23 December Monday

കലാജീവിതം കദനപര്‍വം

ഷഫീഖ് അമരാവതിUpdated: Tuesday Oct 7, 2014

""കണ്ണു തുറക്കാത്ത ദൈവങ്ങളേ,

കരയാനറിയാത്ത ചിരിക്കാനറിയാത്ത

കളിമണ്‍ പ്രതിമകളേ''...

പെണ്‍ സ്വരത്തിലെ മലയാളത്തിലെ ഏറ്റവും ശോകാര്‍ദ്രഗാനങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ഈ പാട്ട് നാടക വേദിയില്‍ ആദ്യമായി പാടിയ കൊച്ചിന്‍ അമ്മിണി എന്ന ഗായികക്ക് അത് ജീവിതത്തിലെ നേരനുഭവം തന്നെയാണ്. ഹാര്‍മോണിയം വായിച്ച് പാടിയ അമ്മിണിയുടെ പ്രതിഭാവിലാസത്തിന് മുന്നില്‍ നിഷ്പ്രഭനായിപ്പോയിട്ടുണ്ട് സംഗീതജ്ഞന്‍ സാക്ഷാല്‍ എം കെ അര്‍ജുനന്‍മാസ്റ്റര്‍ പോലും. അരങ്ങില്‍ അഭിനയത്തോടൊപ്പം ഭാവതീവ്രതയും ഇഴചേര്‍ത്ത അമ്മിണിയുടെ പാട്ടുകേട്ട് "ഇത് ഇത്ര നന്നായി പാടാന്‍ മറ്റാര്‍ക്കും ആവില്ല' എന്ന് അനുമോദിക്കുന്നതില്‍ അറുപിശുക്കനായിരുന്ന സാക്ഷാല്‍ ജി ദേവരാജന്‍ മാസ്റ്റര്‍ പോലും അഭിനന്ദിച്ചിട്ടുമുണ്ട്.

ബഹദൂര്‍ മുതല്‍ നസിറുദ്ദീന്‍ഷാ വരെയുള്ളവര്‍ക്കൊപ്പം പതിനഞ്ചോളം സിനിമകളിലും അമ്മിണി അഭിനയിച്ചു. ഉര്‍വശി ശാരദ മുതല്‍ പൂര്‍ണിമ ജയറാം വരെയുള്ളവരെ മലയാളികള്‍ ആദ്യം കേട്ടത് ഈ ശബ്ദത്തിലൂടെയായിരുന്നു. ആകാശവാണിയില്‍ 15 വര്‍ഷത്തോളം ലളിതഗാനമായും ഗാനമേള വേദികളില്‍ അതിലേറെക്കാലവും ഇമ്പമായി പെയ്തുനിറഞ്ഞു. എന്നാല്‍ ആറ് പതിറ്റാണ്ടോളം നീണ്ട കലാജീവിതം ഇപ്പോള്‍ ഈ കലാകാരിക്ക് നല്‍കുന്നത് നൊമ്പരങ്ങള്‍ മാത്രം. വൈഷമ്യങ്ങള്‍ ഏറെ ഏറ്റുവാങ്ങിയ അഷ്ടമുടിക്കായലോരത്തെ ജീര്‍ണിച്ച വാടകവീട്ടില്‍ ജീര്‍ണിക്കാത്ത ഓര്‍മകളുമായി ഏകയായി കഴിയുകയാണിന്ന്. ഒരുപക്ഷേ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായുള്ള ബിപിഎല്‍ കാര്‍ഡുടമയായ കേരളത്തിലെ ഏക സിനിമാതാരവുമാകും അമ്മിണി.

കൊച്ചി തോപ്പുംപടി സെ. സെബാസ്റ്റ്യന്‍ സ്കൂളില്‍ ഗന്ധര്‍വ ഗായകന്‍ യേശുദാസിന്റെ സഹപാഠിയും ബന്ധുവുമായ അമ്മിണി അദ്ദേഹത്തോടൊപ്പം അതേ ഗുരുനാഥന്‍മാരില്‍ നിന്ന് തന്നെയാണ് ബാല്യത്തില്‍ സംഗീതം അഭ്യസിച്ചത്. വേദിയില്‍ ചെറുപ്പത്തിലേ ഉദിക്കുകയും ചെയ്തു. എന്നാല്‍ യേശുദാസ് ഉയര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോള്‍ അമ്മിണി ആ പടവുകള്‍ ഇറങ്ങുകയായിരുന്നു. പ്രാണതുല്യം സ്നേഹിച്ച ജീവിതപങ്കാളിയെപോലും കലയെ സ്നേഹിച്ചതിന്റെ പേരില്‍ നഷ്ടമായി. എന്നിട്ടും കലാപ്രവര്‍ത്തനം നിര്‍ത്തിയില്ല. എന്നാല്‍ കലയ്ക്കായി സമര്‍പ്പിച്ച ജീവിതമായിട്ടും ആ മേഖല ഈ 72കാരിക്ക് നല്‍കിയത് തിക്താനുഭവങ്ങള്‍ മാത്രമാണ്. കൊല്ലം രാമന്‍കുളങ്ങര ഇരട്ടക്കടവിലെ വീട്ടിലിരുന്ന് പോയകാലം ഓര്‍ത്തെടുക്കുകയാണ് അമ്മിണി.

