21 November Thursday

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് ചില ചിന്തകൾ

ബൃന്ദ കാരാട്ട്Updated: Tuesday Oct 29, 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ചലച്ചിത്ര മേഖലയിൽ ഇപ്പോഴുണ്ടായ പ്രക്ഷുബ്ദ്ധാവസ്ഥയും ചലനങ്ങളും ഇന്ത്യയൊട്ടാകെ ശ്രദ്ധിച്ച കാര്യമാണ്. കൊൽക്കത്ത, തമിഴ്‌നാട് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലെ നിരവധി വനിതാ ആർട്ടിസ്റ്റുകൾ, എന്തുകൊണ്ടാണ് ഹേമ കമ്മിറ്റി പോലെയുള്ള കമ്മിറ്റികൾ മറ്റു സംസ്ഥാനങ്ങളിൽ രൂപീകരിക്കാത്തത് എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഇത് നിയമാനുസൃതവും ന്യായവുമായ ഒരു ചോദ്യമാണ്.

ബൃന്ദ കാരാട്ട്

ബൃന്ദ കാരാട്ട്

ബോംബെയിൽ ആരംഭിച്ച സിനിമാ മേഖലയിലെ സ്ത്രീ ചൂഷണം പരസ്യമായ ഒരു രഹസ്യമാണ്. എന്നാൽ സിനിമാ വ്യവസായത്തിനുള്ളിലെ അധികാര ഘടനകൾ സ്ത്രീകളുടെ ശബ്ദത്തെ നിശബ്ദമാക്കുകയാണ്. സിനിമ വ്യവസായ മേഖലയിലെ വനിതകൾ, ‘സിനിമ കളക്ടീവ്’ എന്ന സംഘടന രൂപീകരിച്ച ഒരേയൊരു സംസ്ഥാനമാണ് കേരളം.

സഹപ്രവർത്തകരിലൊരാളെ സിനിമാ വ്യവസായത്തിലെ ശക്തനായ ഒരു നടന്റെ പ്രേരണയിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന്റെ ദുരന്ത പശ്ചാത്തലത്തിലാണ് അവർ അത്തരമൊരു കളക്ടീവ് രൂപീകരിച്ചത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലില്ലായിരുന്നുവെങ്കിൽ സ്ത്രീകളുടെ അവസ്ഥ അതേ നിലയിൽത്തന്നെ തുടരുമായിരുന്നു.

കളക്ടീവിലെ അംഗങ്ങൾ സിനിമ വ്യവസായത്തിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഉന്നയിച്ചപ്പോൾ, സ്ത്രീകളുടെ പദവിയുടെ വിശാലമായ വശങ്ങൾ ഉൾക്കൊള്ളുന്ന പരിഗണനാ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഹേമ കമ്മിറ്റി രൂപീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

നിലവിലെ പുരുഷാധിപത്യ വ്യവസ്ഥയിൽ ഏതു പുരോഗമനപരമായ മാറ്റത്തിനും ചലനങ്ങൾക്കും തുടക്കമിടുന്നത് എല്ലായ്പ്പോഴും സ്ത്രീകൾ തന്നെയാണെന്നതാണ് ഇന്ത്യയിലെ വനിതാ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും അനുഭവം.

സ്ത്രീ ചൂഷണത്തിന്റെ ഇതുവരെ അദൃശ്യമായിരുന്ന വശങ്ങൾ ദൃശ്യമാക്കപ്പെടുന്നത്, എല്ലാ സുപ്രധാന ഘട്ടങ്ങളിലും ശബ്ദമുയർത്തുന്നത് സ്ത്രീകളായതുകൊണ്ടാണ്. സ്ത്രീകളോട് അനുഭാവം പുലർത്തുകയും അവരുടെ ആവലാതികൾ കേൾക്കുകയും ചെയ്യുന്ന ഒരു സർക്കാരുണ്ടായാൽ പോരാട്ടത്തിന് വലിയ ഉത്തേജനം ലഭിക്കും.

