22 December Sunday

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ

സുഭാഷിണി അലിUpdated: Wednesday Oct 30, 2024

സുഭാഷിണി അലി

സുഭാഷിണി അലി

സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാനുമാണ്’ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ കേരള ഗവൺമെന്റ് നിയോഗിച്ചത്. 2024 ആഗസ്ത് 19ന് റിപ്പോർട്ട് പുറത്തുവിട്ടു.

ഇത് മലയാള സിനിമയുമായി ബന്ധപ്പെട്ട നിരവധി സ്ത്രീകൾ പ്രത്യേകിച്ച് നടിമാർ, സിനിമാലോകവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രധാന ഭാരവാഹികളായ പേരുകേട്ട നടന്മാർ, സംവിധായകർ തുടങ്ങിയവർക്കെതിരെ ലൈംഗികാതിക്രമം, ചൂഷണം, മോശമായ പെരുമാറ്റം എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് മുന്നോട്ടുവരുന്നതിനിടയാക്കി.

സിനിമ എന്ന വ്യവസായത്തിന്റെ ആരംഭകാലം മുതൽതന്നെ സ്ത്രീകൾ തങ്ങൾക്കുനേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാനാകാത്ത വിധം നിശബ്ദരാക്കപ്പെടുകയോ സ്വയം നിശബ്ദരായിരിക്കുകയോ ആണ് ചെയ്തിരുന്നത്. എന്തുകൊണ്ടെന്നാൽ അവർ സംസാരിച്ചാൽ അതിനവർ നൽകേണ്ടി വരുന്ന വില അചിന്തനീയവും സഹിക്കാൻ ബുദ്ധിമുട്ടേറിയതുമായിരിക്കും.

മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിന് (WCC) രൂപം നൽകിയ ധീരരായ കുറച്ചു സ്ത്രീകൾ ചേർന്ന് മുഖ്യമന്ത്രിയെക്കണ്ട് തങ്ങളുടെ പരാതികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടതിനെത്തുടർന്നാണ് കേരള ഗവൺമെന്റ് 2017 ൽ ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നൽകിയത്.

ഒരു പ്രമുഖ നടി ഓടുന്ന വാഹനത്തിൽവച്ച് കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ആ ഹീനകൃത്യം നടത്തുന്നതിന് പണവും പ്രോത്സാഹനവും നൽകിയത് പ്രമുഖ നടൻ ദിലീപ് ആണെന്ന് ആരോപണമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസി രൂപീകരിക്കപ്പെടുന്നത്. സംസ്ഥാനമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിച്ച ആ സംഭവത്തോടുള്ള പ്രതികരണമെന്ന നിലയിലും കൂടിയായിരുന്നു ഡബ്ല്യുസിസിയുടെ രൂപീകരണം.

(ദിലീപ് അറസ്റ്റുചെയ്യപ്പെട്ട് ജയിലിലായി മൂന്നു മാസത്തിനുശേഷം ജാമ്യം നേടി പുറത്തുവന്നു. മറ്റൊരു പ്രതി പൾസർ സുനി വിചാരണത്തടവുകാരനായിരുന്നു. ഇപ്പോൾ അയാളും ജാമ്യം നേടി പുറത്തിറങ്ങി).

ഡബ്ല്യുസിസി മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ, ജസ്റ്റിസ് കെ ഹേമ, സിനിമാനടി സി ശാരദ, റിട്ടയേർഡ് ഐഎഎസ് ഓഫീസർ കെ ബി വത്സലകുമാരി എന്നിവർ അംഗങ്ങളായി 2017 നവംബറിൽ കേരള ഗവൺമെന്റ‍് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് രൂപം നൽകി. കമ്മിറ്റി രൂപീകരിച്ചതിനെ ഡബ്ല്യുസിസിയും മറ്റ് സംഘടനകളും വ്യക്തികളുമുൾപ്പെടെ പരക്കെ സ്വാഗതം ചെയ്തു.

