19 December Thursday

മനസ്സ്‌ നൃത്തം ചെയ്യുമ്പോൾ എനിക്ക്‌ പ്രായമാകില്ല

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Nov 17, 2024

കലാമണ്ഡലം ഹൈമവതി ഫോട്ടോ: റനീഷ്‌ രവീന്ദ്രൻ


‘മനസ്സുനിറയെ കിലുങ്ങും ചിലങ്കകൾ. മുഖച്ചായങ്ങൾ, ഹൃദയം നിറയ്‌ക്കാൻ എന്നുമിവ കൂട്ടിനുണ്ടാകുമ്പോൾ എനിക്കെങ്ങനെ പ്രായമാകാനാണ്‌’. എഴുപതാമത്തെ വയസ്സിൽ കലാമണ്ഡലം കൂത്തമ്പലത്തിൽ അരങ്ങിലെത്തി കലാമണ്ഡലം ഹൈമവതി. ‘ഓമനത്തിങ്കൾക്കിടാവോ’യാണ്‌  മോഹിനിയാട്ട രൂപത്തിൽ അവതരിപ്പിച്ചത്. പതിമൂന്ന്‌ വർഷത്തിനു ശേഷമാണ്‌ കലാമണ്ഡലത്തിലെ കൂത്തമ്പലത്തിൽ ഹൈമവതി നൃത്തം അവതരിപ്പിച്ചത്‌. ‘പ്രായമായെന്ന്‌ ചിന്തിക്കാതേയിരിക്കുക. ആരോഗ്യപ്രശ്‌നങ്ങൾ ഒട്ടേറെയുണ്ടെങ്കിലും മനസ്സിൽ നൃത്തമുണ്ടാകുമ്പോൾ മറ്റെല്ലാം മറക്കും. നൃത്തത്തിൽനിന്ന്‌ ഒരിക്കലും മാറിനിൽക്കാൻ എനിക്കാകില്ലല്ലോ’. കലാമണ്ഡലം ഹൈമവതി പറയുന്നു.

നൃത്തം തൊട്ട നാൾ
മച്ചാട് വേലൂർ വാര്യത്താണ്‌ ജനനം. അച്ഛൻ കൃഷ്‌ണവാര്യർ ചെറുതുരുത്തിയിൽ വൈദ്യശാല നടത്തിയിരുന്നു. ഒരു വയസ്സ് ഉള്ളപ്പോൾമുതൽ കലാമണ്ഡത്തിലെ ആശാന്മാരുമായും നൃത്താധ്യാപകരുമായി ബന്ധമുണ്ടായിരുന്നു. അഞ്ചു വയസ്സ് മുതൽ കലാമണ്ഡലം ചന്ദ്രികയുടെ കീഴിൽ നൃത്തപഠനം തുടങ്ങി. കലാമണ്ഡലം ശങ്കരനാരായണൻ, കലാമണ്ഡലം പത്മനാഭൻ നായർ എന്നിവരുടെ കീഴിൽ കഥകളി അഭ്യസിച്ചു. 12–-ാം വയസ്സിൽ പഴയ കലാമണ്ഡലത്തിൽ കഥകളി അരങ്ങേറ്റം നടത്തി. 13–-ാം വയസ്സിൽ കലാമണ്ഡലത്തിൽ ഭരതനാട്യം അഭ്യസിക്കാൻ ചേർന്നു. കലാമണ്ഡലം സത്യഭാമ ടീച്ചറുടെ കീഴിലായിരുന്നു പഠനം. 14 –-ാം വയസ്സിൽ അരങ്ങേറ്റം നടത്തി.  16–-ാം  വയസ്സിൽ കലാമണ്ഡലത്തിൽ ഡിപ്ലോമ കോഴ്സ് കഴിഞ്ഞു. തുടർന്ന്‌ പലയിടത്തും നൃത്തം പഠിപ്പിച്ചു തുടങ്ങി. വാര്യർ കുടുംബം ആയതിനാൽ നൃത്തം  പഠിപ്പിക്കാൻ പുറത്തുപോകുന്നത് മറ്റു ബന്ധുക്കൾക്ക്‌ ഇഷ്ടമല്ലായിരുന്നു. 19–-ാം വയസ്സിൽ വിവാഹം കഴിഞ്ഞ് കൽക്കട്ടയിലേക്ക്‌ പോയി. അക്കാലത്ത്‌ അച്ഛനാണ് കലാമണ്ഡലത്തിൽ എനിക്കുവേണ്ടി ജോലിക്കായി അപേക്ഷിച്ചത്. അങ്ങനെ ജോലിയും കിട്ടി.  ഇതിനിടെ നിരവധി പരിപാടികൾ വിവിധയിടങ്ങളിൽ അവതരിപ്പിച്ചു. കൈക്കുഞ്ഞായ മകനെ വീട്ടിൽ ഏൽപ്പിച്ചാണ്‌ യാത്ര. ചിലപ്പോൾ മൂന്നുമാസമൊക്കെ പരിപാടിക്ക് പോകേണ്ടി വരാറുണ്ട്. പിന്നീട് കൽക്കട്ടയ്ക്ക് പോയെങ്കിലും മടങ്ങിയെത്തി കലാമണ്ഡലത്തിൽ മോഹിനിയാട്ടം ടീച്ചറായി. ഒരു ദിവസം മൂന്നു പരിപാടികളൊക്കെ അക്കാലത്ത്‌ അവതരിപ്പിച്ചിരുന്നു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ കീഴിൽ കുച്ചിപ്പുടിയും അഭ്യസിച്ചു. സത്യഭാമ ടീച്ചറാണ് മോഹിനിയാട്ടം വിശദമായി പഠിപ്പിച്ചത്.

