22 November Friday

ഈ മുറിവ് ഏൽക്കാത്തവരുണ്ടോ

ഡോ. കീർത്തി പ്രഭUpdated: Sunday Sep 8, 2024

photo credit: facebook

ലോകമെമ്പാടുമുള്ള ഷോകളിലും ഫെസ്റ്റിവലുകളിലും സ്റ്റേജിൽ പെർഫോം ചെയ്യുന്നതിലും തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഗൗരി ലക്ഷ്മി. ഇതുവരെയുള്ള ലക്ഷ്മിയുടെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഒരു പാട്ടിന്റെ രൂപത്തിൽ തുറന്നു പറഞ്ഞപ്പോൾ നിങ്ങൾ എങ്ങനെയാണ് അതിനോട് പ്രതികരിച്ചത് എന്നതിൽനിന്നുതന്നെ വായിച്ചെടുക്കണം. കുറ്റപ്പെടുത്തലുകളും ആക്രമണങ്ങളും മുഴുവൻ അവളുടെ നേർക്കാണ്.

വസ്ത്രം, നടത്തം, ഇരുത്തം. ഇടപെടലുകൾ ഇതൊക്കെയാണ് അവൾ ആക്രമിക്കപ്പെടാനുള്ള കാരണങ്ങൾ. ഇത്തരം അതിക്രമങ്ങൾ തുറന്നുപറഞ്ഞാൽ നഷ്ടപ്പെടാൻ കൂടുതൽ പെണ്ണിനാണ് എന്നൊരു സാമൂഹ്യബോധം നിലനിൽക്കുന്നുണ്ട്. പെണ്ണിനു നേരെ അതിക്രമങ്ങൾ ഉണ്ടാകുമ്പോൾ അരിയപ്പെടുന്നത് അവളുടെതന്നെ ആഗ്രഹങ്ങളുടെ ചിറകുകളാണ്. ആ കെട്ടിയിടലുകളെ ഭേദിച്ച് പുറത്തു വരികയെന്നത് പെണ്ണിനെ സംബന്ധിച്ച് വലിയ സമരവുമാണ്. "എന്റെ പേര് പെണ്ണ്, എനിക്ക് വയസ്സ് 8, സൂചി കുത്താൻ ഇടമില്ലാത്ത ബസിനുള്ളിലെന്റെ പൊക്കിൾ തപ്പി വന്നവന്റെ പ്രായം 40’ എന്ന് ഗൗരി ലക്ഷ്മി പാടിയപ്പോൾ പൊള്ളിയത് ആർക്കൊക്കെയാണ്‌. പാട്ടുണ്ടാകുന്ന വഴികളെക്കുറിച്ചും ഭാവിയിലെ സംഗീത സ്വപ്നങ്ങളെക്കുറിച്ചും ഗൗരി ലക്ഷ്മി സംസാരിക്കുന്നു.

ആദ്യത്തെ സിനിമാഗാനം

പതിമൂന്നാമത്തെ വയസ്സിൽ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലെ "സഖിയെ' എന്ന് തുടങ്ങുന്ന ഗാനം രചിച്ചും ഈണം നൽകിക്കൊണ്ടുമാണ് സിനിമയിലേക്ക് വരുന്നത്. എന്റെ കുടുംബ സുഹൃത്തായ ഡേവിസ് കരെടന്റെ ഉറ്റ സുഹൃത്തായിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസ്. ഞങ്ങളെല്ലാവരുമുള്ള ഒരു കുടുംബ സംഗമത്തിൽവച്ച് അവിടെയുള്ള കുട്ടികളോടൊക്കെ പാട്ടുപാടാൻ ആവശ്യപ്പെട്ടു. അന്ന് ഞാൻ പാടിയത് സ്വന്തമായി എഴുതി കമ്പോസ് ചെയ്ത എന്റെതന്നെ പാട്ടായിരുന്നു. അത് കേട്ട് ഇഷ്ടപ്പെട്ട്‌ റോഷൻ ആൻഡ്രൂസ് അതിനെപ്പറ്റി കൂടുതൽ ചോദിച്ചറിഞ്ഞു. പിന്നീട് അത് സിനിമയിൽ  ഉപയോഗിച്ചു. 10 വയസ്സ് മുതൽ ഞാൻ ചെറിയ ചെറിയ പാട്ടുകൾ എഴുതി സൂക്ഷിക്കുമായിരുന്നു. അക്കൂട്ടത്തിൽ ഉണ്ടായിരുന്ന, ഒരുപാട് വലിയ അർഥങ്ങൾ ഒന്നുമില്ലാത്ത ഒരു പാട്ടായിരുന്നു അതും. നമ്മൾ കേട്ടുകൊണ്ടിരുന്ന പല പാട്ടുകളിൽനിന്നുള്ള വാക്കുകൾ ഉപയോഗിച്ചുകൊണ്ടും അതിൽനിന്നൊക്കെ പ്രചോദനം ഉൾക്കൊണ്ടുമാണ് അന്ന് അത് എഴുതിയത്.

