05 December Thursday

അവളുണ്ടായിരുന്നെങ്കിൽ...

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Sep 22, 2024

ഫോട്ടോ: മനു വിശ്വനാഥ്‌

മറ്റൊരു പൊന്നോണം കൂടി കടന്നു പോയി. പൊന്നുമകളില്ലാതെ. മക്കൾ നഷ്‌ടപ്പെട്ട അച്‌ഛനമ്മമാർക്ക്‌ മുന്നിൽ പിന്നീടൊരിക്കലും പിറക്കാത്ത ഓണവും പിറന്നാളും . പിന്നീടൊരിക്കലും പുലരാത്ത  രാവും ഒടുങ്ങാത്ത പകലും. അവളുണ്ടായിരുന്നെങ്കിൽ ഓണത്തിന്‌ ഇവിടമാകെ ഓടി നടക്കുമായിരുന്നു. അതിരാവിലെ പൂക്കളമിടാനും അടുക്കളയിൽ സദ്യയൊരുക്കുന്ന തിരക്കിൽ എല്ലാവർക്കുമൊപ്പം ചേർന്ന്‌ കലപില കൂടാനും. അവളില്ലായ്‌മയുടെ ശൂന്യതയാണെങ്ങും. ആ സത്യത്തോട്‌ പൊരുത്തപ്പെടാൻ ഇതുവരെയും, അല്ല, ഇനിയൊരിക്കലും സാധ്യമാവില്ലെന്നുമറിയാം. ഇനിയില്ലയീ ജീവിതം കാത്തുവെക്കാൻ മുന്നിലൊന്നും.

ജനനം 1997 ഒക്‌ടോബർ ആറ്‌. മരണം 2023 മെയ്‌ 10. മരിക്കുമ്പോൾ 26 വയസ്‌ മാത്രം. കോട്ടയം മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസിന്റേയും വസന്തകുമാരിയുടേയും മകൾ ഡോ. വന്ദനാദാസിനെയാണ്‌ കൊല്ലം പൂയപ്പള്ളി സ്വദേശിയായ സന്ദീപ്‌ കുത്തിക്കൊലപ്പെടുത്തിയത്‌. കൊട്ടാരക്കര താലൂക്ക്‌ ആശുപത്രി അത്യാഹിത വിഭാഗത്തിൽ  2023 മെയ്‌ 10ന്‌ പുലർച്ചെ നാലിനാണ്‌ സംഭവം. ചികിത്സക്കെത്തിയ പ്രതി സന്ദീപ്‌ കത്രിക കൊണ്ട്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശരീരത്തിൽ 26 മുറിവുകളുണ്ടായതായി പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്‌.  മകൾ എംബിബിഎസ്‌ കഴിഞ്ഞപ്പോൾ വീട്ടിലെ ഗേറ്റിൽ "കെ ജി മോഹൻദാസ്‌, നമ്പിച്ചിറകാലായിൽ' എന്ന പഴയ ബോർഡിനൊപ്പം "വന്ദന ദാസ്‌ എംബിബിഎസ്‌' എന്ന ബോർഡും അച്ഛൻ വച്ചു. മകളുടെ വിവാഹമെന്ന സ്വപ്നമായിരുന്നു ഒരച്‌ഛന്റെയും അമ്മയുടേയും അക്കാലങ്ങളെ കൂടുതൽ മനോഹരമാക്കാനിരുന്നതും.



പടി കടന്നുകയറിയെത്തുന്ന ആ വലിയ വീട്ടിൽ തണുത്തുറഞ്ഞ നിശബ്‌ദത. ഒരച്‌ഛനും അമ്മയും ഹൃദയം നുറുങ്ങും വേദനയോടെ ദിവസങ്ങൾ തള്ളിനീക്കുകയാണ്‌. ചലനമറ്റ ഘടികാര സൂചി കണക്കേ. വർത്തമാനത്തിനിടേ വാക്കുകൾ മുറിയുന്നു, പുറത്തെ കൂട്ടിൽ ബ്രൂണോ എന്ന വന്ദനയുടെ പ്രിയപ്പെട്ട നായക്കുട്ടിയും അതറിയുന്ന പോലെ. അന്നത്തെ ആ സംഭവശേഷം, വെള്ളപുതച്ച മകളുടെ ചലനമറ്റ ആ ശരീരം വീട്ടിലെത്തിച്ചതിൽ പിന്നെ, ഒരിക്കലും അവൻ കുരച്ചുകേട്ടിട്ടില്ല. കൂടിന്‌ മുന്നിൽ ആരെത്തിയാലും തെല്ലൊന്ന്‌ തല ഉയർത്തിനോക്കും. പിന്നെ വീണ്ടും മുഖമാഴ്‌ത്തി കിടക്കും.

