29 September Sunday

ആ സ്വപ്‌നം യാഥാർഥ്യമായി

മുഹസിന മുസ്‌തഫ muhsinaam903@gmail.comUpdated: Sunday Sep 29, 2024


സിനിമ കാണുമ്പോൾ തനിക്ക്‌ ഇത്‌ കഴിയുമോയെന്ന്‌ ചിന്തിച്ചിരുന്ന പെൺകുട്ടി ഇന്ന്‌ മലയാള സിനിമയിൽ നായികയാണ്‌. തിരുവനന്തപുരം സ്വദേശിയായ ആർദ്ര മോഹനാണ്‌ എസ്‌ എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്‌ത സീക്രട്ടിൽ നായിക. സംഗീത വീഡിയോകൾ, ഹ്രസ്വ ചിത്രം, മോഡലിങ്‌ തുടങ്ങിയവയിൽ പ്രവർത്തിച്ച അനുഭവക്കരുത്തിലാണ്‌ നായികയായത്‌. നടി ആർദ്ര സംസാരിക്കുന്നു.

കഥാപാത്രവും സീക്രട്ടാണ്‌
ക്രിസ്‌റ്റഫർ, ശേഷം മൈക്കിൾ ഫാത്തിമ എന്നീ സിനിമകളിൽ ചെറിയ വേഷം ചെയ്‌തു. ഓഡിഷനിലൂടെയാണ്‌ സീക്രട്ടിൽ എത്തിയത്‌. എസ്‌ എൻ സ്വാമിയുടെ ചിത്രത്തിലേക്ക്‌ അഭിനേതാക്കളെ നോക്കുന്നുണ്ടെന്ന്‌ പറഞ്ഞ്‌ ഒരു ദിവസം ഫോൺ വന്നു. അന്നുതന്നെ ഓഡിഷൻ ചെയ്‌തു. സിനിമയിലെ ഒരു രംഗം തന്നെയാണ്‌ ഓഡിഷൻ ചെയ്‌തത്‌. അന്ന്‌ രാത്രിതന്നെ സിനിമയിലേക്ക്‌ തെരഞ്ഞെടുത്തെന്ന്‌ പറഞ്ഞ്‌ ഫോൺ വന്നു. സിനിമയിൽ കോളേജ്‌ വിദ്യാർഥിയുടെ വേഷമാണ്‌. ഈ കഥാപാത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങളാണ്‌ സിനിമ. പടത്തിലെ ഒരുപാട്‌ കാര്യങ്ങളും സീക്രട്ടാണ്‌.

അതൊരു അനുഭവം
കഥാപാത്രമാകാൻ ഒരുപാട്‌ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ല. എസ്‌ എൻ സ്വാമി സാറിന്റെ പടമാണ്‌. അദ്ദേഹം പറയുന്നതുപോലെ പരമാവധി പറ്റുന്ന രീതിയിൽ ചെയ്‌തെടുക്കുക എന്നതാണ്‌. സാറിന്റെ രീതിയെന്ന്‌ പറയുന്നത്‌ സെറ്റിൽ ഇരുന്ന്‌ സീനുകൾ അപ്പോൾ അവരുടെ രീതിയിൽ മാറ്റുന്നതാണ്‌. പടത്തിന്റെ സമയത്തും അങ്ങനെയായിരുന്നു. മുഴുവൻ തിരക്കഥയൊന്നും വായിച്ച്‌ പഠിച്ചിട്ടൊന്നുമല്ല പോയിട്ടുള്ളത്‌. കഥയെക്കുറിച്ച്‌ അറിയാം, കഥാപാത്രം ഇങ്ങനെയാണെന്ന്‌ അറിയാം. ബാക്കി സീനും കാര്യങ്ങളും സെറ്റിൽ വച്ചാണ്‌ പറയുക. സ്വാമി സാർ സംവിധാനം ചെയ്യുമെന്ന്‌ ആദ്യം പ്രതീക്ഷിച്ചിരുന്നില്ല. സംവിധാനം ചെയ്യണമെങ്കിൽ നേരത്തേ ആകാമായിരുന്നു എന്നാണ്‌ ചിന്തിച്ചത്‌. തിരക്കഥ എഴുതാനും സംവിധാനം ചെയ്യാനും ബുദ്ധിമുട്ടുണ്ടാകില്ലല്ലോ. അദ്ദേഹം സംവിധാനം ചെയ്‌ത സിനിമയിൽ അഭിനയിക്കാനായത്‌ വലിയ അനുഭവമാണ്‌.