സൈബർ ആക്രമണങ്ങൾ പോകും

ഒരു വർഷം മുമ്പാണ് മുറിവ് എന്ന മ്യൂസിക് വീഡിയോ യുട്യൂബിലൂടെ റിലീസ് ചെയ്തത്. ആ സമയത്തൊന്നുമില്ലാത്ത ആക്രമണസ്വഭാവമുള്ള പ്രതികരണങ്ങളാണ് ഇന്ന് "മുറിവി'ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മൾ ചെയ്യുന്ന പ്രോജക്ടുകളെ പിന്തുടരുകയും അതൊക്കെ കണ്ട് ശീലിക്കുകയും ചെയ്തിട്ടുള്ള ആളുകൾ മാത്രമാണ് ഒരുപക്ഷേ ഒരു വർഷം മുമ്പൊക്കെ എന്റെ യുട്യൂബ്, ഇൻസ്റ്റഗ്രാം  വീഡിയോകളുടെ ഓഡിയൻസ്. ഞാനെന്ന ആർട്ടിസ്റ്റ് എന്താണ്, എന്റെ പാട്ടുകളുടെ രീതി എന്താണ് എന്നൊക്കെ അറിയാവുന്ന ആളുകളുടെ മുമ്പിലേക്ക് മാത്രമാണ് അന്നൊക്കെ എന്റെ പാട്ടുകൾ എത്തിയിരുന്നത്.

പാട്ട് നല്ലതാണോ മോശമാണോ തുടങ്ങിയ അഭിപ്രായങ്ങൾ ഒഴിച്ച് മോശമായ രീതിയിലുള്ള വിദ്വേഷപ്രചാരണങ്ങൾ ഒന്നും അന്നുണ്ടായിരുന്നില്ല. ഷോർട്സ് ധരിച്ചുകൊണ്ട് വേദിയിൽ അജിത ഹരേ പാടിയത് വിവാദമായതിനു പിന്നാലെയാണ് മതത്തിന്റെ പേരിലുള്ള ആക്രമണങ്ങൾ തുടങ്ങുന്നത്. അത്യന്തം യാഥാസ്ഥിതികരായിട്ടുള്ള ചില മനുഷ്യരുടെ ഇടയിലേക്ക് അവർ കണ്ടു ശീലിച്ചതല്ലാത്ത വീഡിയോകളും സ്റ്റേജ് ഷോകളും കടന്നുചെന്നതു മുതലാണ് സൈബർ ആക്രമണങ്ങളും ആരംഭിക്കുന്നത്. ഒരു ചാനലിൽ അയോധ്യാ വിഷയത്തിൽ എന്റെ നിലപാട് ഒരു പാട്ട് രൂപത്തിൽ പറഞ്ഞതിന് വലിയ എതിർപ്പുകൾ ഉണ്ടായി. എന്റെ കുടുംബ ഗ്രൂപ്പുകളിലും കൂട്ടുകാരുടെ ഇടയിലുമൊക്കെ ഒരിക്കലും കടന്നുവരാത്ത വിഷയമായിരുന്നു മതം. മതം ഒരിക്കലും ഒരു തർക്കവിഷയം ആകേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടുമില്ല. പക്ഷേ, അയോധ്യാവിഷയം വന്നപ്പോൾ മതമെന്ന പേരും പറഞ്ഞ് എന്റെ വേണ്ടപ്പെട്ടവർതന്നെ തർക്കിക്കുന്നത് കണ്ടപ്പോൾ എനിക്ക് വലിയ വിഷമം തോന്നി.