പടി കയറുമ്പോൾ വലത്തേയറ്റത്തെ മുറിയിൽ ഇപ്പോഴുമവളുണ്ട്‌. സ്‌റ്റെതസ്‌ക്കോപ്പ്‌, പേന, വാച്ച്‌, കോട്ട്‌, പുസ്‌തകങ്ങൾ, കുപ്പായങ്ങൾ എല്ലാം ഒതുക്കിവെച്ചിട്ടുണ്ട്‌. ഒന്നും മറന്നിട്ടില്ല. പക്ഷേ നിലച്ചുപോയൊരു ശ്വാസം മാത്രം. എല്ലാ കുട്ടികളെപ്പോലെയുമല്ല അവൾ. എന്തൊക്കെയോ പ്രത്യേകത ഉള്ളപോലെ. തിരിച്ചറിയാൻ വൈകിയെന്നതാണ്‌ സത്യം. ഓർമകളിൽ പൊള്ളിയടർന്ന്‌ ആ അമ്മ മെല്ലെ പറഞ്ഞു തുടങ്ങി.
ഒന്നിനും ഒരു വാശിയുമില്ല. വിശേഷദിവസങ്ങൾ ആഘോഷിക്കണമെന്ന്‌ എപ്പോഴും പറയും. പെരുന്നാളിന്‌ മറ്റുകുട്ടികൾക്കൊപ്പം അവൾ നോമ്പെടുക്കും. ക്രിസ്‌മസിന്‌ കേക്കുവാങ്ങി പ്രിയപ്പെട്ടവർക്ക്‌ സമ്മാനിക്കും. ഓണത്തിന്‌ പൂക്കളമിടാൻ വലിയ ഇഷ്‌ടമായിരുന്നു. പൂക്കളം എങ്ങനെയിട്ടാലും നൂറാവർത്തി ചോദിക്കും കൊള്ളാമോയെന്ന്‌. ഞങ്ങൾ പറയും എന്തുഭംഗിയാണിത്‌ കാണാനെന്ന്‌. അതുകേൾക്കേ അവൾ പിന്നെയും പിന്നെയും ചിരിക്കും. ആ ചിരിയാണല്ലോ ഞങ്ങളുടെയേക ലോകം.

സ്വന്തമായി പുത്തൻ ഉടുപ്പ്‌ വേണമെന്ന്‌ പോലും നിർബന്ധം പിടിക്കില്ല. മറ്റുള്ളവർക്ക്‌ മധുരപലഹാരങ്ങൾ സമ്മാനിക്കാനും പുത്തനുടുപ്പുകൾ വാങ്ങിനൽകാനും വലിയ ഇഷ്‌ടമായിരുന്നു. എല്ലാവരുടേയും ജന്മദിനം ഓർമ്മ വെച്ച്‌ സമ്മാനം നൽകുമായിരുന്നു. ഞങ്ങൾക്കും തരും ഇടക്കിടെ ഓരോ സർപ്രൈസുകൾ. പിറന്നാളിന്‌... വിവാഹ വാർഷികത്തിന്‌. പൊടുന്നനേ കേക്കും മിഠായിയും മറ്റും എത്തിക്കും. ഞങ്ങളെ കാണണമെന്ന്‌ തോന്നിയാൽ എന്തെങ്കിലും കാരണം ഉണ്ടാക്കി ഓടി വരും. ഞങ്ങൾക്കും അതറിയാം അവൾക്ക്‌ ഞങ്ങളെ കാണാൻ തിടുക്കമായെന്ന്‌. അത്‌ പറഞ്ഞ്‌  എത്ര വട്ടം അവളെ കളിയാക്കിയിട്ടുണ്ടെന്നോ... അന്നേരമവൾ അഞ്ചുവയസുകാരിയെന്ന കണക്കേ പിന്നെയും ചിരിക്കും.

