17 September Tuesday

നൂറിരട്ടി കരുത്തോടെ കുതിച്ചുയരും

പി കെ ശ്രീമതിUpdated: Sunday Jul 28, 2024


മനുവാദവും മതരാഷ്‌ട്രവാദവും നീരാളിപ്പിടിത്തത്തിലൂടെ രാഷ്‌ട്രത്തെയും ജനങ്ങളെയും ആഴക്കയങ്ങളിലേക്ക്‌ വലിച്ചുകൊണ്ടുപോകാൻ തീവ്രശ്രമം നടത്തിക്കൊണ്ടിരിക്കുന്ന കെട്ടകാലത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഈ രണ്ട്‌ വാദങ്ങളും ഏത്‌ ദൃഷ്ടികോണിലൂടെ പരിശോധിച്ചാലും ആത്യന്തികമായി സ്‌ത്രീവിരുദ്ധവും സ്‌ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുടെ കുന്തമുനയുമാണ്‌. അഫ്‌ഗാൻ കീഴടക്കിയ താലിബാൻ തീവ്രവാദികൾ അവിടെയുള്ള പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസംപോലും നിഷേധിക്കുമ്പോൾ മതതീവ്രവാദത്തിന്റെ നടുക്കുന്ന ചിത്രമാണ്‌ തെളിയുന്നത്‌. താലിബാൻ തീവ്രവാദികൾ മാത്രമല്ല, മതത്തെയും വിശ്വാസത്തെയും രാഷ്‌ട്രീയ ആയുധമാക്കുന്ന ഏതൊരു ചിന്താധാരയുടെയും മുഖമാണ്‌ സ്‌ത്രീവിരുദ്ധത. നമ്മുടെ രാജ്യത്ത്‌ ഭരണം കൈയാളുന്നവരുടെ പ്രത്യയശാസ്‌ത്രവും മതരാഷ്‌ട്ര വാദത്തിലൂന്നിയുള്ളതാണ്‌. അതിനവർ അടിസ്ഥാന ശിലയാക്കുന്നത്‌ മനുസ്‌മൃതിയുമാണല്ലോ.

സ്‌ത്രീയുടെ ജനനംമുതൽ മരണംവരെ സ്വാതന്ത്ര്യത്തിന്‌ അർഹതയില്ലെന്നു വാദിക്കുന്ന മനുസ്‌മൃതിക്ക്‌ ജീവൻവയ്‌ക്കുന്ന കാലത്ത്‌ ഓരോ സ്‌ത്രീമുന്നേറ്റവും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്‌. അത്തരം മുന്നേറ്റങ്ങളെ തടയാനും വിമർശിക്കാനും കൂമ്പിലേ നുള്ളിക്കളയാനും നടത്തുന്ന ശ്രമങ്ങളെ സർവശക്തിയും ഉപയോഗിച്ച്‌ ചെറുക്കേണ്ടിയിരിക്കുന്നു. ഓരോ മുന്നേറ്റത്തെയും രണ്ട്‌ കൈകയുംനീട്ടി സ്വീകരിക്കുകയും പിന്തുണയ്‌ക്കുകയും വേണം. അതിനെ കണ്ടില്ലെന്ന് നടിക്കുന്നതുപോലും സ്‌ത്രീവിരുദ്ധ നിലപാടിന്റെ ഭാഗമായേ കാണാൻ കഴിയൂ.