അത്തരമൊരു വിഷമം ഉള്ളിൽ ഉള്ളതുകൊണ്ടാണ് അന്ന് ആ ചാനൽ അഭിമുഖത്തിൽ അയോധ്യാ വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോൾ "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു' എന്ന വയലാറിന്റെ പാട്ടുപാടിയത്. ന്യൂസ് ചാനലുകളുടെ സോഷ്യൽ മീഡിയ പേജുകൾ തീവ്ര മതവാദികളൊക്കെ കടന്നുവരാനും വിവാദ ശീലമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനും ഏറെ സാധ്യതയുള്ള ഇടങ്ങളാണ്. ഇത്തരത്തിലുള്ള യാഥാസ്ഥിതികരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക് ഒരു ചാനൽ അഭിമുഖത്തിലൂടെ ഞാൻ അന്ന് എടുത്ത നിലപാടും "മുറിവും' എത്തിച്ചേർന്നപ്പോൾ അതൊരു വിവാദവിഷയമായി മാറുകയായിരുന്നു.

റാപ്പ് സംഗീതം

മീഡിയയും കേൾക്കുന്നവരും റാപ്പ് എന്ന് വിളിക്കുന്നതല്ലാതെ മുറിവ് ഒരു റാപ്പ് സോങ് ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല. കർണാട്ടിക് സംഗീതത്തിന്റെ സ്വഭാവമുള്ള ഒരു ഭാഗവും പോപ്പ് ജോണർ ഉള്ള പശ്ചാത്തല സംഗീതവും ഈ പാട്ടിനുണ്ട്. ഒരു പ്രത്യേക ജോണർ മനസ്സിൽ കണ്ടുകൊണ്ട് ചെയ്ത പാട്ടല്ല മുറിവ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലും മനസ്സിന് മുറിവ് ഉണ്ടാക്കിയ ചില കാര്യങ്ങൾ എന്റെ മനസ്സിൽ തോന്നിയ ഒരു പ്രത്യേക ഈണത്തിലും താളത്തിലും "മുറിവി'ലൂടെ പറഞ്ഞു എന്നുമാത്രം. അമേരിക്കയിൽ ഉണ്ടായിരുന്ന കറുത്ത വർഗക്കാരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ വേണ്ടി അവർ സ്വീകരിച്ച ഒരു ഉപായമായിരുന്നു റാപ്പ് സംഗീതം. വളരെ പ്രാദേശികമായ ഭാഷയിൽ പ്രശ്നങ്ങളെ താളാത്മകമായി അവതരിപ്പിക്കുന്ന ഒരു രീതിയായിരുന്നു അത്. റാപ്പ് സംഗീതം ഈ രീതിയിലാണ് ചെയ്യേണ്ടത് എന്നുള്ള മാനദണ്ഡങ്ങൾ എവിടെയും എഴുതിവച്ചിട്ടുമില്ല. ഒരു ആർട്ടിസ്റ്റ് ഉള്ളിലുള്ള കാര്യങ്ങൾ ഏത് രീതിയിൽ പ്രകടിപ്പിക്കണം എന്നുള്ളത് അവരുടെ സ്വാതന്ത്ര്യമാണ്. അത് ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകാം.

സ്വതന്ത്ര സംഗീതം

ഇൻഡിപെൻഡന്റ് മ്യൂസിക്കിനോടു തന്നെയാണ് കൂടുതൽ ഇഷ്ടം. സ്വയം എഴുതി കമ്പോസ് ചെയ്തു പാടി ജനങ്ങൾക്ക് മുമ്പിലേക്ക് എത്തിക്കുകയും അവർ അത് സ്വീകരിക്കുകയും ചെയ്യുമ്പോൾ വലിയ സന്തോഷമാണ്. സിനിമയിലേക്ക് വരുമ്പോൾ ഒരു പിന്നണി ഗായികയായി ജോലി ചെയ്യാനാണ് കൂടുതൽ താൽപ്പര്യം. ഒരു ഗാനരചയിതാവും സംഗീതസംവിധായകനും സ്വപ്നം കാണുന്ന രീതിയിൽ അവരുടെ ഒരു പാട്ട് അവതരിപ്പിക്കാൻ സാധിക്കുക എന്നത് സിനിമയിൽ പാടാനുള്ള അവസരങ്ങൾ കൊണ്ടുണ്ടാകുന്ന മറ്റൊരു സന്തോഷമാണ്. സ്വതന്ത്ര സംഗീതത്തിന് ശോഭനമായ ഭാവിയുണ്ട്. അത്തരത്തിൽ വരുന്ന പാട്ടുകളെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി എന്നതുതന്നെ വലിയ പ്രതീക്ഷയാണ്. ഞാനുണ്ടാക്കിയ പാട്ടുകൾ ആളുകൾക്ക് സംസാരിക്കാൻ ഒരു വിഷയമാകുന്നു എന്നത് എന്റെ വിജയംതന്നെയാണ്. അതിലെ പല കാര്യങ്ങളും വിഷമമുണ്ടാക്കുന്നു എന്നത് മറ്റൊരു വശമാണ്. സ്വന്തമായി ചെയ്യുന്ന മ്യൂസിക് ആൽബങ്ങൾ ആളുകളിലേക്ക് എത്തിക്കാൻ അതിന്റെ റിലീസിനോടനുബന്ധിച്ച് നമ്മുടെ സാമ്പത്തികസ്ഥിതിക്ക് അനുസൃതമായിട്ടുള്ള മാർക്കറ്റിങ്‌ രീതികൾ അവലംബിക്കാറുണ്ട്.

