22 December Sunday

ഉള്‍ച്ചേര്‍ക്കലിന്റെ മുദ്രകഥ

സുജിത്‌ ബേബി sujith.baby2@gmail.comUpdated: Sunday Oct 6, 2024

പ്രാചീന മുദ്രാഭാഷയ്‌ക്ക്‌ തന്റേതായ നടനശൈലിയൊരുക്കി നൃത്തഭാഷയിൽ സംവദിച്ച്‌ ഹൃദയത്തിൽ മഴപോലെ പെയ്‌തിറങ്ങുന്ന മേതിൽ ദേവികയുടെ കാൽച്ചിലമ്പുകൾ ലോകത്തെ കേൾക്കാനാകാത്തവരുടെ കാതുകളിലും മുഴങ്ങുന്നു. പ്രകൃതിയെ കേൾക്കാനും കിളിപ്പാട്ടിന്റെ മാധുര്യമറിയാനും ഭാഗ്യംകിട്ടാതെ പോയവർക്ക്‌ അവരുടേതായ ഭാഷയിലൂടെയാണ്‌ മോഹിനിയാട്ടത്തിന്റെ താളം പകരുന്നത്‌. നൃത്തലോകത്തോട്‌ ചേർന്നുനിൽക്കാത്ത, വാമൊഴി വഴക്കമുള്ളവർക്കുപോലും മോഹിനിയാട്ടത്തെ പൂർണമായറിയുക ഒരൽപ്പം കടുപ്പമാണ്‌. നൃത്തത്തിന്‌ മുന്നോടിയായുള്ള വിവരണത്തിലൂടെയാണ്‌ നർത്തകർ കഥാപരിസരത്തെ പരിചയപ്പെടുത്തുന്നത്‌.

കേട്ടറിയാനാകാത്തവർ അവിടെയും കുഴങ്ങുന്നത്‌ കണ്ടറിഞ്ഞപ്പോഴാണ്‌ ഇന്ത്യൻ സൈൻ ലാംഗ്വേജ്‌ കൂടി ഉൾച്ചേർത്ത്‌ പുതിയ നടനഭാഷ ചിട്ടപ്പെടുത്താമെന്ന ആശയത്തിന്‌ മുളപൊട്ടിയത്‌. ഇന്ത്യൻ സൈൻ ലാംഗ്വേജും പ്രാചീന മുദ്രകളും ചേർത്തുള്ള ‘ദി ക്രോസ്‌ ഓവർ’ പുതിയ ആസ്വാദനാനുഭവത്തിനാണ്‌ വഴിതുറക്കുന്നത്‌.ശരീരചലനങ്ങളിലൂടെയും കൈമുദ്രകളിലൂടെയുമാണ്‌ നൃത്തം സംവദിക്കുന്നത്‌. അത്‌ ഒരു കല മാത്രമല്ല, ആശയവിനിമയ മാർഗം കൂടിയാണ്‌. മുദ്രകളിലൂടെ നൃത്തം കാണികളോട്‌ കഥപറയും. ശ്രവണ പരിമിതർക്കും ആസ്വദിക്കാവുന്ന വിധത്തിൽ നൃത്തത്തെ കൈപിടിച്ച്‌ കലയുടെ സൗന്ദര്യമൊട്ടും ചോരാതെയാണ്‌ ഡോ. മേതിൽ ദേവിക ‘ദി ക്രോസ്‌ ഓവർ’ ഒരുക്കിയിരിക്കുന്നത്‌. ശ്രീകൃഷ്‌ണന്റെ ജന്മവും കംസനിൽ നിന്ന്‌ രക്ഷിക്കാൻ കുഞ്ഞിനെ തടവറയിൽനിന്ന്‌ കൊണ്ടുപോകുന്നതുമാണ്‌ ‘ദി ക്രോസ്‌ ഓവറി’ന്റെ ഇതിവൃത്തം.