തോപ്പുംപടി കൂട്ടുങ്കല്‍വീട്ടില്‍ അഗസ്റ്റിന്‍ ബെര്‍ണാഡിന്റെയും മറിയക്കുട്ടിയുടെയും രണ്ട് മക്കളില്‍ ഇളയവളായി 1942 ആഗസ്തില്‍ ജനിച്ച മേരി ജോണാണ് പില്‍ക്കാലത്ത് കൊച്ചിന്‍ അമ്മിണിയായത്. യേശുദാസിനും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പീറ്റര്‍ക്കുമൊപ്പം ഫോര്‍ട്ടുകൊച്ചിയിലെ ജോസഫ് ഭാഗവതര്‍, പള്ളുരുത്തിയിലെ രാമന്‍കുട്ടി ഭാഗവതര്‍, പയസ് ഭാഗവതര്‍ എന്നിവരില്‍നിന്നാണ് അമ്മിണി ആദ്യകാലത്ത് സംഗീത പാഠങ്ങള്‍ അഭ്യസിച്ചത്. പില്‍ക്കാലത്ത് വി ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ശിഷ്യയായി. സ്കൂള്‍ നാളുകളിലേ ഗാനവേദിയില്‍ അരങ്ങേറുകയും ചെയ്തു. സ്കൂളിലെ പരിപാടികള്‍ തന്നെയായിരുന്നു ആദ്യവേദി. ഗാനമേളയും നാടകവും ഇരുചിറകുകളായ അക്കാലത്ത് നാടകവേദിയിലേക്ക് ക്ഷണം ലഭിക്കാനും താമസമുണ്ടായില്ല.

ഫോര്‍ട്ടുകൊച്ചി സ്വദേശിയായ വര്‍ഗീസ് ആശാന്റെ "ജീവിത മത്സരം' എന്ന നാടകത്തിലായിരുന്നു തുടക്കം. 12ാം വയസില്‍. തന്റെ ജീവിതമത്സരവും അന്നാരംഭിച്ചതായി അമ്മിണി പറയുന്നു. സി ജെ തോമസിന്റെ "വിഷവൃക്ഷം' ഉള്‍പ്പെടെയുള്ള നാടകങ്ങളിലായി അമ്മിണി പ്രൊഫഷണല്‍ വേദിയില്‍ എത്താനും അധികം വൈകിയില്ല. കൊച്ചിയിലെ നാടകാചാര്യനായിരുന്ന പി ജെ ആന്റണിയുടെ ട്രൂപ്പിലും ഗായിക യായും നടിയായും അമ്മിണി നിറഞ്ഞു നിന്നു. ഇക്കാലത്ത് "ഭഗവാന്‍ അമ്മിണി' എന്ന പേരും പി ജെ ആന്റണി അമ്മിണിക്ക് സമ്മാനിച്ചു. മുഹമ്മദ് റഫിയുടെ "ദുനിയാ കേ രഖ്വാലേ' എന്ന പാട്ട് പാടുന്ന അക്കാലത്തെ ഏക ഗായിക എന്നതിനായിരുന്നു ഇത്. പല പ്രമുഖ ഗായകര്‍ക്കും വെല്ലുവിളി ഉയര്‍ത്തിരുന്ന ഈ പാട്ട് പാടാന്‍ അമ്മിണിക്ക് പ്രചോദനമായതും പി ജെ ആന്റണി തന്നെ. 1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്തെ പ്രമേയമാക്കി പി ജെ ആന്റണി രചിച്ച "ഭാരതം വിളിക്കുന്നു' എന്ന നാടകത്തിലും അമ്മിണി തിളങ്ങി. ഈ നാടകത്തിനായി അമ്മിണി പാടിയ "കണ്ടില്ല നിന്‍മുഖം കേട്ടില്ല നിന്‍സ്വരംഎങ്കിലും നിന്നെ ഞാന്‍ തേടി നടന്നു' എന്ന നെല്‍സണ്‍ ഫെര്‍ണാണ്ടസ് രചിച്ച ഗാനം ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്.

പാട്ടിലും അഭിനയത്തിലും മിന്നും പ്രകടനത്താല്‍ ശ്രദ്ധേയയായ അമ്മിണിയെ തേടി പിന്നെ യെത്തിയത് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ കെപിഎസിയായിരുന്നു. ഒ മാധവനും കേശവന്‍ പോറ്റി സാറും അമ്മിണിയുടെ വീട്ടിലെത്തിയാണ് കെപിഎസിയിലേക്ക് കൂട്ടിയത്. കെപിഎസി സുലോചന, കെപിഎസി സുധര്‍മ്മ എന്നിവരുടെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന കെപിഎസി സുജാത എന്ന പുതിയ പേരാണ് അമ്മിണിക്കായി സമ്മാനിക്കപ്പെട്ടത്. "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', "സര്‍വ്വേക്കല്ല്' എന്നീ രണ്ട് നാടകങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. "കമ്യൂണിസ്റ്റാക്കി'യിലെ മാലയായായിരുന്നു തുടക്കം. സുലോചനയ്ക്കൊപ്പം ഇതിലെ ഗാനങ്ങളും ആലപിച്ചു. ക്രിസ്ത്യാനി പെണ്‍കുട്ടി കമ്യൂണിസ്റ്റുകാരുടെ സംഘത്തില്‍ സഹകരിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവ സഭ രംഗത്ത് വന്നു.