കമ്മിറ്റി തന്നെ അതിന്റെ മൂന്നാം ഖണ്ഡികയിൽ ഇങ്ങനെ സൂചിപ്പിക്കുന്നു: ‘‘രാജ്യത്ത് ഇതാദ്യമായാണ് ഒരു ഗവൺമെന്റ് ഇത്തരത്തിലൊരു അസാധാരണ ദൗത്യം ഏറ്റെടുക്കുന്നത്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.’’ ഇതിൽ ഡബ്ല്യുസിസി വഹിച്ച പങ്കിനെ കമ്മിറ്റി അഭിനന്ദിക്കുകയും അത് രൂപീകരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇങ്ങനെ പരാമർശിക്കുകയും ചെയ്തു:

‘‘2017 മെയിൽ മലയാള സിനിമയിലെ ഒരു സംഘം നടിമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് സിനിമാമേഖലയിൽ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിച്ചു. ഡബ്ല്യുസിസി അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഡബ്ല്യുസിസി പറയുന്നതനുസരിച്ച്, നടിയെ ആക്രമിച്ച സംഭവം സിനിമാചരിത്രത്തിൽ ഇതാദ്യമല്ല; എന്നാൽ റിപ്പോർട്ടു ചെയ്യപ്പെട്ട ഒരേയൊരു സംഭവം ഇതാണ്. ഡബ്ല്യുസിസി പറയുന്നതുപോലെ, സിനിമാ ഇൻഡസ്ട്രിയിലെ സ്ത്രീകൾ നിശബ്ദരാക്കപ്പെടുകയായിരുന്നു.’’

റിപ്പോർട്ട് പൂർത്തിയാക്കി അതു സമർപ്പിക്കാൻ രണ്ടു വർഷമെടുത്തു. ഇങ്ങനെ കാലതാമസമെടുക്കുന്നതിനെ ഡബ്ല്യുസിസിയും മറ്റുള്ളവരും വിമർശിക്കുകയുണ്ടായി. റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ അതേപ്പറ്റി ഡബ്ല്യുസിസി ഇങ്ങനെ പ്രസ്താവനയിറക്കി: ‘‘കമ്മീഷൻ രൂപീകരിക്കാൻ നിർദേശിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനം – സംസ്ഥാനത്ത് ഇത്തരത്തിലൊന്ന് ആദ്യത്തേത്– സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ആഴത്തിലുള്ള ഉൾക്കാഴ്ചയും അങ്ങേയറ്റം ഗൗരവവും പ്രകടിപ്പിക്കുന്നതാണ്. സിനിമാ ഇൻഡസ്ട്രിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ തിരിച്ചറിയാനും അവയ്ക്ക് സാധ്യമായ പരിഹാരം നിർദേശിക്കാനും ഇത്തരമൊരു പഠന റിപ്പോർട്ട് സഹായകമാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഒട്ടും കാലതാമസം കൂടാതെയാണ് ഹേമ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്. എന്നാൽ രൂപീകരിച്ച് ആറു വർഷം കഴിഞ്ഞിട്ടും കമ്മിറ്റിക്ക് ഏതെങ്കിലും തരത്തിലുള്ള റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല എന്ന വസ്തുത ഞങ്ങളെ അസ്വസ്ഥതപ്പെടുത്തുകയും കടുത്ത വിഷമത്തിലാക്കുകയും ചെയ്തു.’’

ഈ കാലതാമസത്തിന്റെ കാരണങ്ങളെപ്പറ്റി കമ്മിറ്റി വിശദമായിത്തന്നെ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. അതിൽ പറയുന്നു, ബന്ധപ്പെട്ട ആളുകളിൽ നിന്ന് മൊഴി ശേഖരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഇൻഡസ്ട്രിയുടെ സ്വഭാവവും അതിലെ അംഗങ്ങളുടെ കൃത്യാന്തര ബാഹുല്യവും ഇതിനെല്ലാമുപരി മൊഴി നൽകാൻ മുന്നോട്ടുവരാനുള്ള അധൈര്യവും മൂലം മൊഴിയെടുക്കുന്നതിന് കൂടുതൽ സമയം വേണ്ടി വന്നു.