പുരുഷാധിപത്യ സമൂഹത്തിലെ പുരുഷ മേധാവിത്വത്തിനെതിരായ പോരാട്ടത്തിൽ ആത്മാർത്ഥതയും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയ ശക്തികളുമായി യോജിച്ച് സ്ത്രീ പ്രസ്ഥാനങ്ങൾ പോരാട്ടം നടത്തുമ്പോഴാണ് മാറ്റം ഉറപ്പാക്കാൻ സാധിക്കുന്നത്. സാമൂഹിക മാറ്റത്തിനുവേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തിൽ ഏറ്റവും ഉറച്ചതും വിശ്വസിക്കാവുന്നതുമായ സഖ്യകക്ഷിയാണ് ഇടതുപക്ഷ ശക്തികളെന്ന കാര്യം അനിഷേധ്യമായ വസ്തുതയാണ്.

ചൂഷണത്തിനെതിരായ സ്ത്രീകളുടെ പോരാട്ടത്തെ സംരക്ഷിക്കാനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഹേമ കമ്മിറ്റിയുടെ രൂപീകരണവും അതേ തുടർന്ന് പ്രത്യേക അന്വേഷണ വിഭാഗത്തെ (എസ്ഐടി) നിയോഗിക്കലും.

സിനിമ വ്യവസായത്തിലെ അധികാര ഘടനകളെക്കുറിച്ചും ലോബികളെക്കുറിച്ചും ഈ വ്യവസായത്തിൽ നിലനിൽക്കുന്ന വ്യാപകമായ ലൈംഗിക ചൂഷണത്തെക്കുറിച്ചും ഹേമ കമ്മിറ്റി വെളിച്ചം വീശുന്നുണ്ട്.

എന്നുമാത്രമല്ല അൽപം പോലും സുരക്ഷിതമല്ലാത്തതും അന്യായവുമായ തൊഴിൽ സാഹചര്യങ്ങളിൽ പലപ്പോഴും വിശ്രമമുറി പോലും ലഭിക്കാത്ത, കരാറുകളില്ലാതെ ജോലി ചെയ്യുന്ന വനിത ആർട്ടിസ്റ്റുകളോടും സിനിമ വ്യവസായത്തിലെ ഇതര തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരോടും തികച്ചും ചൂഷണാത്മക സ്വഭാവവും അനീതിയുമാണ് സിനിമാ മേഖലയിൽ നിലനിൽക്കുന്നത് എന്ന കാര്യവും ഹേമ കമ്മിറ്റി കണ്ടെത്തി.

സിനിമ മേഖലയിൽ ജോലി ചെയ്യുന്ന വ്യത്യസ്ത വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുന്ന നിരവധി അസോസിയേഷനുകളെയും യൂണിയനുകളെയും തുറന്നുകാണിക്കുന്നുമുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട്; പല യൂണിയനുകളും അസോസിയേഷനുകളും രജിസ്ട്രേഷനില്ലാത്തവയും അവ പ്രതിനിധീകരിക്കേണ്ട വിഭാഗത്തെ ചൂഷണം ചെയ്യുന്നവയുമാണ്.

അത്തരം സംവിധാനങ്ങളെല്ലാം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും അവയുടെ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമങ്ങളോടും ചട്ടങ്ങളോടും വിധേയത്വമുള്ളവയുമാക്കണമെന്നും ഹേമ കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ശക്തമായ സംഘടന ‘എഎംഎംഎ’യാണ്.

അതിലെ അംഗങ്ങളായിരിക്കണമെന്ന് നിശ്ചയിക്കപ്പെടുന്നത് തികച്ചും തെറ്റായ രീതിയിലൂടെയാണെന്ന ആക്ഷേപമാണ് ഏറ്റവും ശക്തമായി ഉന്നയിക്കപ്പെടുന്നത്. ‘എഎംഎംഎ’യുടെ പ്രവർത്തനത്തിനെതിരായ വ്യാപകമായ രോഷമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് എന്നതിനാലാണ് ‘എഎംഎംഎ’യുടെ ഭാരവാഹികൾക്കൊന്നാകെ രാജിവെക്കേണ്ടി വന്നത്.