അമ്മിണി നാടകത്തില്‍ വരുന്നതിനെ ആദ്യം എതിര്‍ത്തത് പിതാവ് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ എതിര്‍പ്പ് മാറ്റിയത് ഫോര്‍ട്ടുകൊച്ചി സാന്റക്രൂസ് കത്തീഡ്രലിലെ (ഇന്ന് ബസിലിക്ക) വികാരിയായിരുന്ന ഗോവന്‍ സ്വദേശിയായ ഗുഡിങ്ങ് അച്ചനായിരുന്നു. പള്ളിയുമായി അത്ര അടുപ്പമുള്ള ഈ കുടുംബത്തിന് സഭയുടെ വാക്കുകള്‍ തള്ളാനുമാകുമായിരുന്നില്ല. കെപിഎസി വിട്ട് ചങ്ങനാശേരി "ഗീഥ'യിലാണ് അമ്മിണി അണഞ്ഞത്. ഇക്കാലത്താണ് അമ്മിണി എന്ന സംഗീതപ്രതിഭക്കുമുന്നില്‍ അര്‍ജുനന്‍ മാസ്റ്റര്‍ അത്ഭുതം കൂറിയത്. ഡി കെ ചെല്ലപ്പന്‍ സംവിധാനം ചെയ്ത "വീട് ഒരു വിലങ്ങല്ല' നാടകത്തിന്റെ വൈക്കം ക്യാമ്പിലായിരുന്നു അത്. അന്ന് പെട്ടി (ഹാര്‍മോണിയം) വായനക്കാരന്‍ മാത്രമായിരുന്നു എം കെ അര്‍ജുനന്‍. അര്‍ജുനന്റെ വായന ഇഷ്ടമാകാതിരുന്നതിനെ തുടര്‍ന്ന് എല്ലാവരുടെയും മുന്‍പില്‍ വെച്ച് പെട്ടി പിടിച്ചുവാങ്ങി അമ്മിണി സ്വയം വായിച്ച പാടുകയായിരുന്നു. "നാണക്കേട് സഹിക്കാനാവാതെ രാത്രിക്കുരാത്രി ക്യാമ്പില്‍ നിന്നും ഞാന്‍ ഒളിച്ചോടുകയായിരുന്നു-' എന്നാണ് ഇതേക്കുറിച്ച് അര്‍ജുനന്‍ മാസ്റ്റര്‍ വ്യക്തമാക്കിയത്. സംഗീത സംവിധായകനായി ശ്രദ്ധേയനായപ്പോള്‍ അമ്മിണിയോട് അദ്ദേഹം പകരം വീട്ടിയതും കലാചരിത്രത്തിന്റെ ഭാഗം.

ചങ്ങനാശേരി അപ്പച്ചന്റെ നേതൃത്വത്തിലുള്ള നാടകത്തിലായിരുന്നു ഇത്. "പകല്‍ക്കിനാവിന്‍ ശില്‍പിപണിഞ്ഞുതന്നൊരു പള്ളി' എന്ന് തുടങ്ങുന്ന നെല്‍സണ്‍ ഫെര്‍ണാണ്ടസിന്റെ തന്നെ വരികള്‍ പാടുവാന്‍ അല്‍പം പ്രയാസമാക്കും വിധമാണ് അര്‍ജുനന്‍ മാസ്റ്റര്‍ ഈണമിട്ടത്. പാതിരാവ് പിന്നിട്ട് നേരം വെളുത്തിട്ടും ഏറെ വിയര്‍ത്തിട്ടും പാട്ടിന്റെ പല്ലവി അതിന്റെ ലയത്തില്‍ പാടുവാന്‍ അമ്മിണിക്ക് കഴിഞ്ഞില്ലെന്നാണ് അതിന് സാക്ഷ്യംവഹിച്ച നെല്‍സണ്‍ ഫെര്‍ണാണ്ടസ് ഓര്‍ക്കുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ആ പിണക്കമൊക്കെ മാറി താനും അര്‍ജുനും ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയായതായും അമ്മിണി പറയുന്നു.