കമ്മിറ്റി അതിന്റെ ഉത്തരവാദിത്വങ്ങളെ സംബന്ധിച്ചും ചില സുപ്രധാന കാര്യങ്ങൾ മുന്നോട്ടുവയ്ക്കുന്നു. ഖണ്ഡിക 48ൽ പറയുന്നു: ‘‘സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുക എന്നതാണ് ഞങ്ങളുടെ ചുമതല. അതല്ലാതെ അതിൽ പരാമർശിച്ചിട്ടുള്ള ആരുടെയെങ്കിലും പേരു വെളിപ്പെടുത്തുകയോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തുകയോ കുറ്റക്കാരെ തുറന്നുകാട്ടുകയോ അല്ല.’’

‘‘ഞങ്ങൾക്കുമുമ്പാകെ മൊഴി നൽകുന്നവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഞങ്ങൾ അങ്ങേയറ്റം പരിഗണന നൽകുന്നു’’ എന്ന് റിപ്പോർട്ടിൽ നിരവധി സ്ഥലത്ത് സൂചിപ്പിക്കുന്നുണ്ട്.

സ്വയം വെളിപ്പെടുത്താനാഗ്രഹിക്കാത്ത, എന്നാൽ മൊഴി നൽകാൻ ധൈര്യപൂർവം മുന്നോട്ടുവന്നവരുടെ, അവരെ അതിനു പ്രേരിപ്പിച്ചതിന്റെ പശ്ചാത്തലത്തെക്കുറിച്ചുമാത്രമല്ല, ഈ സവിശേഷമായ ഇൻഡസ്ട്രിയിലെ കരുത്തരായവർക്കെതിരെ സംസാരിക്കാൻ സ്ത്രീകൾ ഭയക്കുന്നു എന്ന ദൗർബല്യവും നിലനിൽക്കുന്നുണ്ട് എന്ന കാര്യത്തെക്കുറിച്ചും കമ്മിറ്റി അംഗങ്ങൾക്ക് തികഞ്ഞ ബോധ്യമുണ്ട്.

കമ്മിറ്റി അംഗങ്ങളോട് സംസാരിച്ച ബഹുഭൂരിപക്ഷം സ്ത്രീകളും പലപ്പോഴും ഭയത്തോടെ സംസാരിക്കുന്നതായാണ് കാണാൻ കഴിഞ്ഞത്. ഇൻഡസ്ട്രിയെയാകെ ഗ്രസിച്ചിരിക്കുന്ന ഭയത്തിന്റേതായ അന്തരീക്ഷത്തെപ്പറ്റി അവർ ആവർത്തിച്ചുപറയുകയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.

2019 ഡിസംബർ 31ന് കമ്മിറ്റി റിപ്പോർട്ട് ഗവൺമെന്റിന് കൈമാറി. എന്നിരുന്നാലും 2024 ആഗസ്ത് 19 വരെ അത് പൊതുമധ്യത്തിൽ കൊണ്ടുവന്നില്ല. ഇതിനു നിരവധി കാരണങ്ങളുണ്ട്. റിപ്പോർട്ടിലെ കാര്യങ്ങൾ പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ അഭ്യർഥിച്ചിരുന്നു.

പേരുകൾ പുറത്തുവിട്ടാൽ തങ്ങൾക്ക് ഭീഷണി നേരിടേണ്ടതായി വരുമെന്ന് കമ്മിറ്റിക്കു മുമ്പാകെ മൊഴി നൽകിയവർ ആവർത്തിച്ചുപറയുകയുണ്ടായി എന്നും അതിനാൽ അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാവശ്യമായത് ഗവൺമെന്റ് ചെയ്യണമെന്നും അവർ അഭ്യർഥിച്ചു.