ചലച്ചിത്ര വ്യവസായ മേഖലയിൽ, ലൈംഗികാതിക്രമത്തിനിരകളായ സ്ത്രീകൾക്ക്, അതിക്രമം നടന്ന സമയം കാര്യമാക്കാതെ പരാതികൾ സമർപ്പിക്കുന്നതിനുവേണ്ടി പ്രത്യേക അന്വേഷണ വിഭാഗത്തെ (എസ്ഐടി) രൂപീകരിച്ചുകൊണ്ട് എൽഡിഎഫ് സർക്കാർ അഭൂതപൂർവമായ മറ്റൊരു നടപടി സ്വീകരിച്ചു. കൂടുതൽ സ്ത്രീകൾ, അതനുസരിച്ച് എസ്എടിക്ക് പരാതി നൽകുകയും പരാതിയെക്കുറിച്ച് പരസ്യമായി സംസാരിക്കുകയും ചെയ്തു.

ആദ്യമായി പരാതിപ്പെട്ടതും അതേക്കുറിച്ച് പരസ്യമായി സംസാരിച്ചതും ബംഗാളിൽ നിന്നുള്ള പ്രശസ്ത നടിയാണ്. ഒരു സ്ത്രീക്ക് താൻ അനുഭവിച്ച അതിക്രമത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വളരെയേറെ ധൈര്യം ആവശ്യമാണെന്ന് നമുക്കറിയാം. എന്നുമാത്രമല്ല, പരാതിക്കു വിധേയരായ പല നടന്മാരും പരാതിക്കാരായ സ്ത്രീകൾക്കെതിരെ കൗണ്ടർ കേസുകൾ നൽകിയിട്ടുമുണ്ട്.

തങ്ങളെത്തന്നെയും തങ്ങളുടെ പെരുമാറ്റത്തെയും പരിഷ്കരിക്കുന്നതിനോ തിരുത്തുന്നതിനോ തെല്ലും താൽപര്യമില്ലാത്ത ലൈംഗിക വേട്ടക്കാരുടെയും അതിനെ അനുകൂലിക്കുന്ന പുരുഷന്മാരുടെയും സ്ഥിരം തന്ത്രവും തട്ടിപ്പുമാണിത്. ഇത്തരം കൗണ്ടർ കേസുകൾക്ക് നിയമപരമോ ധാർമികമോ ആയ ഒരു വിലയുമില്ല. അത്തരക്കാർ സ്വയം പ്രതിരോധിക്കാൻ ശ്രമിക്കാതിരിക്കുന്നതായിരുന്നു നല്ലത്.

ബലാത്സംഗം, ശാരീരിക ആക്രമണം, ലൈംഗികച്ചുവയുള്ള വാക്കുകൾ പ്രയോഗിച്ചുള്ള അതിക്രമം തുടങ്ങിയ വ്യത്യസ്തമായ രീതികളിലാണ് ഈ ലൈംഗിക വേട്ടക്കാരുടെ പ്രവർത്തനങ്ങൾ. മൊത്തത്തിലെടുക്കുമ്പോൾ അവ പുരുഷ ലൈംഗികതയുടെ വൃത്തികെട്ട മുഖത്തെയാണ് പ്രതിനിധീകരിക്കുന്നത്.

നീതിക്കുവേണ്ടി പോരാടുന്നവരുടെ പക്ഷത്താണ് ഗവൺമെന്റ് നിലകൊള്ളുന്നതെന്ന് എൽഡിഎഫ് സർക്കാർ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന് ശക്തമായ അധികാരമാണ് സർക്കാർ നൽകിയിട്ടുള്ളത്.

പരാതി നൽകിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ തങ്ങൾക്കു ലഭിക്കുന്നതായി പരാതിക്കാരായ ചില സ്ത്രീകൾ എസ്ഐടിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരായ സ്ത്രീകളെ സംരക്ഷിക്കാനും ഭീഷണിപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കാനും എസ്ഐടി തയ്യാറാകും എന്ന കാര്യത്തിൽ സംശയമില്ല.

എന്നിരുന്നാലും സ്ത്രീകളെന്ന നിലയിൽ, ലൈംഗികാതിക്രമത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ അപര്യാപ്തത ഞങ്ങൾക്കറിയാം. വാക്കാലുള്ള ലൈംഗികാതിക്രമത്തെക്കുറിച്ച് ഇരകളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ പല തവണ നാം കേട്ടിട്ടുണ്ട് – ‘‘അയ്യോ എന്തിനാണ് ഇങ്ങനെ ബഹളമുണ്ടാക്കുന്നത്? എല്ലാത്തിനുമുപരി അവൻ അവളെ സ്പർശിച്ചിട്ടില്ല’’ എന്നിങ്ങനെ.