കെപിഎസി വിട്ട് ഒ മാധവന്‍, ജി ദേവരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കാളിദാസ കലാകേന്ദ്രം ആരംഭിച്ചപ്പോള്‍ അമ്മിണിക്ക് അതിലും ക്ഷണം ലഭിച്ചു. "ഡോക്ടര്‍' എന്ന നാടകത്തില്‍ കവിയൂര്‍ പൊന്നമ്മ, വിജയകുമാരി (ഒ മാധവന്റെ ഭാര്യ), പെരുന്ന ലീലാമണി തുടങ്ങിയവര്‍ക്കൊപ്പം ജൂനിയര്‍ നേഴ്സായാണ് അമ്മിണി അഭിനയിച്ചത്. ഒ മാധവന്‍, വര്‍ഗീസ് തിട്ടേല്‍, വക്കച്ചന്‍, കാലാക്ക കുമാരന്‍, മണവാളന്‍ ജോസഫ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. നാടകത്തിന് മുന്‍പ് ഗാനമേള അന്ന് പതിവായിരുന്നുവെങ്കിലും അമ്മിണിയിലെ ഗായികയ്ക്ക് വിലക്കാണ് നേരിട്ടത്. കെപിഎസി വിട്ടുപോയതിന്റെയും ഇപ്പോള്‍ പുറത്തുപറയാന്‍ ആകാത്ത വിഷയങ്ങളുമൊക്കെയാണ് ഇതിന് ഇടയാക്കിയതെന്നും അമ്മിണി ഓര്‍ക്കുന്നു. ഗാനവേദികളില്‍ തന്റെ ജൂനിയറായിരുന്ന കവിയൂര്‍ പൊന്നമ്മയ്ക്ക് പോലും അവസരം ലഭിച്ചപ്പോള്‍ തന്നെ അവഗണിച്ചതിലുള്ള വേദന ഇന്നും അമ്മിണിയുടെ വാക്കുകളിലുണ്ട്.

സഹഗായകനായിരുന്ന സി ഒ ആന്റോയും എം കെ അര്‍ജുനന്‍, ഫ്രാന്‍സിസ് വലപ്പാട്ട്, മാച്ചിയേട്ടന്‍ തുടങ്ങിയവര്‍ ഗാനവേദിയില്‍ തകര്‍ക്കുമ്പോള്‍ നൊമ്പരത്തോടെ കണ്ടുനില്‍ക്കേണ്ടി വന്നത് ഓര്‍മയിലുണ്ട്. ഒരുവേള കവിയൂര്‍ പൊന്നമ്മക്ക് കോറസ് പാടാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍ അപമാനഭാരത്തോടെയാണ് അത് നിര്‍വഹിച്ചതെന്നും അമ്മിണി പറയുന്നു. ""കാണാമറയത്ത് ചെന്നിരുന്ന് കണ്ണുനീര്‍ ചൊരിയുവാന്‍ പോയതാകാം'' എന്ന ഗാനം ആലപിച്ചപ്പോഴാണ് ദേവരാജന്‍ മാസ്റ്റര്‍ ഈ ഗാനം ഇതുപോലെ മറ്റാര്‍ക്കും പാടാനാവില്ലെന്ന് അമ്മിണിയെ അഭിനന്ദിച്ചത്. എന്നാല്‍ ഈ ഗാനരംഗത്തിലെ നായികയുടെ അവസ്ഥയിലായി താന്‍ അക്കാലത്തെന്നും അമ്മിണി പറയുന്നു.

അവഗണനയില്‍ പ്രതിഷേധിച്ച് കാളിദാസ കലാകേന്ദ്രം വിട്ട് കലാനിലയം കൃഷ്ണന്‍നായരുടെ "കലാനിലയം' സ്ഥിരം വേദിയിലാണ് പിന്നീട് അമ്മിണി അണഞ്ഞത്. ഇതില്‍ പ്രധാന പാട്ടുകാരിയും മറ്റാരുമായിരുന്നില്ല. "കായംകുളം കൊച്ചുണ്ണി' നാടകത്തില്‍ കൊടുങ്ങല്ലൂര്‍ അമ്മിണി വന്നില്ലെങ്കില്‍ പകരം ആ വേഷവും ചെയ്യുമായിരുന്നു. ആലപ്പി തീയേറ്റേഴ്സ്, കാഞ്ഞിരപ്പള്ളി അമല, കൊല്ലം യവന, കൊല്ലം ഐശ്വര്യ, തിരുവനന്തപുരം അതുല്യ, ആറ്റിങ്ങല്‍ ദേശാഭിമാനി, മലയാള കലാഭവന്‍, കലാഭവന്‍, കൊല്ലം തൂലിക, കൊല്ലം ദൃശ്യകല, യൂണിവേഴ്സല്‍, ഓച്ചിറ തൂലിക തുടങ്ങിയ ട്രൂപ്പുകളിലായി ഏതാണ്ട് നൂറോളം നാടകങ്ങളില്‍ അമ്മിണി നടിയും ഗായികയുമായി പില്‍ക്കാലത്ത് രംഗത്തെത്തി.

