താളലയത്തിനൊപ്പം അരങ്ങുണർന്നു. ഭാവരാഗമാർന്ന ഭരതനാട്യ ചുവടുകളുമായി വേദിയിൽ പതിമൂന്നുകാരി. വിരൽത്തുമ്പിൽ കഥകൾ പകർത്തിയുള്ള ഡുഡുവിന്റെ നാട്യം നിറഞ്ഞാസ്വദിക്കുന്ന കാണികൾ. ഇന്ദ്രനീലശോഭയിൽ ഭരതനാട്യത്തോടുള്ള പ്രണയത്തെ അടയാളപ്പെടുത്തിയ രണ്ടുമണിക്കൂർ. "എന്നെ സംബന്ധിച്ചിടത്തോളം, ഭരതനാട്യം ഒരു മനോഹരമായ കലയും നൃത്തരൂപവും മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിന്റെ മൂർത്തീഭാവവുമാണ്. ഭരതനാട്യത്തോടുള്ള എന്റെ ഇഷ്ടം 10 വർഷംമുമ്പ് ആരംഭിച്ചതാണ്. ഇതെന്റെ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞു’. മൂന്നാംവയസ്സുമുതലുള്ള പ്രയത്നം യാഥാർഥ്യമാക്കിയ നിമിഷത്തെ ഡുഡുവെന്ന ലെയി മുസി ഇങ്ങനെയാണ് അടയാളപ്പെടുത്തിയത്.
കലകളും സംസ്കാരങ്ങളും ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നവയാണ്. ആഗസ്‌ത് 11ന് ബീജിങ്ങിൽ നടന്ന ഭരതനാട്യ അരങ്ങേറ്റം ആ സഞ്ചാരത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇന്ത്യയുടെ ദേശീയ നൃത്തരൂപമെന്ന സ്ഥാനമലങ്കരിക്കുന്ന ഭരതനാട്യം ഇന്ത്യയുടെ അയൽരാജ്യമായ ചൈനയിലും ആദ്യമായി അരങ്ങേറി. ഇതിലൂടെ ചരിത്രത്താളിൽ ഇടംനേടി ലെയി മുസി എന്ന ചൈനീസ് പെൺകുട്ടി.
മൂന്നാം വയസ്സുമുതൽ
മൂന്നാം വയസ്സിലാണ് ഡുഡു ഭരതനാട്യം പഠിക്കാനായി ആരംഭിച്ചത്. ബീജിങ്ങിലെ ജിൻ ഷായുടെ ‘സംഗീതം ഇന്ത്യൻ ആർട്സ്' നൃത്തവിദ്യാലയത്തിലാണ് അതിനായി എത്തിയത്. കഠിനമായ ചുവടുകൾ അവൾക്ക് ആദ്യമാദ്യം പ്രയാസമായിരുന്നു. ഭരതനാട്യത്തിന്റെ ഓരോ ഭാവവും ചുവടുകളും രാഗത്തിനൊപ്പം ചലിപ്പിക്കാനുള്ള കഠിനപ്രയത്നം. ഓരോ ദിവസം കഴിയുന്തോറും മനോഹരമായി പഠിച്ചുതുടങ്ങി. അടങ്ങാത്ത ആഗ്രഹവും ഭരതനാട്യത്തോടുള്ള ഇഷ്ടവും അവളെ മറ്റു വിദ്യാർഥികളിൽനിന്ന് വ്യത്യസ്‌തമാക്കി. ഭക്ഷണം കഴിക്കുമ്പോഴും ഉറക്കത്തിലും ഭരതനാട്യത്തെക്കുറിച്ചുള്ള സ്വപ്നംമാത്രമായി. സുഹൃത്തുക്കളും ജിൻ ഷായും 10 വർഷം കരുത്തായി കൂടെയുണ്ടായിരുന്നു. അടുത്ത ഘട്ടം അരങ്ങേറ്റമാണ്. അതിനായി നിരന്തര പരിശീലനങ്ങൾ നടത്തി. അങ്ങനെ ആഗസ്‌ത് 11ന് ബീജിങ്ങിലെ നിറഞ്ഞ സദസ്സിനുമുന്നിൽ തന്റെ 10 വർഷത്തെ അഭ്യാസത്തെ അതിമനോഹരമായി ഡുഡു അവതരിപ്പിച്ചു. ഇതിലൂടെ ചൈനീസ് നൃത്താധ്യാപികയുടെ ശിക്ഷണത്തിൽ ഭരതനാട്യം അഭ്യസിച്ച് ചൈനയിൽ ആദ്യമായി ഭരതനാട്യ അരങ്ങേറ്റം നടത്തിയയാളെന്ന വിശേഷണം ഡുഡുവിന് സ്വന്തം.
