക്കെ ഇത്തരം കുറ്റം കണ്ടുപിടിക്കലുകളും , അത് പരത്തി പ്പറയലുമൊക്കെ പള്ളിയിൽ നിന്നു വീട്ടിലേക്കുള്ള യാത്രയിൽ പല തവണ കേൾക്കുന്നതായിരുന്നു.

പുരുഷന്മാർ പുതിയ 'വുഡ്‌ലാൻഡ്സ്' ഷൂ ഇടുന്നതോ, 'മണിച്ചിത്രത്താഴ് ' ഷർട്ട് ധരിക്കുന്നതോ, പള്ളീൽ സൺഗ്ലാസ് വെച്ച് വരുന്നതോ ഒരു പ്രശ്നമല്ല. ഓ ഈ ആണുങ്ങടെ ഒരു കാര്യമെന്നും ,അതൊക്കെ ഓരോരോ ഫാഷനല്ലേ എന്ന ന്യായം പറച്ചിലുകളും

‘കല്യാണം കഴിഞ്ഞ പെണ്ണെന്തിനാണ്‌ കുട്ടിപ്പാവാട ഇട്ടോണ്ട് പള്ളീൽ വരുന്നത് ?', ‘ആരെ കാണിക്കാനാ ഈ ചായമെല്ലാം ചുണ്ടിൽ വാരിതേക്കുന്നത്?", 'ആ പെണ്ണടിച്ച സ്പ്രേയുടെ മണം കൊണ്ട് എനിക്ക് തലവേദന എടുത്തു ..’എന്നൊക്കെയുള്ള പരാതികളും , പരിഭവങ്ങളും ‘കുറ്റക്കാരെ' നേരിൽ കണ്ടാൽ മറക്കുന്ന ചിലരുമുണ്ട് . അങ്ങനെയുള്ളവർ ‘പ്രതികളെ' നേരിൽ കാണുമ്പോൾ ' ലൂസി , മുടി ഒക്കെ വെട്ടി സ്മാർട്ട് ആയല്ലോ" " ചുരിദാർ ഇട്ടിട്ടു ചേരുന്നുണ്ട് കേട്ടോ ’ എന്ന മട്ടിലുള്ള നിമിഷനേരം കൊണ്ടുള്ള  കരണം മറിച്ചിൽ നടത്തും.

എന്നാൽ ഇവർക്കൊന്നും തൊട്ടപ്പുറത്തുള്ള പുരുഷന്മാർ പുതിയ 'വുഡ്‌ലാൻഡ്സ്' ഷൂ ഇടുന്നതോ, 'മണിച്ചിത്രത്താഴ് ' ഷർട്ട് ധരിക്കുന്നതോ, പള്ളീൽ സൺഗ്ലാസ് വെച്ച് വരുന്നതോ ഒരു പ്രശ്നമല്ല. ഓ ഈ ആണുങ്ങടെ ഒരു കാര്യമെന്നും ,അതൊക്കെ ഓരോരോ ഫാഷനല്ലേ എന്ന ന്യായം പറച്ചിലുകളും, അവരെയെല്ലാം ഒളികണ്ണിട്ട നോട്ടങ്ങളും ആ സമയത്തെ പരിചിതങ്ങളായ കാഴ്ചകളായിരുന്നു.

പക്ഷെ ഏറ്റവും മനോഹരമായ ന്യായം വേറൊന്നാണ് ,"സ്ത്രീകളുടെ മേക്കപ്പും, ഡ്രെസ്സുമൊന്നുമല്ല, അവരുടെ ചിന്തകളാണ് അവർക്കു സൗന്ദര്യം നൽകുന്നത്!

വർഷങ്ങൾക്കിപ്പറം,ഈ 'രോഗാവസ്ഥയുടെ' ഏറ്റവും ഭയാനകമായ വേർഷൻ  കണ്ടുകൊണ്ടിരിക്കുന്നത്  സോഷ്യൽ മീഡിയയിലാണ‌്.പെൺകുട്ടികൾ മുടിക്കു നിറം കൊടുക്കുന്നത്, 'സ്ട്രൈറ്റൻ' ചെയ്യുന്നത്, 'ടാറ്റൂ', 'ബോഡി -പിയേർസിങ്' തുടങ്ങിയ അവർക്കിഷ്ടമുള്ള കലാപരിപാടികളൊക്കെ ചെയ്യാൻ തുടങ്ങുമ്പോളെക്കും ഇത്തരക്കാരുടെ ഒരു വൻ നിര തന്നെ  പ്രത്യക്ഷപ്പെടും.

ഇവരിൽ ഓരോരുത്തർക്കും ഓരോരോ മുടന്തൻ ന്യായങ്ങളുമുണ്ടാവും, "ഇതിന്റെയൊക്കെ ആവശ്യമുണ്ടോ?" "എന്ത് നല്ല മുടിയായിരുന്നു?" "ഇതൊന്നുമല്ലാതെ എന്തെങ്കിലുമൊക്കെ ഉപകാരങ്ങൾ ഉള്ള കാര്യം ചെയ്തുകൂടെ?" പക്ഷെ ഏറ്റവും മനോഹരമായ ന്യായം വേറൊന്നാണ് ,"സ്ത്രീകളുടെ മേക്കപ്പും, ഡ്രെസ്സുമൊന്നുമല്ല, അവരുടെ ചിന്തകളാണ് അവർക്കു സൗന്ദര്യം നൽകുന്നത്!" (ഓരോ ഒലക്കേടെ മൂട് !)