കാളിദാസ കലാകേന്ദ്രം വിട്ടെങ്കിലും അഭിനയ രംഗത്ത് അമ്മിണി പ്രധാന ഗുരുവായി പ്രതിഷ്ഠിച്ചിട്ടുള്ളത് ഒ മാധവനെയാണ്. അരങ്ങില്‍ എങ്ങനെ നടക്കണം എന്നും മറ്റുമുള്ളത് പകര്‍ന്നുനല്‍കിയത് കെപിഎസി സുലോചനയാണെന്നും അമ്മിണി പറയുന്നു. ചങ്ങനാശേരി ഗീഥയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു വിവാഹം. അയല്‍വാസിയായ ആംഗ്ലോ ഇന്ത്യന്‍ സമുദായംഗം ജോണ്‍ ക്രൂസ് ആയിരുന്നു ഭര്‍ത്താവ്. ജീവിതത്തിലെ ഏറ്റവും അഭിശപ്ത മൂഹൂര്‍ത്തമായാണ് ഇന്ന് വിവാഹത്തെ നോക്കിക്കാണുന്നത്. വിവാഹത്തിന് മുമ്പ് വര്‍ഷങ്ങളോളം പ്രണയബദ്ധരായിട്ടും തന്നിലെ കലാകാരിയെ അവഗണനയോടെയാണ് ഭര്‍ത്താവും അദ്ദേഹത്തിന്റെ വീട്ടുകാരും കണ്ടതെന്ന് അമ്മിണി പറയുന്നു. തന്നെ പാട്ടുപഠിപ്പിക്കാന്‍ എത്തിയ ദക്ഷിണാമൂര്‍ത്തി സ്വാമിക്ക്പോലും മോശം പെരുമാറ്റത്തിനിരയാവേണ്ടി വന്നു.

ചെറുപ്പത്തിലേ അമ്മ മരണമടഞ്ഞു. ഇതേതുടര്‍ന്ന് പട്ടാളത്തിലെ ജോലി രാജിവച്ചാണ് അച്ഛന്‍ മക്കളെ നോക്കാനെത്തിയത്. അദ്ദേഹം രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അച്ഛനെയും മാനസികനില ഇടയ്ക്കിടെ തകരാറിലാവുന്ന രണ്ടാനമ്മയെയും നോക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ എതിര്‍പ്പ് വകവയ്ക്കാതെയും കലാരംഗത്ത് തുടരാന്‍ താന്‍ നിര്‍ബന്ധിതമായതായും അമ്മിണി പറയുന്നു.

നാടകാഭിനയത്തിലെ സമ്പാദ്യംകൊണ്ട് അപ്പോഴേക്കും ആലപ്പുഴയില്‍ 25 സെന്റ് സ്ഥലവും ഒരു ചെറുവീടും ഇവര്‍ സ്വന്തമാക്കിയിരുന്നു. അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം അങ്ങോട്ടേക്ക് താമസം മാറുകയും ചെയ്തു. ആദ്യം രണ്ടാനമ്മയും പിന്നാലെ അച്ഛനും മരണമടഞ്ഞപ്പോള്‍ കടംകയറി ആ വീട് വില്‍ക്കേണ്ടി വന്നു. 5000 രൂപയ്ക്കായിരുന്നു വില്‍പ്പന. പിന്നെ 36 വര്‍ഷമായി കൊല്ലത്തെ വാടക വീടുകളില്‍ മാറിമാറിക്കഴിയുകയാണ്. ഏഴ് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. "അഗ്നിപുത്രി' എന്ന നാടകത്തിലാണ് ""കണ്ണു തുറക്കാത്ത ദൈവങ്ങളെ'' എന്ന വയലാര്‍ ഗാനം ആദ്യം പിറവികൊണ്ടത്. ഇത് 1967-ല്‍ സിനിമയായപ്പോള്‍ നടി, ഗായിക എന്നീ നിലകളില്‍ അമ്മിണി അവഗണിക്കപ്പെട്ടുവെങ്കിലും അതിന് മുന്‍പ് തന്നെ 1961-ല്‍ ഇറങ്ങിയ "കണ്ടംബെച്ച കോട്ട്' എന്ന ചിത്രത്തിലൂടെ ഇവര്‍ സിനിമാനടിയായി കഴിഞ്ഞിരുന്നു.

ചിത്രത്തില്‍ ബഹദൂറിന്റെ ജോഡിയായി ബിച്ചിപ്പാത്തു എന്ന കഥാപാത്രമായായിരുന്നു അരങ്ങേറ്റം. ബഹദൂര്‍ തന്നെയാണ് ഇതിനുള്ള അവസരവും ഒരുക്കിയത്. ചിത്രരംഗത്ത് ഇരുവരും ചേര്‍ന്ന് പാടുന്ന "ആട്ടെ പോട്ടെ ഇരിക്കട്ടെ ലെയ്ലേ, നിന്നെ കാത്തുകാത്തു വലഞ്ഞല്ലോ മയിലേ' എന്ന ഗാനം ഇന്നും ആസ്വാദക മനസ്സിലുണ്ട്. ഭാസ്കരന്‍ മാസ്റ്ററുടെ രചനയില്‍ ഈ ഗാനത്തിന് ഈണമിട്ട ബാബുരാജ് തന്നെയാണ് പി ലീലയ്ക്കൊപ്പം ഈ ഗാനം ആലപിച്ചത്. "തോക്കുകള്‍ കഥപറയുന്നു' എന്ന ചിത്രത്തില്‍ സത്യന്റെ അമ്മയായാണ് പിന്നീട് എത്തിയത്. 24-ാം വയസ്സില്‍ സിനിമയ്ക്കായി മുടി വെളുപ്പിച്ചതിനെ തുടര്‍ന്ന് പിന്നെ അമ്മിണിക്ക് അമ്മ വേഷ ങ്ങളും പ്രായമായ വേഷങ്ങളുമാണ് പ്രധാനമായും ലഭിച്ചത്. "അടിമകള്‍' എന്ന ചിത്രത്തില്‍ ശാരദയുടെ അമ്മ, "സരസ്വതി' എന്ന ചിത്രത്തില്‍ രാഗിണിയുടെ വേലക്കാരി. "ഭാര്യമാര്‍ സൂക്ഷിക്കുക' എന്ന ചിത്രത്തില്‍ മാധവിയമ്മ എന്ന കഥാപാത്രം.