പാട്ടുണ്ടാകുന്ന വഴികൾ

പാട്ടിന്റെ വരികളാണോ ആശയമാണോ ഈണമാണോ ആദ്യം ഉണ്ടാകുന്നത് എന്ന്‌ പറയാൻ സാധിക്കില്ല. മിക്കവാറും ആശയമോ ഈണമോ ആണ് ആദ്യം മനസ്സിലേക്ക് വരാറ്. വരികൾ പിന്നീടുണ്ടാകുന്നതാണ്. യാത്രകളിൽ, ഭക്ഷണം കഴിക്കുമ്പോൾ, വെറുതെ ഇരിക്കുമ്പോൾ അങ്ങനെ ആകസ്മികമായ പല സന്ദർഭങ്ങളിലുമാണ് പാട്ടുകൾ വരുന്നത്. മുമ്പ്‌ കേട്ട ചില പാട്ടുകളിൽനിന്നും സന്ദർഭങ്ങളിൽനിന്നും അനുഭവങ്ങളിൽനിന്നുമൊക്കെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വീഡിയോകൾ ചെയ്യാറുണ്ട്. എന്നെ സംബന്ധിച്ച് ഒരു സ്വതന്ത്ര സംഗീതസൃഷ്ടി എന്നത് നമുക്ക് സൗകര്യപ്രദമായ സമയങ്ങളിൽ ഓരോ ഘട്ടവും പൂർത്തിയാക്കുകയെന്ന വളരെ ശാന്തമായ പ്രക്രിയയാണ്.

അജിത ഹരേ ജയ

രത്നമാല എന്ന നാലു പാട്ടുകൾ കൂട്ടിച്ചേർത്താണ് ആ സൃഷ്ടി ഉണ്ടായത്. അതിൽ ഒരു പാട്ടായിരുന്നു അജിത ഹരേ. കോവിഡ് സമയത്ത് സ്റ്റേറ്റ് ഷോകൾ ഒന്നുമില്ലാതെ ഇരിക്കുന്ന സമയത്താണ് ഈ നാല് പാട്ടുകൾ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നത്. കോളേജിൽ ബിഎ മ്യൂസിക് ചെയ്യുന്ന സമയത്ത് പഠിച്ച കൃതികളാണ് ആ പാട്ടുകൾ.
പരിഷ്കരിക്കപ്പെടേണ്ടത്‌. കാലത്തിനനുസരിച്ച് മാറേണ്ടതാണ് കലയും. എങ്കിൽ മാത്രമേ അത് ഓരോ തലമുറയിലെ ആളുകളിലേക്കും എത്തിച്ചേരൂ. പല കലാരൂപങ്ങളും ഇല്ലാതായി പോകുന്നതിന്റെ കാരണം കാലത്തിനനുസരിച്ച് അവ പരിഷ്കരിക്കപ്പെടാതിരിക്കുമ്പോഴാണ്. മാറ്റങ്ങൾ സംഭവിക്കാതെ പഴയ രീതികൾതന്നെ തുടർന്നു പോകുമ്പോൾ ആ കലാരൂപം ഒരുപക്ഷേ വളരെ ചുരുക്കം ചില ആളുകളിലേക്കുമാത്രം ഒതുങ്ങിപ്പോകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top