ഈ പറയുന്ന ആളുകളൊക്കെ ഒന്ന് പുരികം നിരതെറ്റിയാൽ ഓടി ബ്യൂട്ടി പാർലറിൽ പോകുന്നവരാണ്, മുഖത്ത് എല്ലാ ഞായറാഴ്ചയും പച്ചമഞ്ഞളും, തേനും കുഴച്ചു തേക്കുന്നവരുമാണ്, വെയിലിൽ നിൽക്കേണ്ടി വരുമ്പോൾ , കരുവാളിക്കുമെന്ന ഭയത്തിൽ കുട ചൂടുന്നവരാണ്.

അങ്ങനെ ഒരു കണക്കെടുക്കുകയാണെങ്കിൽ ഏറ്റവുമധികം ആത്മവഞ്ചകരുള്ള മനുഷ്യവർഗ്ഗമാണ് ‘മലയാളികൾ'. അവരാണ് നിബന്ധനകൾക്ക് വിധേയമല്ലാതെ സുഹൃത്തിന്റെ ഫേസ്ബുക്  പ്രൊഫൈൽ ചിത്രത്തിന് താഴെപ്പോയി , "അറുബോറൻ','കത്തി', ‘വളിപ്പ്' തുടങ്ങിയ ഒറ്റവാക്പ്രയോഗങ്ങളും  നടത്തുന്നത‌്.

ഇനി വിവാഹിതരാണെങ്കിൽ ,കുട്ടികൾ ഒപ്പമില്ലാത്ത (അതും ഏതെങ്കിലും വിദേശനഗരമാണെങ്കിൽ പറയുകയും വേണ്ട) ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടാൽ ," മക്കളെ കളഞ്ഞിട്ടു കറങ്ങുവാണല്ലേ?" "പിള്ളേരില്ലാതെ സുഖിക്കുവാണല്ലേ?’  .."എന്ന മട്ടിലുള്ള ഡയലോഗുകൾ വർഷിക്കാൻ ഓട്ടോ പിടിച്ചെത്തുന്ന ചിലർ.

ഇനി വേറെ ചില ഓൺലൈൻ സുഹൃത്തുക്കളുണ്ട്, എന്ത് ആന പിടിച്ച സൗഭാഗ്യങ്ങളോ അംഗീകാരങ്ങളോ സന്തോഷമോ ഏതെങ്കിലും ഒരു സുഹൃത്തിനു കിട്ടിയാൽ കുറെ ദിവസത്തേയ്ക്ക് ആ വഴിയേ പോലും വരില്ല. പക്ഷെ എപ്പോളെങ്കിലും പനി കഴിഞ്ഞ ഉടനെ ഉള്ള ഒരു ഫോട്ടോ ഇടൂ, അപ്പൊ വരും , "ശോ വല്ലാതെ പ്രായം തോന്നിക്കുന്നു, ആകെ കറുത്തല്ലേ, മുൻപുള്ളതൊക്കെ ഫോട്ടോഷോപ്പ് ചിത്രങ്ങളായിരുന്നല്ലേ " എന്ന പോലുള്ള അന്വേഷണങ്ങൾ.

മുഖം വാടിയും, മുടി ഒതുക്കാതെയും നിൽക്കുന്ന ചില 'അമ്മ-കഥാപാത്രങ്ങളെ' സിനിമയിലും ജീവിതത്തിലും കണ്ടു ശീലിച്ചവരാണ് നമ്മൾ മലയാളികൾ. അങ്ങനെ കുടുംബത്തിന്  വേണ്ടി കഷ്ടപ്പെടുന്ന 'കുലസ്ത്രീ’കളാണ് വീടിന്റെ ഐശ്വര്യം എന്ന ബോധവും ആരൊക്കെയോ നമുക്ക് പകർന്നു തന്നിട്ടുണ്ട്.