"ഉണ്ണിയാര്‍ച്ച' യില്‍ ഇക്കിളിപ്പെണ്ണ്, "വാഴ് വേമായം' എന്ന പടത്തില്‍ സത്യന്റെ സഹോദരി, "കണ്ണൂര്‍ ഡീലക്സ്' എന്ന സിനിമയില്‍ ജോലിക്കാരി, "ഇവര്‍' എന്ന സിനിമയിലെ പുള്ളോത്തി, "അഞ്ചു സുന്ദരികള്‍' എന്ന ചിത്രത്തില്‍ ജയഭാരതിയുടെ അമ്മ, "ഇരുളും വെളിച്ചവും' എന്ന ചിത്രത്തില്‍ മറ്റൊരു അമ്മ വേഷവും ചെയ്തു. 2011-ല്‍ "ദി ഹണ്ടര്‍' എന്ന മലയാളമുള്‍പ്പെടെ മൂന്ന് ഭാഷയില്‍ ഇറങ്ങിയ ചിത്രത്തില്‍ നസ്റുദ്ദീന്‍ ഷായുടെ അമ്മയായാണ് ഒടുവില്‍ വേഷമിട്ടത്. ഇതിനിടയ്ക്ക് ഡബ്ബിങ് രംഗ ത്തും ശ്രദ്ധേയമായി. ശാരദയുടെ ആദ്യ മലയാള ചിത്രമായ "ഇണപ്രാവ്' എന്ന സിനിമയിലായിരുന്നു തുടക്കം. ശാരദയുടെ മറ്റ് ഏതാനും ചിത്രങ്ങള്‍ക്ക് പുറമെ സച്ചു, കുശലകുമാരി, രാജശ്രീ (യു പി ഗ്രേസി), വിജയനിര്‍മ്മല, ഉഷാകുമാരി, സാധന, ബി എസ് സരോജ, കെ ആര്‍ വിജയ, ദേവിക, വിജയ ശ്രീ എന്നിവര്‍ക്കും വിവിധ ചിത്ര ങ്ങള്‍ക്കായി ശബ്ദമേകി. പൂര്‍ണിമ ജയറാമിനായി അവരുടെ ആദ്യ ചിത്രമായ "മഞ്ഞില്‍ വിരിഞ്ഞപൂക്കളി'ല്‍ ശബ്ദമേകിയതും മറ്റാരുമായിരുന്നില്ല.

ഉദയാ സ്റ്റുഡിയോയുടെ ഉടമയായ കുഞ്ചാക്കോയാണ് അമ്മിണിക്ക് ഇതിനായി അവസരം ഒരുക്കിയതും ഡബ്ബിങ് പഠിപ്പിച്ചതും. ഉദയാ ഡബ്ബിങ് ചെന്നൈയിലേക്ക് മാറ്റുന്നതുവരെ ഇവിടെയും പിന്നീട് ചെന്നൈയിലും വര്‍ഷങ്ങളോളം ഈ ജോലിയും തുടര്‍ന്നു. ഡബ്ബിങ്ങിന് തുടക്കത്തില്‍ 250 രൂപയായിരുന്നു പ്രതിഫലം. ഒടുവില്‍ ആയിരം രൂപ വരെ ലഭിച്ചു. ചെന്നൈയിലെ താമസമാണ് അമ്മിണിക്ക് സിനിമയിലേക്കുള്ള അവസരങ്ങള്‍ തുറന്നത്. സിനിമ യിലെ അഭിനയത്തിന് ആദ്യം ലഭിച്ചത് 500 രൂപയാണ്. ഒടുവിലത്തെ ചിത്രത്തിന് പതിനായിരം രൂപയും പ്രതിഫലമായി ലഭിച്ചു.