എല്ലാ കാര്യങ്ങളും എന്നോടവൾ പങ്കുവെക്കുമായിരുന്നു. സുഹൃത്തുക്കൾ... ആശുപത്രിയിലെ വിശേഷങ്ങൾ... ഡ്യൂട്ടി ചാർട്ട്‌ ഇട്ടാൽ അതുപോലും എനിക്ക്‌ വാട്‌സാപ്പിൽ അയച്ച്‌ തരും. മറ്റൊന്നിനുമല്ല. അവൾക്ക്‌ ഓഫുള്ള ദിവസം ഞങ്ങളെ അറിയിക്കാനും വീട്ടിലേക്ക്‌ വരാൻ ഇത്രയും ദിവസങ്ങൾ മാത്രമെന്ന്‌ ഓർമ്മിപ്പിക്കാനും കൂടിയാണ്‌. കുഞ്ഞുമനസിനുടമയായ അവൾ പോസ്‌റ്റുമോർട്ടം ചെയ്‌തതെല്ലാം വലിയ കഥ കണക്കേ ഞങ്ങൾ ചുറ്റിനും കൂടിയിരുന്ന്‌ കേൾക്കും. ഞങ്ങൾ പോകാത്ത ഇടങ്ങളില്ല. അത്രമാത്രം യാത്ര പോയിട്ടുണ്ട്‌. വല്ലാത്ത നിയോഗം പോലെയാണതെല്ലാം. അവൾ ‘പോയ’തിന്റെ ഏതാനും മാസം മുമ്പും ഞങ്ങൾ കുറേ യാത്രപോയി.  

അവളെത്തുന്ന എല്ലാ ശനിയാഴ്‌കളിലും ഞങ്ങൾ രണ്ടുപേരുടെയും പ്രഷറും ഷുഗറുമെല്ലാം പരിശോധിക്കും. അതെല്ലാം നോക്കി കൃത്യമായി മരുന്ന്‌ നൽകും. മരുന്ന്‌ മുടക്കിയാലും ഞങ്ങളോട്‌ പിണങ്ങും... പരിഭവം പറയും. എന്നാൽ അവൾ പോയതിൽ പിന്നെ ഞങ്ങൾ അതൊന്നും നോക്കാറേയില്ല. എന്തൊക്കെയോ കുറേ അസുഖങ്ങൾ.  ഇനി എന്തിനതെല്ലാം നോക്കണം. ആർക്കുവേണ്ടി... നിറഞ്ഞൊഴുകുന്ന കണ്ണുകളിൽ കൈതട്ടി വീണുടഞ്ഞ ജീവിതത്തിന്റെ നിസംഗത.  



അവളുണ്ടായിരുന്നെങ്കിൽ

‘കുട്ടാപ്പി’യെന്ന വിളി കേൾക്കാൻ ഇനിയവളില്ലല്ലോ.... ഫോൺ നിറയേ മോളോടൊപ്പമുള്ള സെൽഫി ഫോട്ടോകളും അവളെടുത്ത കുറേ ടിക്‌ടോക്കുകളുമാണ്‌. വിരൽതുമ്പിനരികേ ഫോണും കാത്തുവെച്ചാണ്‌ ഞാനിരിക്കുന്നത്‌. ഇവിടെ എവിടെയൊക്കേയോ അവളുണ്ടെന്നേ... ഞങ്ങളുടെ പൊന്നുമോൾ... അന്നെല്ലാം ശനിയാഴ്‌ചകളിൽ കുഞ്ഞ്‌ വരും, തിങ്കളാഴ്‌ച പോകും. പ്രായം കൊണ്ട്‌ നന്നേ ചെറുപ്പമെങ്കിലും മറ്റുള്ളവർക്ക്‌ മുമ്പിൽ മുതിർന്നയാളുകളെപ്പോലെയായിരുന്നു അവൾ. എല്ലാ കാര്യങ്ങളിലും പക്വതയോടെയുള്ള പെരുമാറ്റം.

ചിലയാളുകൾ  ഇത്രയും ചെറിയ ഈ കുഞ്ഞിനെ ‘അമ്മേ’യെന്ന്‌ പോലും വിളിച്ചിരുന്നു. അവൾക്കിത്രയും കഴിവുള്ള കുട്ടിയാണെന്ന്‌ അവളുടെ വേർപാടിന്‌ ശേഷമാണ്‌ ഞങ്ങൾ അറിയുന്നത്‌ പോലും. അവൾ പോയ ശേഷം എപ്പോഴും ആരെന്നു പോലുമറിയാതെ ആളുകൾ ഇവിടെ വരും. പിന്നെയാണ്‌ അറിയുക അവരെല്ലാം അവൾക്ക്‌ അത്രമേൽ പ്രിയപ്പെട്ടവരായിരുന്നുവെന്ന്‌. സ്‌റ്റൈപ്പന്റ്‌ പൈസ പോലും അവൾ മറ്റുള്ളവർക്ക്‌ വേണ്ടി ചെലവഴിച്ചു. അന്നത്തെയാ സംഭവ ദിവസം പോലും മറ്റുള്ളവർക്ക്‌ വേണ്ടി ജോലി അഡ്‌ജസ്‌റ്റ്‌ ചെയ്‌ത്‌ കയറിയതായിരുന്നു. പോയില്ലായിരുന്നെങ്കിൽ അവൾ ഇന്ന്‌ ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നല്ലോ. കൊട്ടാരക്കരയിൽനിന്ന്‌ വീട്ടിലേക്ക്‌ വരാനും പോകാനും കാർ അയച്ചിരുന്നു. അത്രമേൽ അവളുടെ കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. യാത്ര ചെയ്‌ത്‌ പോലും അവൾ ക്ഷീണിക്കരുതെന്ന്‌ ഞങ്ങൾക്ക്‌ നിർബന്ധമായിരുന്നു.