ഇതിനുപിന്നാലെ, റിപ്പോർട്ട് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി അപേക്ഷകൾ വിവരാവകാശ കമ്മീഷന് ലഭിച്ചിരുന്നു. അതേ സമയം റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് നിരവധി പേർ ഹൈക്കോടതിയെ സമീപിച്ചു. ഒടുവിൽ വിവരാവകാശ കമ്മീഷൻ, റിപ്പോർട്ട് പരസ്യമാക്കാൻ ഗവൺമെന്റിന് നിർദേശം നൽകി. (ചില ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട്).

കമ്മിറ്റി റിപ്പോർട്ടുചെയ്ത ശ്രദ്ധേയമായ ഞെട്ടിക്കുന്ന ചില യാഥാർഥ്യങ്ങളുണ്ട്. ലൈംഗികാതിക്രമവും ചൂഷണവും സിനിമാമേഖലയിൽ വ്യാപകമായുണ്ട്. ഭൂരിഭാഗം സ്ത്രീകളെ സംബന്ധിച്ചും ‘കാസ്റ്റിങ് കൗച്ച്’ ഒരു ഭീകര യാഥാർഥ്യമാണ്. പല തരത്തിലുള്ള ക്രൂരതകളാണ് നടിമാർക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.

ജൂനിയർ ആർട്ടിസ്റ്റുകൾ, ഡാൻസർമാർ, ഹെയർ ഡ്രെസർമാർ, യൂണിറ്റിലെ മറ്റംഗങ്ങൾ എല്ലാം ഭീകരമായ ചൂഷണവും അപമാനവും മനുഷ്യത്വരഹിതമായ തൊഴിൽ സാഹചര്യങ്ങളും നേരിടുന്നുണ്ട്. ഇവർ അനുഭവിക്കുന്ന ദുരിതങ്ങളിലേക്കും റിപ്പോർട്ടു വെളിച്ചം വീശുന്നു. റിപ്പോർട്ട് വ്യക്തമാക്കുന്ന അതിശയകരമായ ഒരു വസ്തുത, മലയാള സിനിമാ വ്യവസായത്തിൽ കരാറുകൾ വയ്ക്കുന്ന പതിവ് ഇല്ല എന്നതാണ്.

ഈയടുത്ത കാലത്തു മാത്രമാണ് നിർമാതാക്കളും സിനിമാതാരങ്ങളും തമ്മിൽ കരാർ വയ്ക്കുന്നത് നടപ്പിലായിത്തുടങ്ങിയത്. ഈ വ്യവസായത്തിൽ പ്രവർത്തിക്കുന്ന മറ്റു വിഭാഗങ്ങളിൽപെട്ടവർ കോൺട്രാക്ട് നിഷേധിക്കപ്പെട്ടവരും മിക്കവാറും ഏജന്റുമാർ വഴി ജോലി ചെയ്യുന്നവരുമാണ്.

തൽഫലമായി പേമെന്റുകൾ വൈകിപ്പിക്കുക, പേമെന്റു തന്നെ നൽകാതിരിക്കുക എന്നിവയെല്ലാം ഇന്നത്തെ വ്യവസ്ഥയായി മാറിയിരിക്കുകയാണ്. സിനിമാ ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് സ്ത്രീകൾക്കായി പ്രത്യേകം ടോയ്‌ലെറ്റുകളോ വസ്ത്രം മാറാനുള്ള മുറിയോ പലപ്പോഴും ഉണ്ടാകാറില്ല എന്ന കാര്യം ഞെട്ടിക്കുന്നതാണ്. ഈ വിഷയങ്ങളിലെല്ലാം കർശന നടപടി കൈക്കൊള്ളണമെന്ന് കമ്മിറ്റി ശുപാർശ ചെയ്യുന്നു.