സിഗ്‌നേച്ചർ
സാധാരണകാർക്ക്‌ അറിയാത്ത എന്തെങ്കിലും കാര്യങ്ങൾ കൊണ്ടുവരാറുണ്ട്‌. സിബിഐ സിനിമ ആയാലുമൊക്കെ അത്‌ നോക്കിയാൽ അറിയാം.  ഈ സിനിമയുടെ വിഷയമായാലും ആരും ഇതുവരെ പറയാത്ത ഒന്നാണ്‌. ആ വിഷയത്തിനെ സിനിമാറ്റിക്‌ രീതിയിൽ അവതരിപ്പിക്കുക എന്നതാണ്‌ സത്യം പറഞ്ഞാൽ ഒരു വെല്ലുവിളിയായി ഞാൻ കണ്ടത്‌. ആദ്യം കേൾക്കുമ്പോൾ ഈ വിഷയത്തെ സിനിമാറ്റിക്‌ രീതിയിൽ എങ്ങനെ പറയാൻ കഴിയുമെന്ന്‌ നമുക്ക്‌ തോന്നും. കഥ പറഞ്ഞ രീതിയാണ്‌ സീക്രട്ടിന്റെ മികവ്‌. അല്ലെങ്കിൽ ഇതൊരു ഡോക്യുമെന്ററി രീതിയിലാകും.

വെല്ലുവിളി
സിനിമയിൽ ഞാനൊരു പുതിയൊരു ആളല്ലേ. ഇതിനു മുമ്പ്‌ ചെയ്‌തത്‌ എല്ലാം ചെറിയ വേഷങ്ങളാണ്‌. എന്നാൽ, ഒരുപാട്‌ വെല്ലുവിളികൾ ഉണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ച്‌ കൂടെയുള്ളവർ എല്ലാവരും വളരെയധികം സിനിമ ചെയ്‌തവരാണ്‌. ധ്യാൻ ശ്രീനിവാസൻ, കലേഷ്‌, മണിക്കുട്ടൻ, അപർണ ദാസ്‌ ഇവരെല്ലാം കുറേ സിനിമകൾ ചെയ്‌ത അനുഭവമുള്ളവരാണ്‌. അവരുടെ കൂടെ നിൽക്കാൻ കഴിയുന്ന രീതിയിൽ പെർഫോം ചെയ്യുക എന്നതാണ്‌ വെല്ലുവിളി.

സിനിമയും ജോലിയും
സിനിമ ചെയ്യാൻ പറ്റുമെന്ന്‌ വിചാരിച്ചിട്ടില്ലാത്ത കാര്യമാണ്‌. എല്ലാവരെയുംപോലെ സിനിമകൾ കാണാൻ ഇഷ്ടമാണ്‌. അഭിനേതാക്കളെ ഇഷ്ടമാണ്‌. അവരുടെ അഭിമുഖങ്ങൾ കാണാൻ ഇഷ്ടമാണ്‌. എന്നാൽ, നമ്മളെ സ്‌ക്രീനിൽ കാണാൻ കഴിയുമെന്ന്‌ ആലോചിച്ചിട്ടില്ല. പല രംഗങ്ങളും കാണുമ്പോൾ അവർ ഇത്‌ എങ്ങനെയാണ്‌ ചെയ്യുന്നതെന്ന്‌ ഓർത്തിട്ടുണ്ട്‌. ഞാനത്‌ ചെയ്യുന്നത്‌ ചിന്തിച്ചിട്ടില്ല. ഓഡിഷൻസ്‌ പേടിയുള്ള ആളാണ്‌. പരസ്യം, മോഡലിങ്‌ ചെയ്‌താണ്‌ ആത്മവിശ്വാസം നേടിയെടുത്തത്‌.  സൈക്കോളജിസ്റ്റായി ജോലി ചെയ്യുന്നുണ്ട്‌. സിനിമയ്‌ക്കൊപ്പം ജോലിയും കൊണ്ടുപോകണം എന്നാണ്‌ ആഗ്രഹിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top