ജനകീയ പ്രശ്‌നങ്ങളിലും നാടിന്റെ വികസനപ്രവർത്തനത്തിലും അവിശ്രമം ഇടപെട്ട  ഊർജസ്വലരായ രണ്ട്‌ യുവതികളെക്കുറിച്ച്‌ ഓർത്തപ്പോഴാണ്‌ ഇത്രയും സൂചിപ്പിച്ചത്‌. ഒരാൾ തലസ്ഥാന നഗരസഭാ അധ്യക്ഷയായ ഏറ്റവും പ്രായംകുറഞ്ഞ യുവതി. സിവിൽ സർവീസിൽ ചുരുങ്ങിയ കാലംകൊണ്ട്‌ കഴിവും കാര്യക്ഷമതയും അടയാളപ്പെടുത്തിയ യുവ ഐഎഎസുകാരിയാണ്‌ രണ്ടാമത്തെയാൾ.  സ്‌ത്രീ ആയതുകൊണ്ടുമാത്രം ഇവർക്കുമേൽ തറച്ച ആക്ഷേപശരങ്ങൾക്ക്‌ കണക്കില്ല. ഓരോ ഘട്ടത്തിലും ചെളിവാരിയെറിയലുകൾ. എന്നാൽ, അതിനൊന്നും ചെവികൊടുക്കാതെ തങ്ങൾ ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ രാപകൽ വ്യത്യാസമില്ലാതെ കർമനിരതരായി നിൽക്കുന്നവർ. ഈ ദൗത്യ നിർവഹണത്തിനിടയിലും വിമർശങ്ങൾക്ക്‌ കൃത്യമായ മറുപടി. അതോടൊപ്പം ലക്ഷ്യത്തിലെത്താനുള്ള നേതൃപരമായ പ്രവർത്തനം.

തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്‌. നഗരസഭയുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്ക്‌ ധീരമായ നേതൃത്വം നൽകുന്നു. ഭരണപരമായ കാര്യങ്ങളിൽ ചടുലതയോടെ പ്രവർത്തിക്കുന്നു. അതിലൊന്നിൽപ്പോലും ആർക്കും ഒരു സംശയവും കാണില്ല. എന്നാൽ, അതിനെയെല്ലാം നിസ്സാരവൽക്കരിച്ച്‌ സംഘടിതമായി ചില കേന്ദ്രങ്ങൾ കഥകളുണ്ടാക്കുന്നു. ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന്‌ തെളിയിക്കുന്നതാണ്‌ കഴിഞ്ഞദിവസം തലസ്ഥാനത്ത്‌ ആര്യയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം.

തമ്പാനൂർ റെയിൽവേ അധികൃതർ ചുമതലപ്പെടുത്തിയ കരാറുകാരൻ നിയോഗിച്ച തൊഴിലാളിയാണ്‌ ഒഴുക്കിൽപ്പെട്ടത്‌. ആവശ്യമായ സുരക്ഷാസംവിധാനം ഒരുക്കാതെ തൊഴിലാളിയെ മരണത്തിലേക്ക്‌ തള്ളിവിട്ടതിന്റെ ഉത്തരവാദിത്വം പൂർണമായും റെയിൽവേയ്‌ക്കാണ്‌. റെയിൽവേ വർഷങ്ങളായി മാലിന്യ സംസ്‌കരണത്തിൽ കാണിച്ചുകൊണ്ടിരിക്കുന്ന വീഴ്‌ചയുടെ രക്തസാക്ഷി. എന്നാൽ, ഒരു അപകട സന്ദർഭത്തിൽ വിഴുപ്പലക്കലിനല്ല സ്ഥാനം. രക്ഷാപ്രവർത്തനമാണ്‌ അനിവാര്യമായത്‌. ആ രക്ഷാപ്രവർത്തനത്തിന്‌ രണ്ട്‌ രാപകലിലേറെ വിശ്രമമില്ലാതെ നേതൃത്വം നൽകിയത്‌ ഈ പെൺകുട്ടിയാണ്‌. ആരെയും കുറ്റപ്പെടുത്താതെ രക്ഷാപ്രവർത്തനത്തിൽ മുഴുകി. രക്ഷാപ്രവർത്തകരായ ഫയർഫോഴ്‌സ്‌, നാട്ടുകാർ തൊഴിലാളികൾ എന്നിവരോടൊപ്പം അവരിൽ ഒരാളായി നിന്നു. അവിടെ ഒരിക്കലും സ്‌ത്രീയെന്ന പരിമിതി അവൾക്ക്‌ ഉണ്ടായിരുന്നില്ല. മുലയൂട്ടുന്ന അമ്മയായിട്ടും പ്രഥമ പരിഗണന നൽകിയത്‌ രക്ഷാപ്രവർത്തനത്തിന്‌.