ബ്രഹ്മാനന്ദന്‍, കമുകറ പുരുഷോത്തമന്‍, കെ എസ് ജോര്‍ജ്, മരട് ജോസഫ്, സി ഒ ആന്റോ എന്നിവരുടെയെല്ലാം സഹഗായികയായും നിരവധി വേദികളിലും അമ്മിണി എത്തി. ഇന്നും ശ്രുതിഭംഗമേശാത്തതാണ് ആ സ്വരം. പാടുന്നത് 72 കാരിയാണെന്ന് അമ്മിണിയുടെ "കണ്ണു തുറക്കാത്ത ദൈവങ്ങളേയും', "സൂര്യകാന്തി'യുമൊക്കെ കേട്ടാല്‍ നമുക്ക് വിശ്വസിക്കാനാവില്ല. ശ്രദ്ധേയ മലയാള ഗാനങ്ങള്‍ക്ക് പുറമെ ലതയുടെയും ആശയുടെയും ഹിന്ദി ഗാനങ്ങളും ഇവര്‍ ആലപിക്കുന്നു. ശോകഗാനങ്ങളോടാണ് കൂടുതല്‍ പ്രിയം. ആ ജീവിതംപോലെ തന്നെ. ഒ ചന്തുമേനോന്റെ "ഇന്ദുലേഖ' എന്ന നോവലിനെ ഉപജീവിച്ച് 1967-ല്‍ ഇതേ പേരില്‍ ഇറക്കിയ സിനിമയില്‍ രണ്ട് പാട്ടുകള്‍ തന്നെക്കൊണ്ട് പാടിച്ചു റെക്കോര്‍ഡ് ചെയ്തുവെങ്കിലും പാട്ടിന്റെ വിജയം നോക്കി ഇതിന്റെ റെക്കോര്‍ഡില്‍ തന്റെ പേര് വെട്ടി മറ്റൊരു ഗായികയുടെ പേരാണ് ചേര്‍ത്തതെന്ന് അമ്മിണി പറയുന്നു.

കമുകറയ്ക്കൊപ്പം "പൂത്താലിയുണ്ടോ കിനാവേ' എന്ന ഗാനവും സോളോ ആയി "കണ്ണീര് തോരാതെ' എന്ന ഗാനവുമാണ് ചിത്രത്തിനായി അമ്മിണി ആലപിച്ചത്. പരാതി ഉന്നയിച്ചപ്പോള്‍ ഒരു റെക്കോര്‍ഡില്‍ തന്റെ പേര് അച്ചടിച്ച് നല്‍കുകയാണ് അധികൃതര്‍ ചെയ്തതെന്നും അമ്മിണി പറയുന്നു. ഇതിനിടെ ഡോക്ടര്‍, നീലവിരയിട്ട ജാലകം, പാവം പൂക്കുട്ടി, മരപ്പാവകള്‍ തുടങ്ങിയ സീരിയലുകളിലും മൂന്ന് ടെലിഫിലിമുകളിലും അമ്മിണി അഭിനയിച്ചു. എം കെ കരിക്കോട് രചനയും സംവിധാനവും നിര്‍വഹിച്ച "മരപ്പാവ കള്‍' എന്ന സീരിയലിലെ "ത്രേസ്യ' എന്ന അമ്മിണിയുടെ കഥാപാത്ര ത്തിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചു. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഗുരുനാഥന്‍ കൂടിയായ ഒ മാധവന്‍ പുരസ്കാരം, സ്വരലയ, സര്‍ഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാ വന്ദന പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ തേടിയെത്തി. അവരുടെ പഴയ വീട്ടിലെ മേശപ്പുറത്തിരിക്കുന്ന ഉപഹാരങ്ങളൊന്നും ഇപ്പോള്‍ ഒരു മൂല്യവും നല്‍കുന്നില്ല. മൂല്യമായി ലഭിക്കുന്നത് സംഗീത നാടക അക്കാദമിയുടെ കലാകാരന്മാര്‍ക്കായുള്ള 750 രൂപ പെന്‍ഷന്‍ മാത്രം. 

സിനിമയുടെയും നാടകത്തിന്റെയും സംഗീതത്തിന്റെ വ്യത്യസ്ത മേഖലയില്‍ സംഭാവനകള്‍ അര്‍പ്പിച്ചിട്ടും ഏറെ അവസരങ്ങള്‍ തന്നെ തേടിയെത്താത്തതില്‍ ഇവര്‍ക്ക് നിരാശയേറെയാണ്. അതിനു പിന്നിലെ കറുത്ത കരങ്ങള്‍ ഏറെ യാണെന്നും ഇവര്‍ പറയുന്നു. ഒരിക്കല്‍ താന്‍ അതൊക്കെ തുറന്ന് പറയും. ""അപ്പോള്‍ കേരളം പൂജിക്കുന്ന പല "വിഗ്രഹ'ങ്ങളും തകര്‍ന്ന് തരിപ്പണമാകും. ഏക മകള്‍ എയ്ഞ്ചല്‍ റാണിയുടെ വിവാഹം കഴിയാനായി കാത്തുനില്‍ക്കുകയാണ് ഞാന്‍. (ദുബായിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരിയാണ് എയ്ഞ്ചല്‍) അതുകഴിഞ്ഞാല്‍ ഞാന്‍ എന്റെ ഉള്ളിലെ വേദനകള്‍ നിറച്ച ആത്മകഥ പുറത്തിറക്കും. വെളിപ്പെടുത്തല്‍ എന്റെ ജീവിതത്തിന് ഹാനിയുണ്ടാക്കിയാലും അവള്‍ സുരക്ഷിതയായി ഇരിക്കണം അതുകൊണ്ട് മാത്രമാണ് പുസ്തകം വൈകിപ്പിക്കുന്നത്''- അമ്മിണി പറയുന്നു.

