08 September Sunday

അൻപാലെ അഴകോടെ സ്വോദരത്വേന

അഖില ബാലകൃഷ്‌ണൻ/ akhilabala98@gmail.comUpdated: Sunday Jul 21, 2024

സൂര്യ ഗണേശം ഓഡിറ്റോറിയത്തിൽ ചെം പാർവതി അവതരിപ്പിച്ച ഭരതനാട്യ കച്ചേരി സ്വോദരത്വേന


നുഷ്യവിസർജ്യത്തിന്റെ ദുർഗന്ധം വമിക്കുന്ന തോട്ടിലിറങ്ങി ജോയിയെ രക്ഷിക്കാൻ ഒരു കൂട്ടം മനുഷ്യർ നടത്തിയ പരിശ്രമം, ‘സ്വോദരത്വേന’യെ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ വായിക്കാം. സ്വോദരത്വേന ഒരു മുദ്രാവാക്യമാണ്. ജാതിമത കോമരങ്ങളെ തച്ചുടച്ച് മനുഷ്യനെ ഒന്നിപ്പിക്കുന്ന മുദ്രാവാക്യം. ശ്രീനാരായണ ഗുരുവിനോളം സ്വോദരത്വേനയെ ആരും അടയാളപ്പെടുത്തിയിട്ടില്ല. നാളുകൾക്കുശേഷം വേദിയിലേക്കുള്ള മടങ്ങിവരവിന് സ്വോദരത്വേനയെന്ന പേരല്ലാതെ മറ്റൊന്നും ചെം പാർവതിയുടെ മുന്നിലുണ്ടായിരുന്നില്ല.

ഗുരുവിൽ തുടങ്ങി ഗുരുവിൽ അവസാനിക്കുന്നതാണ് സ്വോദരത്വേന. ഞായറാഴ്ച സൂര്യ ഗണേശം നാടകക്കളരിയിൽ നിറഞ്ഞ സദസ്സിൽ ചെം പാർവതിയുടെ സ്വോദരത്വേന ഭരതനാട്യ കച്ചേരി അരങ്ങേറി. അറിവിന്റെ അൻപിന്റെ അനുകമ്പയുടെ ശബ്ദമായിരുന്നു ചിലങ്കകൾക്ക്. സൗഹാർദത്തിന്റെ രാഷ്ട്രീയമായിരുന്നു ചുവടുകൾക്ക്.

അരുൾ അൻപ് അനുകമ്പ

അരുളൻപനുകമ്പ മൂന്നിനും പൊരുളൊന്നാന്നിതു ജീവതാരകം’,  ഗുരുവിന്റെ അനുകമ്പാദശകത്തിലെ ഈ ദർശനങ്ങളിലൂന്നിയാണ് സ്വോദരത്വേന ചിട്ടപ്പെടുത്തിയത്. ശ്രീനാരായണ ഗുരുവിന്റെ  ‘ദൈവദശകം’  ടി എം കൃഷ്ണയുടെ സംഗീതത്തിൽ ആരംഭിച്ച് അനുകമ്പാദശകത്തിൽ അവസാനിക്കുന്ന നൃത്താവിഷ്കാരത്തിൽ ഗുരുകൃതികളെ കൂടാതെ കാവ്യാത്മകമായ മറ്റു കൃതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജീവിതത്തിൽ വന്നുപോയതും നിലനിൽക്കുന്നതുമായ സൗഹൃദങ്ങൾക്കായി സമർപ്പിച്ച മുപ്പതു മിനിറ്റു നീണ്ട "സഖിത്വ'യാണ് ഇതിൽ പ്രധാനം. സൗഹാർദംതന്നെയാണ് മനുഷ്യനെ ചേർത്തുനിർത്തുന്ന മതമെന്ന് വിളിച്ചോതുന്നതായിരുന്നു സഖിത്വ. മാർഗം ഏതായാലും സഹാനുഭൂതിയാകണം കലയുടെ ഉള്ളടക്കമെന്ന് പറയുന്നുണ്ട് നൃത്തത്തിലൂടെ കലാകാരി.