ജനങ്ങൾക്കൊപ്പംനിന്ന്‌ അവർക്കുവേണ്ടി, അവരോട്‌ തോൾ ചേർന്നുനിന്ന്‌ പ്രവർത്തിക്കുകയാണ്‌ ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന്‌ ആര്യ കാണിച്ചുകൊടുത്തു. മൂന്നേമുക്കാൽ വർഷമായി തലസ്ഥാന നഗരഭരണത്തിന്‌ ആര്യ നേതൃത്വം നൽകുന്നതും ഈ ഉൾക്കാഴ്‌ചയോടെയാണ്‌.

ഈ ആപത്ത്‌ ക്ഷണിച്ചുവരുത്തിയ റെയിൽവേയുടെ ഒരു പ്രതിനിധി വന്നതുപോലും 36 മണിക്കൂർ കഴിഞ്ഞ്‌. വന്നയുടനെ കോർപറേഷനെ ക്രൂശിക്കാനാണ്‌ ശ്രമിച്ചത്‌. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാക്കൾ മാത്രമല്ല, പ്രതിപക്ഷ നേതാവ്‌ ഉൾപ്പെടെ കോർപറേഷന്റെ തലയിൽ കയറാൻ ശ്രമിച്ചു. അതിനെല്ലാം തികഞ്ഞ പക്വതയോടെ, ഒരു ഭരണാധികാരി പുലർത്തേണ്ടുന്ന തികഞ്ഞ ജാഗ്രതയോടെ വിഷയങ്ങളെ ആധികാരികമായി അവതരിപ്പിച്ചപ്പോൾ വിമർശങ്ങളുടെ മുനയൊടിഞ്ഞു. കോർപറേഷൻ ചെയ്‌ത പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായി.  ഹൈക്കോടതിക്കുപോലും റെയിൽവേയുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടേണ്ടിവന്നു. ഇങ്ങനെയൊരു ദുരന്തം നടന്നിടത്ത്‌ വരാത്തതിനെക്കുറിച്ച്‌ സ്ഥലം എംപി പറഞ്ഞത്‌ ഓർക്കുമല്ലോ? കെപിസിസി യോഗവും മറ്റുമായതിനാൽ സ്ഥലത്ത്‌ എത്താൻ പറ്റിയില്ല. പകരം രണ്ടു തവണ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ്‌ ഇട്ടെന്ന്‌. അങ്ങനെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ഇടലല്ല,

ജനങ്ങൾക്കൊപ്പംനിന്ന്‌ അവർക്കുവേണ്ടി, അവരോട്‌ തോൾ ചേർന്നുനിന്ന്‌ പ്രവർത്തിക്കുകയാണ്‌ ഒരു ജനപ്രതിനിധിയുടെ ചുമതലയെന്ന്‌ ആര്യ കാണിച്ചുകൊടുത്തു. മൂന്നേമുക്കാൽ വർഷമായി തലസ്ഥാന നഗരഭരണത്തിന്‌ ആര്യ നേതൃത്വം നൽകുന്നതും ഈ ഉൾക്കാഴ്‌ചയോടെയാണ്‌. മികച്ച നഗരസഭയ്‌ക്കും മേയർക്കുമുള്ള കേന്ദ്ര സർക്കാർ അംഗീകാരംപോലും നേടിയെടുക്കാനായത്‌ ഈ നേതൃപാടവംകൊണ്ടാണ്‌.

