08 September Sunday

ജെൻഡർ ന്യൂട്രൽ ശുചിമുറികളെക്കുറിച്ചുതന്നെ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

അറയ്ക്കുന്ന അസഭ്യഭാഷയിലാണ് ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റുകളെക്കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ. ലിംഗഭേദമില്ലാത്ത പൊതു ടോയ്‌ലറ്റുകളാണ് ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റുകൾ. വിദേശ രാജ്യങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിസെക്സ് ടോയ്‌ലറ്റുകൾ സാധാരണയാണ്. എല്ലാ മനുഷ്യരും സമൂഹത്തിന്റെ ഭാഗമാണെന്ന യാഥാർഥ്യത്തെ സാമാന്യവൽക്കരിക്കുകയാണ് ഇത്തരം ടോയ്‌ലറ്റുകളുടെ ലക്ഷ്യം. ലിംഗനീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളുടെ ഭാഗമായി സുപ്രീംകോടതി, ഡൽഹിയിലെ പ്രധാന കെട്ടിടത്തിലും അധിക കെട്ടിട സമുച്ചയത്തിലും വിവിധ സ്ഥലങ്ങളിൽ ഒമ്പത് ലിംഗ-നിഷ്പക്ഷ വിശ്രമമുറികൾ സ്ഥാപിച്ചിട്ടുണ്ട്.

കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചകളും ട്രോളുകളും എറണാകുളം മഹാരാജാസ് കോളേജിലെ ജെൻഡർ ന്യൂട്രൽ ശുചിമുറികളെപ്പറ്റിയാണ്. അഞ്ചുവർഷത്തോളമായി മഹാരാജാസ് കോളേജിൽ ലിംഗ സൗഹൃദ ശുചിമുറികളുണ്ട്. 2019ലാണ് ഇത്തരത്തിൽ ആദ്യ ടോയ്‌ലറ്റ് അവിടെ സ്ഥാപിക്കുന്നത്. ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുകൂടി സൗകര്യപ്രദമാക്കിയാണ്‌ അത്തരം സംവിധാനം  കോളേജിൽ ഒരുക്കിയത്. രണ്ടു വർഷംമുമ്പ് കോളേജ് നവീകരണത്തിന്റെ ഭാഗമായി പുതിയ ബ്ലോക്കുകൾ നിർമിച്ചപ്പോൾ ജെൻഡർ ന്യൂട്രൽ ശുചിമുറികൾ കുറച്ചുകൂടി വിപുലമാക്കി പിന്നെയും സ്ഥാപിച്ചു. ലിംഗഭേദമില്ലാത്ത സൗഹൃദാന്തരീക്ഷം എല്ലാ വിദ്യാർഥികളിലും വളർത്തിയെടുക്കുകയെന്ന ആശയംകൂടി അതിന് പുറകിലുണ്ട്.

ശുചിമുറികളിൽ ആണ് പെണ്ണ് വേർതിരിവ് ഒഴിവാക്കി മുഴുവനായും യൂണിസെക്സ് ടോയ്‌ലറ്റുകൾ മാത്രമുള്ള രാജ്യങ്ങളോ ഇടങ്ങളോ ഇല്ല. പകരം പുരോഗമന രീതികൾ സ്വീകരിക്കുന്ന പല രാജ്യങ്ങളിലും  യൂണിസെക്സ് ടോയ്‌ലറ്റുകൾ നമുക്ക് കാണാൻ സാധിക്കും. നിലവിലെ സാമൂഹ്യ സാഹചര്യത്തിൽ പുരുഷന്മാർ നിൽക്കുന്ന ശുചിമുറിയിലേക്ക് കയറിച്ചെല്ലാൻ സ്ത്രീക്കും സ്ത്രീകൾ തിങ്ങിനിറഞ്ഞ ടോയ്‌ലറ്റിലേക്ക് കയറാൻ പുരുഷനും അസ്വാസ്ഥ്യം അനുഭവപ്പെടാം. ശീലങ്ങൾ അതിനോട് പൊരുത്തപ്പെടാൻ അനുവദിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ജെൻഡർ വ്യത്യാസങ്ങളുള്ള ടോയ്‌ലറ്റുകൾക്ക് പുറമെ ജെൻഡർ ന്യൂട്രൽ ടോയ്‌ലറ്റുകൾകൂടി പൊതു ഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലുമൊക്കെ സ്ഥാപിക്കുമ്പോൾ അത് ഉപയോഗിക്കുന്നതിൽ അസൗകര്യം തോന്നാത്തവർ അത്തരം ടോയ്‌ലറ്റുകൾ ഉപയോഗിക്കും. കാലക്രമേണ അത്തരം ടോയ്‌ലറ്റുകൾ സൗകര്യപ്രദമായി തോന്നുന്നവരുടെ എണ്ണം വർധിക്കും. ആൺ, പെൺ വേർതിരിച്ചിരിക്കുന്ന ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ വിസമ്മതിച്ചാൽ പല ട്രാൻസ് ആളുകൾക്കും ടോയ്‌ലറ്റിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം, കൂടാതെ അപമാനംമുതൽ അക്രമംവരെ നേരിടേണ്ടി വരും.

