21 December Saturday

ജീവിതത്തിന്റെ മറുപുറം

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Nov 10, 2024

സ്വപ്‌നങ്ങളുടെ, നിരാശയുടെ, പ്രതീക്ഷയുടെ, എന്നെങ്കിലും വന്നേക്കാവുന്ന ആഹ്‌ളാദങ്ങളുടെ മറുപുറമാണിത്‌. ഒപ്പം വലിയ ലോകത്തിലെ ചെറിയ ജീവിതത്തിന്റെയും. തുല്യ ദുഃഖിതരായ ഒരു കൂട്ടം സ്ത്രീകളുടെ ആത്മനൊമ്പരത്തിന്റെ ആവിഷ്കാരമാണ് "മറുപുറം’. കേരള എൻജിഒ യൂണിയൻ സംസ്ഥാന അമേച്വർ നാടക മത്സരം -‘അരങ്ങ് 2024’ ൽ കാസർകോട്‌ എൻജിഒ കലാവേദി അവതരിപ്പിച്ച "മറുപുറം’ നാടകം ഒന്നാം സ്ഥാനം നേടി. വർത്തമാന ഇന്ത്യയിലെ സ്ത്രീ ജീവിതത്തിന്റെ മറുപുറ കാഴ്ചകൾ വരച്ചുകാട്ടുന്നതാണ് സ്ത്രീകൾമാത്രം അഭിനയിക്കുന്ന ഈ നാടകം.

ആൺകോയ്മയുടെ ആസക്തിക്കിരയായി പല കാലങ്ങളിൽ പലദേശത്തുനിന്നും ഇരുട്ടിലേക്ക് വലിച്ചെറിയപ്പെട്ടവർ, ഒറ്റപ്പെട്ടവർ. സമൂഹം കുറ്റവാളിയുടെ സൂക്ഷ്‌മ ദർശിനിയിലൂടെ നോക്കിക്കണ്ടവർ. മാധ്യമവിചാരണയ്ക്ക് നിന്നുകൊടുക്കേണ്ടി വന്നവർ. ഉറ്റവർപോലും ഉപേക്ഷിക്കപ്പെട്ടവർ. ഇവരാണ് നാടകത്തിലെ കഥാപാത്രങ്ങൾ. പീഡനത്തിലൂടെ മരണപ്പെട്ടവർ എത്തപ്പെട്ട ഒരു സാങ്കൽപ്പിക കൊച്ചുമുറിയുടെ അകത്തളമാണ് രംഗം. ഏത് നരകത്തിലേക്ക് വലിച്ചെറിയപ്പെട്ടാലും ഒഴിയാബാധപോലെ കൂടപ്പിറപ്പായി ചേർന്നുനിൽക്കുന്ന അടുക്കള അപ്പോഴും ഇവർക്ക്‌ സ്വന്തം.

അടിമജീവിതത്തിന്റെ മറ്റൊരു ചിത്രമായി രംഗത്ത് അടുക്കളയും സ്ഥാനം പിടിച്ചിരിക്കുന്നു. വാതിലും ജനലും കൊട്ടിയടയ്‌ക്കപ്പെട്ട ആ കുടുസ്സു മുറിക്കു താങ്ങാൻ കഴിയുന്നതിലുമപ്പുറം ഞെരുക്കമാണ്. കണ്ണീരുപ്പിന്റെ ചൂടുകാറ്റാണ് അവിടെ തളംകെട്ടി നിൽക്കുന്നത്. ഓരോ കഥാപാത്രവും തങ്ങൾ നേരിട്ട ദുരിതപർവം പ്രേക്ഷകരിലേക്ക് കലർപ്പില്ലാതെ സംവേദനം ചെയ്യുന്നു. ഭയം തളംകെട്ടിനിൽക്കുന്ന അവരുടെ കണ്ണിൽ നിലവിളിക്കാൻപോലും കഴിയാതെ കീഴ്പ്പെടേണ്ടി വന്നതിന്റെ ദൈന്യതയുണ്ട്.

താഴിട്ട് ഭദ്രമാക്കപ്പെട്ട വാതിലിന് പുറത്തുനിന്ന് ആരോ മുഴക്കുന്ന കാളിങ്‌ ബെൽ ആണ് നാടകത്തെ സംഘർഷമാക്കുന്നത്. പുതിയ ഇരയുടെ വരവാണ്. ഇനി ഒരാളെക്കൂടി സ്വീകരിക്കാൻ വയ്യാത്ത അത്ര ദുരിതപൂർണമാണ് ഈ കുടുസ്സു മുറിയിലെ ജീവിതം. സംഘർഷങ്ങൾക്കൊടുവിൽ പുതിയ അതിഥിക്കുവേണ്ടി അവർ വാതിൽ തുറക്കുന്നു. അപ്രതീക്ഷിതമായി മുറിയിലേക്ക് കടന്നുവരുന്നത് കളിചിരി മാറാത്ത നിഷ്കളങ്കയായ ഒരു കൊച്ചു പെൺകുട്ടിയാണ്. അവളെ നെറുകയിൽ ചുംബിച്ച് അമ്മമാർ ചേർത്തുപിടിക്കുന്നു. ഇതിനിടെ വീണ്ടും മുഴങ്ങുന്ന കാളിങ് ബെല്ലിന്റെ ശബ്‌ദം പ്രേക്ഷകരുടെ നെഞ്ചുലയ്‌ക്കുന്നിടത്താണ് തിരശ്ശീല വീഴുന്നത്. ചേർത്തുപിടിക്കാനുള്ള അമ്മമനസ്സ് ഉള്ളൊഴുക്കായി നാടകത്തിലുടനീളം കാണാം. സമൂഹം ഏറ്റെടുക്കേണ്ട കരുതലാണിത്.

ഇരകളെന്നോ അതിജീവിതയെന്നോ നിർഭയയെന്നോ എന്തു പേരിലും നിങ്ങൾക്ക് അവരെ വിളിക്കാം. അവരുടെ നിര നീണ്ടുനീണ്ടു പോയ്കൊണ്ടിരിക്കുന്നു. യാഥാർഥ്യം കണ്ണ് തുറന്നു കാണണം. നാളെ അത് നിങ്ങളുടെ വീട്ടുപടിക്കലേക്കും നീളാമെന്ന ഓർമപ്പെടുത്തലാണ് നാടകം. യുട്യൂബിൽ ശ്രദ്ധേയമായ ചില ഹിന്ദി  ലഘുചിത്രങ്ങളും മീന കന്ദസ്വാമിയുടെ റേപ്പ് നാഷൺ എന്ന കവിതയും നാടകരൂപനിർമിതിക്ക്‌ ആസ്‌പദമാകുന്നു.  

നാടകരചന പി വി മഹേഷ് കുമാർ. സംവിധാനം: ശ്രീലാൽ കെ എസ്.  പി പി സുനിത, എ ലസിത, സി വി ജത്ന, വി വി പ്രീതി, കെ അശ്വതി, ടി കെ സുധാലക്ഷ്മി, ടി വി അശ്വതി,  ഈവ ജാഹ്നവി എന്നിവർ അരങ്ങിലെത്തുന്നു. പശ്ചാത്തല സംഗീതം പി പി ജയൻ. ദീപവിതാനം ശ്രീരാഗ് ചന്തേര. രംഗസജ്ജീകരണം രജീഷ് കരിവെള്ളൂർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top