പക്ഷേ, ദിവ്യ പതറിയില്ല, തളർന്നില്ല. വെറുതെയൊരു ഭാര്യയല്ല താനെന്ന അടിക്കുറിപ്പോടെ ഭർത്താവ്‌ ശബരീനാഥനോടൊപ്പം നിൽക്കുന്ന ചിത്രമിട്ട്‌ അവർ വിമർശകരുടെ വായ അടപ്പിച്ചു.

സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർക്കിടയിലും ലിംഗ വിവേചനത്തെക്കുറിച്ചുള്ള ചർച്ച സജീവമാണ്‌. അതിനിടയിലാണ്‌ യുവ ഐഎഎസുകാരിയുടെ പ്രോജ്വലമായ നേതൃപാടവം കാട്ടിത്തന്ന പ്രകടനം. വിഴിഞ്ഞം അന്തരാഷ്‌ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ അതിന്‌ ഭരണനേതൃത്വത്തോടൊപ്പം ചേർന്നുനിന്ന്‌ ചടുലമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ ദിവ്യ എസ്‌ അയ്യർ എന്ന യുവ ഐഎഎസുകാരിയാണ്‌. വാഗ്‌ദാനങ്ങൾ കടലാസിലൊതുങ്ങുന്ന കാലം കഴിഞ്ഞു. പറയുന്നത്‌ ചെയ്യുന്ന കാലമെന്ന്‌ ആ ഉദ്‌ഘാടന ചടങ്ങിൽ പ്രസംഗിച്ചതിന്‌ അവരെ കുരിശ്ശിൽ തറയ്‌ക്കാൻ നോക്കിയത്‌ അവരുടെ ഭർത്താവ്‌ നേതൃത്വം നൽകുന്ന പാർടിയുടെ ഉയർന്ന നേതാക്കൾ ഉൾപ്പെടെയാണ്‌. വ്യക്തിപരമായി ഏറെ ആക്ഷേപം അവർക്ക്‌ കേൾക്കേണ്ടിവന്നു. പക്ഷേ, ദിവ്യ പതറിയില്ല, തളർന്നില്ല. വെറുതെയൊരു ഭാര്യയല്ല താനെന്ന അടിക്കുറിപ്പോടെ ഭർത്താവ്‌ ശബരീനാഥനോടൊപ്പം നിൽക്കുന്ന ചിത്രമിട്ട്‌ അവർ വിമർശകരുടെ വായ അടപ്പിച്ചു. തന്റെ ചുമതല സിവിൽ സർവീസാണ്‌. അത്‌ നിർവഹിക്കുമ്പോഴുണ്ടാകുന്ന ഏതു വിമർശങ്ങളെയും തള്ളിക്കളയും. അത്തരം നീക്കങ്ങൾക്കുമുന്നിൽ തളരാതെ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനം. നേരത്തെ പത്തനംതിട്ട  കലക്ടറായിരിക്കെയും അവർ തന്റെ കഴിവ്‌ തെളിയിച്ചു.

പറഞ്ഞുവരുന്നത്‌ സ്‌ത്രീയെ ലിംഗഭേദത്തെ അടിസ്ഥാനപ്പെടുത്തി മൂലയ്‌ക്കിരുത്താൻ ശ്രമിച്ചാൽ നൂറിരട്ടി കരുത്തോടെ അവൾക്ക്‌ കുതിച്ചുയരാനാകുമെന്നു തന്നെയാണ്‌. അതിനുള്ള രണ്ട്‌ യുവ ഉദാഹരണങ്ങളാണ്‌ ആര്യയും ദിവ്യയും. പുതുതലമുറയ്‌ക്കുള്ള വഴികാട്ടികൾ കൂടിയാണ്‌ ഇവർ. എത്രതന്നെ അടിച്ചമർത്താൻ ശ്രമിച്ചാലും അതിനെയെല്ലാം അതിജീവിച്ചുമുന്നേറാനുള്ള കരുത്ത്‌ സ്‌ത്രീക്ക്‌ ഉണ്ടെന്നതിന്റെ സാക്ഷ്യപത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top