1975ൽ കലാമണ്ഡലത്തിൽ നൃത്തവിഭാഗം അധ്യാപികയായി. 2008–- 2011ൽ നൃത്തവിഭാഗം മേധാവിയായി. 33 വർഷം കലാമണ്ഡലത്തിൽ അധ്യാപികയായി. കലാമണ്ഡലത്തിൽനിന്ന്‌ എച്ച്‌ഒഡിയായാണ്‌ വിരമിച്ചത്‌. വിരമിച്ചശേഷം കാലടി സംസ്കൃത സർവകലാശാലയിൽ വിസിറ്റിങ്‌ പ്രൊഫസറായിരുന്നു. മലയാളം സർവകലാശാലയിൽ ഫാക്കൽറ്റി ഓഫ് ആർട്‌സ്‌ ഡീനായും ജോലി ചെയ്‌തു. തുടർന്നും കലാമണ്ഡലം തന്നെയായിരുന്നു മനസ്സിൽ. അങ്ങനെ വീണ്ടും വിസിറ്റിങ്‌ പ്രൊഫസറായി കലാമണ്ഡലത്തിൽ എത്തി. 

വേറിട്ട അവതരണങ്ങൾ
വള്ളത്തോളിന്റെ അച്ഛനും മകളും,  എൻ വിയുടെ അമ്മ,  ഒരു ഉറക്കുപാട്ട് എന്നിവയും മോഹിനിയാട്ടം രൂപമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുപതോളം വർണം എഴുതി ചിട്ടപ്പെടുത്തി. കലയിലേക്ക് നമ്മൾ എത്തിച്ചേർന്നാൽ വീണ്ടും ഒരു മടങ്ങൽ സാധ്യമല്ല.  എപ്പോഴും ഒരേ ചിട്ടയിൽ ചെയ്യാതെ മാറി ചെയ്യാൻ ശ്രമിക്കുക. അപ്പോഴാണ്‌ കലയിൽ പുതുമ വരിക. ഇതിനായി എക്കാലവും പരിശ്രമിച്ചുകൊണ്ടേയിരിക്കുക. കൂട്ടായ പരിശ്രമവും ആത്മാർപ്പണവുമാണ്‌ കലയുടെ എക്കാലത്തെയും വിജയം.

പുരസ്‌കാരങ്ങൾ
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, കേരള കലാമണ്ഡലം പുരസ്കാരം,  കലാമണ്ഡലം അവാർഡ്,  കേരള സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം എന്നിവ ലഭിച്ചു. 

കുടുംബം
ഭർത്താവ് പരേതനായ ചന്ദ്രശേഖരൻ. മകൻ കൃഷ്ണപ്രസാദ്. മരുമകൾ അമ്പിളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top