കമ്മിറ്റി അതിന്റെ റിപ്പോർട്ട് ഗവൺമെന്റിനു കൈമാറുന്നതിനുമുമ്പുതന്നെ, 2018 ഒക്ടോബറിൽ ഡബ്ല്യുസിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു. മലയാള സിനിമ കലാകാരരുടെ സംഘടനയിൽ (AMMA)  തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയുന്ന പിഒഎസ്എച്ച് (POSH–Prevention of Sexual Harassment) നിയമം അനുശാസിക്കുന്ന ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ICC) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി ഹൈക്കോടതിയിൽ ഒരുറിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.

ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കുന്നതിലുള്ള AMMA യുടെ പരാജയവും, തൊഴിലിടത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ ആവശ്യമായ പരിഹാര നടപടികൾ ഇല്ലാത്തതും സംഘടനയിലെ തന്നെ അംഗങ്ങളായ സ്ത്രീകളെ നിസ്സഹായരാക്കിയതായി പരാതിയിൽ പറയുന്നു.

രാജ്യമൊട്ടാകെ, സിനിമാമേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വ്യാപകമായി പുറത്തുവന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, അതേ സമയത്തുതന്നെ AMMA യുടെ ഭാഗത്തുനിന്നുണ്ടായ ഈ ഒഴിവാക്കൽ നിലപാട്, ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി വേണ്ട എന്ന നിലപാട്, ഞെട്ടിക്കുന്നുതാണ് എന്ന് അവർ ആവർത്തിച്ചുവ്യക്തമാക്കി.

ഇക്കാര്യത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ ഡബ്ല്യുസിസിയ്ക്കനുകൂലമായി നിലപാടെടുത്തുകൊണ്ട് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. എന്നാൽ ഈ ആവശ്യത്തോട് AMMAയുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടായി എന്നു മാത്രമല്ല ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റിയുടെ ആവശ്യമേ ഇല്ല എന്നാവർത്തിക്കുകയും ചെയ്തു.

ഒടുവിൽ 2022 മാർച്ചിൽ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച്, സിനിമാ നിർമാണ കമ്പനികളോട് ഐസിസികൾ രൂപീകരിക്കണമെന്നും സിനിമാ വ്യവസായത്തിലെ ഓരോ ഫിലിം യൂണിറ്റിലും ഐസിസികൾ രൂപീകരിക്കണമെന്നും നിർദേശിച്ചു. മലയാള സിനിമാ വ്യവസായത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിയമം നടപ്പിലാക്കണമെന്നും ഗവൺമെന്റിനോട് അഭ്യർഥിച്ചതായി കേരള വനിതാ കമ്മീഷൻ കോടതിയെ അറിയിച്ചു.

ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കുമെന്ന് AMMA കോടതിക്ക് ഉറപ്പുനൽകി. സിനിമാ നിർമാണ യൂണിറ്റുകളിലെ ഐസിസികളുടെ പ്രവർത്തനം വനിതാ കമ്മീഷൻ നിരീക്ഷിക്കണം. ഇത്തരത്തിൽ മറ്റൊരു സംസ്ഥാനത്തും ഐസിസികൾ രൂപീകരിക്കപ്പെട്ടിട്ടില്ല.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം, ലൈംഗികാതിക്രമം, ചൂഷണം, മോശം പെരുമാറ്റം എന്നിവയ്ക്കെതിരെ അതിനെ അതിജീവിച്ച സ്ത്രീകൾ– അതിജീവതകൾ–കൂടുതലായി മുന്നോട്ടുവരികയും അതിനുത്തരവാദികളായവരുടെ പേരുകൾ വെളിപ്പെടുത്തുകയും ചെയ്തു.