വെളിച്ചമേ നയിക്കുക

ഗുരുവിനെ അറിയാനുള്ള യാത്രകളിലൊന്നിൽ അരുവിപ്പുറത്തുവച്ച്‌ ആത്മോപദേശശതകത്തിന്റെ നൂറാം ശ്ലോകം വായിക്കുമ്പോൾ വേദിയോ നൃത്തമോ ചെം പാർവതിയുടെ ചിന്തയിലുണ്ടായിരുന്നില്ല. ചെറുപ്പം തൊട്ടേ ഗുരുവിനെ വായിച്ചിരുന്നു. പിന്തുടരുന്ന രാഷ്ട്രീയത്തിന്റെയും ജീവിത വീക്ഷണത്തിന്റെയും ഭാഗമായി ഗുരുവിലേക്കൊരു യാത്ര നടത്തുന്നത്‌ 2023ലാണ്‌. യാത്രയിൽ ആത്മോപദേശശതകം വായിച്ചുതീർന്നു. അരുവിപ്പുറവും വർക്കലയും തുടങ്ങി ഗുരുവിനെ അറിയാൻ നടത്തിയ ശോകയാത്രകളിൽ ശ്രീനാരായണ ഗുരു പഠനകേന്ദ്രം ഡയറക്ടർകൂടിയായ എം എ സിദ്ധിഖുമായി നടത്തിയ കൂടിക്കാഴ്‌ച കൂടുതൽ വെളിച്ചമായി. പിന്നീടുള്ള ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഗുരുവിന്റെ ചിന്തകളും ഒപ്പമുണ്ടായിരുന്നു. കലയിലും സഹജീവികളോടുള്ള പെരുമാറ്റത്തിലും അത്‌ കാതലായ മാറ്റം കൊണ്ടുവന്നു.



ചാലത്തെരുവിലെ ഇന്റർനാഷണലെ

എന്റെ കലയാണ്‌ എന്റെ രാഷ്ട്രീയം എന്നു പറഞ്ഞ നർത്തകി രാജശ്രീ വാര്യരുടെ മുന്നിലാണ്‌ പാർവതി സ്വോദരത്വേന അവതരിപ്പിച്ചത്‌. കലയും രാഷ്ട്രീയവും പാർവതിക്ക്‌ ഒരിക്കലും വിഭിന്നമായിരുന്നില്ല. മാർക്സിസം വായിച്ചും പ്രാവർത്തികമാക്കിയുമാണ്‌ വളർന്നത്‌. സിപിഐ എം മെമ്പറാണ്‌. കല സഹാനുഭൂതിയുള്ളതാകണമെന്ന ചിന്ത വരുന്നത്‌ രാഷ്ട്രീയ വീക്ഷണത്തിൽനിന്നാണ്‌.

 ‘അഖിലരും ആത്മസുഖത്തിനായ്‌ പ്രയത്നം
സകലവുമിങ്ങു സദാപിചെയ്‌തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തിച്ച
ഘമണയാതകതാരമർത്തിടേണം’

ചാലത്തെരുവിൽ ഇന്റർനാഷണലെയുടെ നൃത്താവിഷ്കാരം ഒരുക്കുമ്പോൾ ഗുരുവിന്റെ വരികളായിരുന്നു മനസ്സിൽ. 2024ലെ റെഡ്‌ ബുക്‌സ്‌ ഡേയുമായി അനുബന്ധിച്ചാണ്‌ സാർവദേശീയ ഗാനത്തിന്‌ ഇന്റർനാഷണലെയ്ക്ക്‌ നൃത്തം ആവിഷ്കരിക്കുന്നത്‌. ലോകത്തെല്ലായിടത്തെയും തൊഴിലാളിവർഗത്തിന്‌, വിമോചനപോരാട്ടങ്ങൾക്ക്‌ അഭിവാദ്യവുമായാണ്‌ പാർവതി ചാലയിലെ തൊഴിലാളികളെ ചേർത്തുനിർത്തി ഇന്റർനാഷണലെ സമർപ്പിച്ചത്‌.

വാളല്ലെൻ സമരായുധം

വർഗീയതകൊണ്ട്‌ ആളുകളെ വിഭജിക്കുന്ന കെട്ടകാലത്തെ അൻപിലൂടെ തിരുത്താനുള്ള ശ്രമമാണ്‌ ചെം പാർവതി നടത്തുന്നത്‌. ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് ഗുരുവിനെ വായിക്കേണ്ടതെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഗുരുവിനെ ചില്ലുകൂട്ടിലാക്കി ജാതി–-മത ആവരണം തീർക്കുന്ന ജീർണതയ്ക്കെതിരെകൂടിയാണ് ഈ ചുവടുവയ്പ്. കാവ്യാത്മകമായ ഈ സമരപോരാട്ടം തുടരുകതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top