മിക്സഡ് ഡോർമെട്രികൾ സൗകര്യപ്രദമായി ഉപയോഗിക്കുന്ന ആളുകൾ കേരളത്തിലുണ്ട്. അമിതമായ കൊട്ടിഘോഷിക്കലുകൾ ഇല്ലാത്തതും പരസ്യം ചെയ്യപ്പെടാത്തതുമായ മിക്സഡ് ഡോർമെട്രികൾ കോഴിക്കോടും കൊച്ചിയും അടക്കം കേരളത്തിൽ പലയിടങ്ങളിലും ഉണ്ട്. ഇന്ത്യയിൽ യാത്രാ പ്രാധാന്യമുള്ള സ്ഥലങ്ങളിലൊക്കെയും ഇത്തരത്തിലുള്ള മിക്സഡ് ഡോർമിറ്ററികൾ ഉണ്ട്. ലിംഗപരമായ വേർതിരിവുകൾ ഇല്ലാതെ ആർക്കും ഉപയോഗിക്കാവുന്ന ഒരേയൊരു ടോയ്‌ലറ്റ് മാത്രമുള്ള സ്ഥാപനങ്ങളും കെട്ടിടങ്ങളും നമ്മുടെ നാട്ടിൽ പണ്ടുമുതലേ ഉണ്ട്. അവയൊക്കെയും ഒരു തലക്കെട്ടും ഇല്ലാതെ വെറും ശുചിമുറികളായി നിലനിന്നവയാണ്. റെയിൽവേ സ്റ്റേഷൻപോലുള്ള പൊതു ഇടങ്ങളിലൊക്കെ ലിംഗ വേർതിരിവുള്ള ടോയ്‌ലറ്റുകൾ ഒരിടത്തും യൂണിസെക്സ് ടോയ്‌ലറ്റുകൾ മറ്റൊരിടത്തും സ്ഥാപിക്കാവുന്നതാണ്. ലിംഗ നിഷ്പക്ഷത എന്ന ആശയം മതനിഷേധമാണെന്ന്‌ വാദിക്കുന്ന ചിലർ നമുക്കിടയിലുണ്ട്‌. അവരുടെ ആശങ്കകൾ ബോധവൽക്കരണത്തിലൂടെയും എല്ലാത്തരം ടോയ്‌ലറ്റുകളും പാലിക്കേണ്ട നിയമപരമായ  ആവശ്യകതകളുടെ വിശകലനത്തിലൂടെയും ഏറ്റവും സുരക്ഷിതമായ രീതിയിൽ ടോയ്‌ലറ്റുകൾ ഡിസൈൻ ചെയ്യുന്നതിലൂടെയും ഇല്ലാതാക്കാൻ സാധിക്കും. 

കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ ലിംഗ നിഷ്പക്ഷ ടോയ്‌ലറ്റുകളുടെ വർധന കാരണം സ്ത്രീകളുടെയും പ്രായമായവരുടെയും സ്വകാര്യത നഷ്ടമാകുന്നെന്ന പരാതികളുടെ ഭാഗമായി പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽ അത്തരം ടോയ്‌ലറ്റുകൾ ഒഴിവാക്കണമെന്നുള്ള നിർദേശം സർക്കാർ മുന്നോട്ടു വച്ചു. കെട്ടിടങ്ങളിൽ ആവശ്യത്തിന് സ്ഥലസൗകര്യങ്ങൾ ഉണ്ടെങ്കിൽ യൂണിസെക്സ് ടോയ്‌ലറ്റുകൾ ആകാമെന്നും സ്ഥലപരിമിതി നിലനിൽക്കുമ്പോൾ സ്ത്രീകളുടെ ശുചിമുറികളോടു ചേർത്ത് അത്തരം ടോയ്‌ലറ്റുകൾ സ്ഥാപിക്കരുതെന്നും ഗവൺമെന്റ് നിർദേശിച്ചു. യൂണിസെക്സ് ടോയ്‌ലറ്റുകളുടെ എണ്ണം വർധിക്കുമ്പോൾ പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉള്ളതിനേക്കാൾ തിരക്ക് അനുഭവപ്പെടുന്നെന്നും നിഗമനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഫെമിനിസ്റ്റ് ആർക്കിടെക്ച്ചർ, എൽജിബിടി+ എന്നിവയുൾപ്പെടെയുള്ള ഓർഗനൈസേഷനുകൾ, ‘ലിംഗഭേദമില്ലാതെ അന്തസ്സോടെ ടോയ്‌ലറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ലിംഗസൗഹൃദ ശുചിമുറികൾ അനുവദിക്കുന്നു' എന്ന് വാദിച്ചു. പൊതുസൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവർക്കും സ്വകാര്യതയും അന്തസ്സും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ലിംഗ നിഷ്പക്ഷ ശുചിമുറികളുടെ ആധിക്യം സ്ത്രീകളുടെയും പെൺകുട്ടികളുടെയും അത്തരം മൗലിക അവകാശങ്ങളാണ് നിഷേധിക്കുന്നതെന്നും ഇംഗ്ലണ്ടിലെ ഒരു മന്ത്രി അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top