ചൈനയിൽനിന്ന് മുമ്പും ആളുകൾ ഭരതനാട്യം പഠിച്ചിട്ടുണ്ടെങ്കിലും അവരൊക്കെത്തന്നെ ഇന്ത്യയിൽ വന്ന് പഠിച്ചവരോ ഇന്ത്യയിൽ അരങ്ങേറ്റം നടത്തിയവരോ ആണ്. ഇന്ത്യയിലെ പ്രശസ്ത ഭരതനാട്യ നർത്തകിയും അഭിനേത്രിയുമായ ലീല സാംസണായിരുന്നു അരങ്ങേറ്റത്തിന് ആവശ്യമായ സംഗീത പിന്തുണ നൽകിയത്. കൂടാതെ, ജിൻ ഷായുടെ ഭരതനാട്യ ഗുരുവെന്ന പ്രത്യേകതയും ലീല സാംസനുണ്ട്. ഒരു കലാകാരിയെ സംബന്ധിച്ച് തന്റെ സ്വന്തം രാജ്യത്തിന്റെ അതിർത്തിക്കപ്പുറവും ആരാധകരെ സൃഷ്ടിക്കുകയെന്നത് സാധാരണമാണ്. എന്നാൽ, അതിർത്തികൾക്കപ്പുറവും ശിഷ്യരെ സമ്പാദിച്ചിട്ടുള്ളവർ ചുരുക്കമായിരിക്കും. ഈ രീതിയിൽ രാജ്യാതിർത്തിക്കപ്പുറം നർത്തകരെ സൃഷ്ടിച്ച സവിശേഷത ലീല സാംസണും ഈ അരങ്ങേറ്റത്തിലൂടെ സ്വന്തം. 2005ലാണ് ഇഷ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ജിൻ ഷാ തന്റെ നൃത്ത വിദ്യാലയം ആരംഭിക്കുന്നത്. 30 വർഷത്തോളമായി നൃത്താഭ്യാസമുള്ള ഇഷയുടെ കീഴിൽ ഡുഡു അടക്കം നിരവധിപേരാണ് ഭരതനാട്യം അഭ്യസിക്കുന്നത്.
ആദ്യം ചെന്നൈയിൽ
ഇന്ത്യയിൽ ഡുഡുവിന്റെ ആദ്യ അരങ്ങേറ്റം നടന്നത് ചെന്നൈയിലായിരുന്നു. ആഗസ്‌ത് 27ന് ചെന്നൈയിലെ ഭാരതീയ വിദ്യാ ഭവനിലായിരുന്നു നൃത്തം അരങ്ങേറിയത്. ചൈനയിലെ കൊച്ചുമിടുക്കിയുടെ പ്രകടനം കാണാൻ ഇവിടെയും നിരവധി ആളുകളാണ് ഉണ്ടായത്. ലീല സാംസനും ജിൻ ഷാന്റെ സംഗീതം ഇന്ത്യൻ ആർട്സും (ബീജിങ്) ആണ് ഇന്ത്യയിൽ ഇതുപോലൊരു അമൂല്യ നിമിഷത്തിന് വഴിയൊരുക്കിയത്.
ഇന്ത്യയുടെ തമിഴ് സംസ്കാരത്തിൽനിന്ന് ഉടലെടുത്തതാണ് ഭരതനാട്യം എന്ന നൃത്തരൂപം. ഭാവ-രാഗ-താളങ്ങളുടെ ആദ്യക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേർത്ത് ഭരതനാട്യം എന്ന പേര് ഈ നൃത്തത്തിന് ലഭിച്ചെന്നും ഭരതമുനി രചിച്ച നാട്യശാസ്ത്രത്തെ അടിസ്ഥാനമായി സ്വീകരിച്ചതുകൊണ്ടാകാം ഭരതനാട്യം എന്ന പേര് ലഭിച്ചതെന്നും തുടങ്ങി ഭരതനാട്യത്തിന്റെ പേരിനു പിന്നിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ തമിഴ്നാട്ടിലാണ് ഭരതനാട്യം ജന്മംകൊണ്ടത്. ഇന്ത്യയിലെ പ്രാചീന നൃത്തരൂപങ്ങളിൽ പ്രധാനപ്പെട്ടതായ ഭരതനാട്യമാണ് ലെയി മുസിയിലൂടെ ചൈനയിലും ലോകത്തിന്റെ ആകെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തലത്തിലേക്കും മാറിയത്.
ഇന്ത്യയിലെ കലകളും സംസ്കാരവും ലോകശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ളവയാണെന്നതിൽ സംശയമേതുമില്ല. ഇന്ത്യയിൽ രൂപംകൊണ്ടിട്ടുള്ള കലകളും സംസ്കാരവും ഒരു പ്രത്യേക വിഭാഗത്തിന്റേതായി നിലനിന്നിട്ടില്ല. മറിച്ച് കോടാനുകോടി വരുന്ന ഇന്ത്യൻ ജനതയുടെ ആകെ സമ്പത്തായിട്ടാണ് അവ നിലനിൽക്കാറുള്ളത്. ഇതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. കേരളത്തിൽ കഥകളി സംഗീതം ഹൈദരാലിയിലൂടെ പേരുകേട്ടതാണ്. യേശുദാസ് പാടിയ അയ്യപ്പഗാനമാണ് ശബരിമലയിൽ ഇന്നും പാടുന്നതും ഏറെ ആരാധകരുള്ളതുമായ ഗാനം. ഇത്തരത്തിൽ ഇപ്പോൾ ഇന്ത്യയുടെ ഭരതനാട്യത്തിനും ലോകം മുഴുവൻ ആസ്വാദക പ്രീതി നേടിത്തന്നിരിക്കുകയാണ് ഡുഡു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..