പിന്നെ ഈ ലോകത്തെ മുഴുവനാളുകളേയും ബോധിപ്പിക്കാനൊന്നുമല്ല കേട്ടോ ഈ ‘കൊലേക്കേറിപ്പെണ്ണുങ്ങൾ' അണിഞ്ഞൊരുങ്ങുന്നത്. അതവർക്ക് സന്തോഷവും തലയുയർത്തിപ്പിടിക്കാനുള്ള ധൈര്യവുമൊക്കെ കിട്ടാനാണ്.മുഖം വാടിയും, മുടി ഒതുക്കാതെയും നിൽക്കുന്ന ചില 'അമ്മ-കഥാപാത്രങ്ങളെ' സിനിമയിലും ജീവിതത്തിലും കണ്ടു ശീലിച്ചവരാണ് നമ്മൾ മലയാളികൾ. അങ്ങനെ കുടുംബത്തിന്  വേണ്ടി കഷ്ടപ്പെടുന്ന 'കുലസ്ത്രീ’കളാണ് വീടിന്റെ ഐശ്വര്യം എന്ന ബോധവും ആരൊക്കെയോ നമുക്ക് പകർന്നു തന്നിട്ടുണ്ട്. എന്നാൽ ഫുൾ മേക്കപ്പിട്ട്‌, വസ്ത്രം ഒന്ന് ചുളുങ്ങാതെ, മുഖത്ത് പുഞ്ചിരിയുമായി പത്തുമണിക്കൂർ തുടർച്ചയായി ജോലി ചെയ്ത്, യാത്ര ചെയ്ത് വീട്ടിലെത്തി, അവിടെയും ജോലികൾ ചെയ്ത് , രാവിലെ വ്യായാമവും ചെയ്ത് ഓടിപ്പായുന്ന പെണ്ണുങ്ങളുടെ കഷ്ടപ്പാടുകൾ പലർക്കും തിരിച്ചറിയാൻ കഴിയില്ല.

‘പ്രിയ ഓൺലൈൻ അഭ്യുദയകാംക്ഷികളേ', നിങ്ങൾക്ക് ചോറും , നെയ്യിൽ വറുത്ത ബോണ്ടയുമൊക്കെ ഒഴിവാക്കാൻ പറ്റില്ലെന്ന് കരുതി അത് ചെയ്ത് അമിതവണ്ണം  കുറയ്ക്കാൻ ശ്രമിക്കുന്നവരെ 'കുടുംബസ്നേഹമില്ലാത്തവരായി' ചിത്രീകരിക്കുകയും വേണ്ട. വീട്ടിൽ ആരൊക്കെ എന്തൊക്കെ മിച്ചം വെയ്ക്കുന്നോ, അതെല്ലാം എടുത്തു കഴിച്ചും , മുടിയും മുഖവും വൃത്തിയാക്കാതെ , വിയർപ്പുമണവുമായി ഓടിക്കിതയ്ക്കുന്നു എന്നത് കൊണ്ട് നിങ്ങൾ എല്ലാവരിലും മികച്ചവളോ, മോശക്കാരിയോ ആയിട്ടില്ല.

എങ്കിലും ഇടയ്ക്കൊക്കെ ആ കണ്ണാടിയുടെ മുൻപിൽ നിന്നൊന്നു നോക്കൂ, വൃത്തിയുള്ള മുടിക്കെട്ടും, പശമുക്കിതേച്ച പട്ടുപാവാടയും, കുസൃതികണ്ണുകളുമുള്ള പഴയ ഒരു കോളേജുകാരിയെ ഓർമ്മ വരുന്നുവെങ്കിൽ ഇടയ്ക്കൊക്കെ അവനവന് വേണ്ടിയും സമയം ചെലവഴിക്കൂ, സ്വയം സ്നേഹിക്കുന്നതിലുള്ള സന്തോഷവും , അതുവഴിയുള്ള ആത്മവിശ്വാസവും തിരിച്ചറിയൂ...

ഇനി, ഒരാൾക്ക് വീട്ടിലുണ്ടാക്കുന്ന കാച്ചിയ വെളിച്ചെണ്ണ തേക്കണോ, അതോ ബ്യൂട്ടി പാർലറിൽ പോയി കണ്ടിഷനിംഗ് ചെയ്യണോ എന്നും , യാത്ര പോകുമ്പോൾ ചുരിദാർ വേണമോ, അതോ ജീൻസ് വേണമോ എന്നതും, ഇനിയിപ്പോ ചുരിദാർ ആണെങ്കിൽ അതിനു പട്യാല ബോട്ടം വേണോ അതോ ലെഗ്ഗിങ്‌സ് വേണമോ എന്നുള്ളതും പൂർണ്ണമായി അയാളുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ്. അതിൽ വെറുതെ പോയി  കയ്യും , കാലും , തലയും കടത്താൻ നിൽക്കരുത്.

അങ്ങനെ കുറച്ചു കാലം വണ്ടി മുന്നോട്ടു പോയ്ക്കഴിയുമ്പോൾ വേറെ ആരെങ്കിലും എന്തെങ്കിലുമൊക്കെ ഇഷ്ടങ്ങൾ അവരുടെ ജീവിതത്തിൽ, ശരീരത്തിൽ , വസ്ത്രത്തിൽ, തീരുമാനങ്ങളിൽ എല്ലാം എടുക്കുന്നത് കാണുമ്പോൾ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. ഇടയ്ക്കൊക്കെ നമ്മൾ മലയാളികൾക്ക് ഏറെ ബുദ്ധിമുട്ടുള്ള ‘അനുമോദിക്കൽ' എന്ന പരിപാടി ഒന്ന് ശ്രമിച്ചു നോക്കുകയുമാവാം. പതിയെ അതൊരു ശീലമാകും , നമുക്കും, നമ്മുടെ ചുറ്റുമുള്ളവർക്കും !അതെന്ത് രസമാണെന്നോ ...


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top