വാക്കാലുള്ള ലൈംഗികാതിക്രമത്തിനു വിധേയയായ ഒരു സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ഭയാനകമായ അപമാനവും മാനസികാഘാതവും കഷ്ടതകളും അവഗണിക്കുന്ന സർവസാധാരണമായ ഒരു പുരുഷാധിപത്യ പ്രതികരണമാണിത‍്. തുറന്നുപറയാൻ നാം ഭയപ്പെടേണ്ടതില്ല.

നാം സധൈര്യം തുറന്നു പറയാത്തിടത്തോളം സമൂഹം മാറില്ല. ലൈംഗികാതിക്രമത്തിന് ഉത്തരവാദികളായവരെ പേരെടുത്തുപറഞ്ഞ് നാണംകെടുത്തേണ്ടത് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണെന്ന് സ്ത്രീകൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനുള്ള എല്ലാ വ്യവഹാര പ്രശ്നങ്ങളെയും മറികടക്കാൻ സാധിച്ചത് കേരള സർക്കാരിന്റെ ശക്തവും പ്രതിബദ്ധവുമായ നിലപാടുമൂലമാണെന്ന യാഥാർത്ഥ്യം വെളിവായി. എന്നിട്ടും കേരളത്തിലെ കോൺഗ്രസിന് ഒരേയൊരു അജൻഡയേയുള്ളൂ.

സിനിമ മേഖലയിലെ സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടത്തിന് ശക്തമായ പിന്തുണ നൽകുന്ന എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളെ എങ്ങനെയും തടസ്സപ്പെടുത്തുക എന്നുള്ളതാണത്. ബലാത്സംഗ കേസുകളിൽ കുറ്റാരോപിതരായി ചാർജ് ഷീറ്റ് നൽകപ്പെട്ട രണ്ട് എംഎൽഎമാർ നിലവിൽ ഉള്ള പാർട്ടിയാണ് കോൺഗ്രസ്. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരായ ഒരു വിഭാഗം മാധ്യമങ്ങൾ അവരെ പിന്തുണയ്ക്കുന്നുണ്ട്.

ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയുള്ള കേസുകളാണ് എസ്എടി ഫയൽ ചെയ്തിട്ടുള്ളത്. സിപിഐ എം നിയമസഭാ സാമാജികൻ മുകേഷിനെതിരെയും കേസ് ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്.

പക്ഷേ നമ്മൾ ഒരു വ്യതിയാനത്തിലേക്ക് കടക്കരുത്. ഹിന്ദിയിൽ പറയുന്നതുപോലെ, ‘‘തു തു മേം മേം’’ (നിങ്ങൾ ഇത് ചെയ്തു. ഞാനും അത് ചെയ്തു) എന്നതുപോലെ ഉപയോഗശൂന്യമായ വാദങ്ങളാണ് അവ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ, സിനിമ വ്യവസായത്തിൽ, സ്ത്രീകൾക്ക് എല്ലായിടത്തും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനുവേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടേണ്ടത്.

നീതിക്കുവേണ്ടിയുള്ള ധീരമായ പോരാട്ടത്തിൽ സർക്കാരും സമൂഹവും തങ്ങളുടെ കൂടെയുണ്ട് എന്ന ആത്മവിശ്വാസം സ്ത്രീകൾക്കുണ്ടാവണം. വ്യക്തിഗതമായ ഇടത്തിന്റെയും ശാരീരികമായ ഉടമസ്ഥാവകാശത്തിന്റെയും സംരക്ഷണത്തിനു പുറമെ, വ്യവസായത്തിനുള്ളിൽ തുല്യാവകാശവും ഇത് അർത്ഥമാക്കുന്നു. സിനിമ വ്യവസായത്തിൽ പ്രവർത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തം അതിന് അനിവാര്യമാണ്.

കേരളത്തിന് ഇത് ഒരു ചരിത്ര നിമിഷമാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഒരു നാഴികക്കല്ലു സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് സാധ്യമാക്കിയ വനിതകൾക്ക് അഭിനന്ദനങ്ങൾ.അവരുടെ ശബ്ദം കേൾക്കാൻ തയ്യാറാവുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്ത കേരളത്തിലെ എൽഡിഎഫ് സർക്കാരിനും അഭിനന്ദനങ്ങൾ.

 

 ചിന്ത വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top