അതിജീവതകൾ പേരു വെളിപ്പെടുത്തിയതോടെ AMMA യുടെ ജനറൽ സെക്രട്ടറിയും കേരള ചലച്ചിത്ര അക്കദമിയുടെ ചെയർമാനും തൽസ്ഥാനം രാജിവച്ചു; അതോടൊപ്പം പേരുവെളിപ്പെടുത്തപ്പെട്ട പലരും. മലയാള സിനിമാവ്യവസായത്തിലെ മറ്റു ചിലരുടെ പേരുകളും വിശദമായ പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

മലയാളത്തിലെ കുത്തക മാധ്യമങ്ങളും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും എൽഡിഎഫ് ഗവൺമെന്റ് സിനിമാവ്യവസായത്തിലെ ശക്തരായ ലോബികളെ സംരക്ഷിക്കുന്നതിനായി റിപ്പോർട്ട് മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് കൊണ്ടുപിടിച്ച പ്രചരണങ്ങളാരംഭിച്ചു.

ലൈംഗികാതിക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാക്കപ്പെട്ട അതിജീവതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ എൽഡിഎഫ് ഗവൺമെന്റ് പരാജയപ്പെട്ടെന്ന തരത്തിൽ വൈകാരികമായ റിപ്പോർട്ടുകൾ പടച്ചുവിടുന്നതിൽ അവർ മുഴുകി. ഇരയാക്കപ്പെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിന് എൽഡിഎഫ് ശ്രമിക്കുന്നു എന്നു കണ്ടതോടെ പ്രതിപക്ഷവും മാധ്യമങ്ങളും നടത്തിയ വിഷലിപ്തമായ പ്രചാരണങ്ങൾ തുറന്നുകാട്ടപ്പെട്ടു.

റിപ്പോർട്ട് ഉയർത്തിയ പ്രശ്നങ്ങളെക്കുറിച്ചും നൽകപ്പെട്ട പരാതികളെ സംബന്ധിച്ചും അനേ്വഷിക്കുന്നതിനായി നിരവധി സീനിയർ വനിതാ പൊലീസ് ഓഫീസർമാർ അംഗങ്ങളായുള്ള ഒരു പ്രത്യേകാനേ്വഷണ സംഘത്തെ (SIT) മുഖ്യമന്ത്രി നിയമിച്ചു.

കുറ്റവാളികൾ, അവരെത്ര തന്നെ ശക്തരായിരുന്നാലും, ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി അർഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കി. കുറ്റാരോപിതനായ ചലച്ചിത്ര അക്കാദമി ചെയർമാൻ ഇതിനകം ആ സ്ഥാനം രാജിവെക്കാൻ നിർബന്ധിതനായി; അയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുകഴിഞ്ഞു.

AMMAയുടെ പതിനേഴംഗ എക്സിക്യൂട്ടീവ് രാജിവച്ചതോടെ, സിനിമാമേഖലയിൽ ആഴത്തിൽ വേരോടിയിട്ടുള്ള നിക്ഷിപ്ത താൽപ്പര്യങ്ങളെ തുടച്ചുനീക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു.

സ്ത്രീകൾക്കുനേരെ ഹീനമായ കുറ്റകൃത്യങ്ങൾ നടത്തിയവരെ വിചാരണ ചെയ്യുന്നതിനാണ് മുൻഗണനയെങ്കിലും ഇപ്പോൾ നിലവിൽ വന്നിട്ടുള്ള പരിഹാര സംവിധാനം കൃത്യമായും ഫലപ്രദമായും പ്രവർത്തിക്കുന്നുണ്ടോ എന്നതും പ്രധാനമാണ്.

കൂടാതെ പരിഷ്കൃത രീതിയിലുള്ള തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാകണം. സിനിമാമേഖലയിലേക്ക് ജോലിയ്ക്കായെടുക്കുന്ന എല്ലാവർക്കും ശരിയായവിധത്തിലുള്ള തൊഴിൽ കരാറുകൾ വേണം. നിയമപരമായ പ്രതിഫലം ഉടനടി നൽകണം. സർക്കാർ രൂപീകരിച്ച നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്നതും ഉറപ്പാക്കണം.


 ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top