അവളുണ്ടായിരുന്നെങ്കിൽ


വലിയ ദൈവ വിശ്വാസിയായിരുന്നു.  ഒരിക്കൽ കൂർഗിലെ ഒരു ബുദ്ധ ക്ഷേത്രത്തിൽ പോയി വന്നശേഷം ബുദ്ധനോടായി ഇഷ്‌ടം. പിന്നീട് വീട്‌ നിറയേ ബുദ്ധപ്രതിമകൾ വാങ്ങി വെച്ചിരുന്നു. അവൾ നന്നായി നൃത്തം ചെയ്‌തിരുന്നു. കുട്ടിക്കാലത്ത്‌ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ച്‌ അവതരിപ്പിച്ചു. പഠനത്തിലും മിടുക്കിയായിരുന്നു. ഗൈനക്കോളജിസ്‌റ്റ്‌ ആവണമെന്നായിരുന്നു അവളുടെ ആഗ്രഹം. കുഞ്ഞുമനസുള്ള അവൾ ഒരു പോസ്‌റ്റുമോർട്ടം ചെയ്‌താൽ അതുപോലും ഇവിടെ വീട്ടിൽ വന്ന്‌ പറയും. അതേ ടേബിളിൽ ഒടുവിൽ എന്റെ മകളുടെ ജീവനറ്റ ശരീരവും
ഒക്‌ടോബർ ആറിന്‌ മോളുടെ പിറന്നാളാണ്‌. അവളുടെ കൂട്ടുകാർ വരുമെന്ന്‌ പറഞ്ഞിട്ടുണ്ട്‌. അത്തരം ദിവസങ്ങളെ മറികടക്കുകയെന്നതാണ്‌ ഞങ്ങളുടെ  പ്രയാസം. ഓർക്കുന്നത്‌ പോലും ഒരു ആധിയാണ്‌.

തൃക്കുന്നപ്പുഴ വലിയപറമ്പിൽ വാലേക്കടവിൽ മകളുടെ ഓർമ്മക്കായി ക്ലിനിക്ക്‌ തുടങ്ങുന്നുണ്ട്‌. അവളുടെ വലിയ ആഗ്രഹമായിരുന്നു സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ ഒരു ക്ലിനിക്ക്‌ ആരംഭിക്കണമെന്നത്‌. അട്ടപ്പാടിയിൽ ശിശുമരണവാർത്ത കാണുമ്പോൾ ഇടക്ക്‌ പറയുമായിരുന്നു അവിടെ പോയി ജോലി ചെയ്യണമെന്ന്‌. കുറ്റക്കാരനെതിരെ നിയമ നടപടി ഉണ്ടാവുമെന്ന്‌ പ്രതീക്ഷിക്കുന്നു. നീതിയിലും നിയമത്തിലും ഞങ്ങൾ വിശ്വസിക്കുന്നു. വിധി വരട്ടെ.

അവളുണ്ടായിരുന്നെങ്കിൽ

ബ്രൂണോ  മൗനം വെടിഞ്ഞ്‌ കളിചിരികളിൽ കൂടെയുണ്ടാകുമായിരുന്നു. സത്യത്തിൽ ഇതുപോലെയല്ലെങ്കിൽ ഏതെങ്കിലും കാരണത്താൽ മക്കൾ നഷ്‌പ്പെട്ട എത്രയോ അമ്മമാർ എത്രയോ വീടുകളിൽ  ഓണവും വിഷുവുമില്ലാതെ നെഞ്ചുപൊട്ടിയിരിക്കുന്നുണ്ടാവും. ഈ  ദിവസങ്ങളെ മറികടക്കാൻ എത്ര പാടുപെടുന്നുണ്ടാവും. കാത്തിരിക്കാൻ ആരുമില്ലാതാവുമ്പോഴുള്ള ജീവിതത്തിന്റെ നിരർഥകത. മുന്നിൽ ഇനിയെന്തെന്ന ഉത്തരമില്ലാ ചോദ്യം. ഇവിടെ ആ അച്‌ഛനും അമ്മക്കും വാക്കുകൾ നഷ്‌ടമാവുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top