""ജീവിതം ഏറെ വേദന പകര്‍ന്നിട്ടും തുടര്‍ന്ന് ജീവിച്ചത് മകളെ ഓര്‍ത്താണ്. ബിരുദം വരെ അവള്‍ക്ക് വിദ്യാഭ്യാസം നല്‍കാനുമായി. എയ്ഞ്ചല്‍ നന്നായി നൃത്തം ചെയ്യും. കലാവാസനയും ഉണ്ട്. എങ്കിലും അവളെ കലാരംഗത്തേക്ക് ഇറക്കാന്‍ ഒരിക്കലും ഉദ്ദേശിക്കുന്നില്ല.'' സ്വന്തം അനുഭവമാണ് ഈ തീരുമാനം എടുപ്പിച്ചതെന്നും അമ്മിണി കൂട്ടിച്ചേര്‍ക്കുന്നു. ഒപ്പം തന്റെ പല നൊമ്പരങ്ങളും അതിങ്ങനെ പോകുന്നു. ""ശാരദയുടെ അരങ്ങേറ്റചിത്ര മായ "ഇണപ്രാവുകള്‍' എന്നതിലുള്‍പ്പെടെ പല സിനിമയിലും അവര്‍ക്കായി ശബ്ദം പകര്‍ന്നത് ഞാനാണ്. ഒരു ചിത്രത്തില്‍ അവരുടെ അമ്മയായും വേഷമിട്ടു. എന്നിട്ടും ഈയിടെ ഒരു അഭിമുഖത്തില്‍ തനിക്ക് ശബ്ദം പകര്‍ന്ന ടി ആര്‍ ഓമനയുടെ പേര് മാത്രമാണ് അവര്‍ പരാമര്‍ശിക്കുന്നത്. നേരത്തെ മറ്റൊരു അഭിമുഖത്തില്‍ ഒരു ആലപ്പുഴക്കാരിയാണ് ആദ്യം ശബ്ദം നല്‍കിയതെന്നും ശാരദ ഓര്‍ത്തു. ആ ആലപ്പുഴക്കാരിയായ തന്റെ പേര് പോലും അവര്‍ ഓര്‍ത്തില്ല. "മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' എന്ന സിനിമ യുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആ ചിത്രത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സിനിമയിലെ നായകനായിരുന്ന മോഹന്‍ലാല്‍ ഉപഹാരം നല്‍കിയപ്പോഴും ചിത്ര ത്തിലെ നായികയായ പൂര്‍ണിമ ജയറാമിന് ശബ്ദം നല്‍കിയ എന്നെ വിസ്മരിച്ചു. ഇതൊക്കെ ദുഃഖം പകരുന്നതാണ്. എന്നാല്‍ സിനിമാലോകവും കലാലോകവും സമ്മാനിച്ച മറ്റ് വേദനകള്‍ക്ക് മുന്നില്‍ അതെല്ലാം വളരെ ചെറിയ നൊമ്പരങ്ങള്‍ മാത്രമാണ്. പലതും എനിക്ക് പറഞ്ഞേ പറ്റൂ. തല്‍ക്കാലം അതിനായി അല്‍പം കാക്കുന്നുവെന്ന് മാത്രം.''

ഈ ദുഃഖത്തിന്റെ പ്രതീകമെന്നോണമാവണം കറുത്ത സാരികളാണ് പതിവായി ധരിക്കുന്നത്. വിശേഷപ്പെട്ട പൊതുപരിപാടികളില്‍ മാത്രമാണ് ഇതര വസ്ത്രങ്ങള്‍ അണിയുക. കേരളം പാടെ വിസ്മരിച്ചുവെങ്കിലും അമ്മിണി നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ്. ഒറ്റപ്പെട്ടതും ജീര്‍ണിച്ചതുമാണ് അവരുടെ വസതിയെങ്കിലും അങ്ങോട്ടേക്ക് അയല്‍വാസികളുടെ കണ്ണുകള്‍ എന്നും തുറന്നിരിക്കുന്നു. ആഹാരം കഴിച്ചോ, അസുഖം വല്ലതുമുണ്ടോ തുടങ്ങിയ സുഖവിവരങ്ങളും ക്ഷേമങ്ങളും അന്വേഷിക്കുന്നതിലും അയല്‍ക്കാര്‍ സദാ ജാഗരൂകരാണ്. അവരോടൊപ്പം അമ്മിണിക്ക് സദാ ആശ്വാസമേകുന്ന മറ്റൊന്നു കൂടിയുണ്ട്. വീടിനു മുന്നില്‍ ശാന്തമായി ഇളകുന്ന അഷ്ടമുടിക്കായല്‍. ജീവിത സായാഹ്നത്തില്‍ ആ കായലിന് മുന്നില്‍നിന്ന് ഇവര്‍ ഉതിര്‍ക്കുന്ന നെടുവീര്‍പ്പുകള്‍ ഒരു സമര്‍പ്പിത കലാകാരിയുടെ സമൂഹത്തോടുള്ള ചോദ്യചിഹ്നങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top