സമൂഹത്തോടും തന്നോടുതന്നെയും പോരാടിയാണ് ലയ സ്വത്വം നേടിയത്. ഒട്ടും എളുപ്പമായിരുന്നില്ല അത്, ശാരീരികവും മാനസികവുമായി നേരിട്ട വെല്ലുവിളികളുടെ കരുത്തിൽ ആൺകുപ്പായത്തിന്റെ അടരുകളോരോന്നും ഊരിയെറിഞ്ഞ് അവളൊരു സ്‌ത്രീയായി. തന്നിലേക്കൊതുങ്ങാതെ ട്രാൻസ്ജെൻഡർ സമൂഹത്തിനായി പോരാടാനിറങ്ങി.
ഏതെങ്കിലും പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കാനായിരുന്നില്ല ലയയുടെ ശ്രമം. ഇവിടെ മറ്റുള്ളവർക്കൊപ്പം ജീവിക്കാനുള്ള തന്നെപ്പോലുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ, സൗകര്യപൂർവം തങ്ങളെ മറക്കുന്നവർക്ക് മുന്നിൽ അതിജീവനത്തിന്റെ മുഖമാകാൻ. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തുടങ്ങിയ പോരാട്ടത്തെക്കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ലയ മരിയ ജെയ്‌സൺ പറയുന്നു.
സ്‌ത്രീയാണെന്ന തിരിച്ചറിവ്
ചിന്തകളും പ്രവൃത്തികളും ആൺകുട്ടികളുടേതിൽനിന്ന് വ്യത്യസ്‌തമാണെന്ന തിരിച്ചറിവുണ്ടാകുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്. ആരോടെങ്കിലും പറയാൻ ഭയമായിരുന്നു. ചങ്ങനാശേരി എസ്ബി കോളേജിൽ സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ സഹിക്കാനാകാത്ത അനുഭവങ്ങൾ ഒരുപാടുണ്ടായി. എന്റെ ശരീരഭാഷ പോലും ഇഷ്‌ടമല്ലാത്തവരെ കണ്ടു. പലർക്കും എന്നെ കാണുന്നത് തന്നെ പ്രശ്നമായിരുന്നു. പല തരത്തിലുള്ള ഉപദ്രവങ്ങളും നേരിടേണ്ടി വന്നു. അതിനെയൊക്കെ അതിജീവിച്ച് ഡിഗ്രി പൂർത്തിയാക്കി.
വിദ്യാഭ്യാസത്തിലും ജോലിയിലും ബുദ്ധിമുട്ടുകൾ
പിജി ചെയ്യണമെന്ന് കരുതിയെങ്കിലും ദുരനുഭവങ്ങൾ കാരണം പഠനം തുടരാനായില്ല. ആയുർവേദ പഞ്ചകർമ കോഴ്‌സ് പൂർത്തിയാക്കി ജോലിക്കായി മുംബൈയിൽ എത്തി. പുരുഷനായി തുടരുകയും സ്‌ത്രീയുടെ സവിശേഷതകൾ കാണിക്കുകയും ചെയ്യുന്ന എന്നെ അംഗീകരിക്കാൻ അവിടെയും ആരും തയ്യാറായില്ല. ജോലി ഉപേക്ഷിക്കേണ്ടിവന്നു. നാട്ടിൽ തിരിച്ചെത്തി ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിചെയ്യാൻ ശ്രമിച്ചെങ്കിലും അതും തുടരാനായില്ല.
ധൈര്യം കൈവന്ന കാലം
2014ലാണ് ട്രാൻസ്ജൻഡർ വിഭാഗത്തെ അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വരുന്നത്. മുന്നോട്ടുള്ള യാത്രയ്‌ക്ക് അത് കൂടുതൽ ഊർജം നൽകി. 2015ൽ ഇന്ത്യയിൽ ആദ്യമായി കേരളം ട്രാൻസ്ജൻഡർ നയം നടപ്പാക്കി. എന്റെ സ്വത്വത്തിന് അംഗീകാരം ലഭിക്കുമെന്ന ധൈര്യമുണ്ടായി. 2016ൽ സ്‌ത്രീയാണെന്ന് വെളിവാക്കി. പിന്നീട് എറണാകുളം ആസ്ഥാനമായ ദ്വയ എന്ന സംഘടനയിലൂടെ ഫാഷൻ ലോകത്തേക്ക് എത്തുകയായിരുന്നു. അവർ സംഘടിപ്പിച്ച മത്സരത്തിൽ ഒന്നാമതെത്തി. 2018ൽ എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ ട്രാൻസ്ജൻഡർ സെൽ രൂപീകരിക്കുകയും ക്ഷേമ പദ്ധതികളുടെ ഭാഗമായി നാലുപേർ ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു. അങ്ങനെ സാമൂഹ്യ നീതി വകുപ്പിൽ ശ്യാമ, ശ്രുതി, ദേവ് എന്നിവർക്കൊപ്പം ജോലി ചെയ്യാൻ തുടങ്ങി.
ഡിവൈഎഫ്‌ഐയിൽ
2019ലാണ് ഡിവൈഎഫ്‌ഐയിൽ അംഗത്വം ലഭിക്കുന്നത്. ഏറെ പ്രതിസന്ധികൾ നിറഞ്ഞ യാത്രയിൽ വലിയ ആശ്വാസമായിരുന്നു യുവജന സംഘടനയുടെ ഈ ചേർത്തു പിടിക്കൽ. തുടർന്ന് ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിൽ പ്രവർത്തിച്ചു. മാർച്ചിൽ പാമ്പാടിയിൽ നടന്ന ജില്ലാ സമ്മേളനത്തിലൂടെ ജില്ലാ കമ്മിറ്റിയിലെത്തി. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനായതും സംസ്ഥാന കമ്മിറ്റിയിൽ ഇടം ലഭിച്ചതും എന്നെപ്പോലെയുള്ളവർക്ക് തളർന്നിരിക്കാതെ മുന്നോട്ട് വരാൻ ധൈര്യം നൽകുന്നു.
വലിയ ഉത്തരവാദിത്വം
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയിൽ എത്തുന്ന ആദ്യ ട്രാൻസ്ജൻഡർ എന്ന നിലയിൽ ഉത്തരവാദിത്വവും വലുതാണ്. ട്രാൻസ്‌ജൻഡർ വിഭാഗത്തിനായി ചെയ്യാൻ ഒരുപാടുണ്ട്. സമൂഹത്തിൽ നേടിയെടുക്കേണ്ട അവകാശങ്ങൾ നിരവധി. ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് സംഘടന ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് വിശ്വാസമുണ്ട്.
ഒരിക്കലും അംഗീകരിക്കാത്തവർപോലും ഇപ്പോൾ വിളിച്ച് അഭിനന്ദിക്കുന്നു. അതുതന്നെയാണ് ഏറ്റവും വലിയ നേട്ടവും. അച്ഛനും അമ്മയ്‌ക്കും മകനായിരുന്നു. ഇപ്പോൾ അവരും മകളായി ചേർത്തുനിർത്തുന്നു. നിലവിൽ സോഷ്യൽ വെൽഫെയർ ബോർഡിന്റെ ഇ സ്‌ക്വയർ ഹബ് പ്രോജക്ടിൽ കംപ്യൂട്ടർ അസിസ്റ്റന്റാണ് മുപ്പതുകാരിയായ ലയ. ചങ്ങനാശേരി ഇത്തിത്താനം സ്വദേശികളായ ഷാജൻ, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ഏക സഹോദരി ജിസ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..