സർപതത്വത്തിൽനിന്ന്‌ ക്രോസ്‌ ഓവറിലേക്ക്‌

ആറാം വയസ്സിലാണ്‌ മോഹിനിയാട്ടത്തിന്റെ ലോകത്തേക്ക്‌ മേതിൽ ദേവിക വന്നത്‌. നാലുപതിറ്റാണ്ടിൽ നൃത്തലോകത്ത്‌ തന്റെ കാൽപ്പാടുകളെ അടയാളപ്പെടുത്തിയ കലാകാരി മോഹിനിയാട്ടത്തിന്റെ വേരുകളെക്കുറിച്ചും സാങ്കേതികതകളെയും സങ്കേതങ്ങളെയും കുറിച്ച്‌ വർഷങ്ങൾ നീണ്ട ഗവേഷണം നടത്തിയിട്ടുണ്ട്‌. രണ്ടരപ്പതിറ്റാണ്ടായി സ്വയം ചിട്ടപ്പെടുത്തിയ മോഹിനിയാട്ടങ്ങളാണ്‌ പകർന്നാടുന്നത്‌. അഹല്യയും സർപതത്വവും തുടങ്ങി ശ്രദ്ധേയമായ നൃത്താവിഷ്‌കാരങ്ങൾ പിന്നിട്ടാണ്‌ ‘ദി ക്രോസ്‌ ഓവറി’ലെത്തിയത്‌. പാമ്പാട്ടി സിദ്ധന്മാരുടെ കഥകളെ ആസ്പദമാക്കിയൊരുക്കിയ ഡാൻസ്‌ ഡോക്യുമെന്ററി ‘സർപതത്വം’ ഓസ്‌കർ മത്സരവേദിവരെയെത്തി. സർപതത്വത്തിന്റെ കാമറാമാൻ വിപിൻ ചന്ദ്രൻ തന്നെയാണ്‌  ‘ദി ക്രോസ്‌ ഓവറി’ന്റെയും കാമറയ്‌ക്കു പിന്നിൽ.



ആംഗ്യഭാഷ പഠിച്ചു; ലക്ഷ്യം സംവേദനം

മുദ്രകളിലൂടെ കാണികളെ വിസ്‌മിയിപ്പിക്കുമെങ്കിലും കേൾവി പരിമിതിയുള്ളവർ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്ന ഇന്ത്യൻ സൈൻ ലാംഗ്വേജ്‌ ദേവികയ്‌ക്ക്‌ അത്ര വശമുണ്ടായിരുന്നില്ല. ‘ദി ക്രോസ്‌ ഓവറി’നായി ആംഗ്യഭാഷ പഠിച്ചെടുക്കുകയായിരുന്നു. കോഴിക്കോട്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഡ്രീം ഓഫ്‌ അസ്‌’ ആണ്‌ സഹായിച്ചത്‌. ചെറുപ്പം മുതൽ മുദ്രകൾക്കൊപ്പം നടക്കുന്നൊരാൾക്ക്‌ അത്‌ പഠിച്ചെടുക്കുകയെന്നത്‌ പ്രയാസമേറിയ ഒന്നല്ല. എന്നാൽ, തന്റെ കലയ്‌ക്കാവശ്യമായ  ഭാഷയാണ്‌ പഠിച്ചെടുത്തത്‌. കേൾവി പരിമിതിയുള്ളവരിലേക്കും മോഹിനിയാട്ടത്തിന്റെ ഭംഗി പൂർണമായി എത്തിക്കുകയാണ്‌ തന്റെ ചുമതലയെന്നും ദേവിക പറയുന്നു.

കൺനിറയ്‌ക്കുന്ന പ്രതികരണം


തഞ്ചാവൂർ അമ്മവീട്ടിലും പരിസരത്തുമായാണ്‌ ദി ക്രോസ്‌ ഓവർ ചിത്രീകരിച്ചത്‌. കേൾവിപരിമിതിയുള്ള കുട്ടികൾക്ക്‌ മുന്നിലായിരുന്നു അവതരണം. എങ്ങനെ അനുഭവപ്പെട്ടുവെന്ന ചോദ്യത്തിന്‌ തങ്ങളുടെ ഹൃദയത്തിൽ ഒരു പ്രകമ്പനമായി കേൾക്കുകയായിരുന്നുവെന്ന്‌ നെഞ്ചിൽത്തൊട്ട്‌ അവർ പറയുമ്പോൾ ദേവികയുടെ കണ്ണുകൾ നിറഞ്ഞു. കഴിഞ്ഞ സൂര്യ ഫെസ്റ്റിവെലിലാണ്‌ ആദ്യമായി പ്രദർശിപ്പിച്ചത്‌. പിന്നീട്‌ മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും. കേൾവി പരിമിതിയുള്ളവരും അല്ലാത്തവരും ഒന്നുപോലെ ആസ്വദിക്കുന്നത്‌ ഹൃദ്യമായ അനുഭവമായിരുന്നു. ഇന്ത്യൻ സൈൻ ലാംഗ്വേജും നൃത്തമുദ്രകളും ഉൾച്ചേർത്തുള്ള ചില ടെംപ്ലേറ്റുകൾ ഇനിയും മനസ്സിലുണ്ട്‌. അതും ഉടനെ ചെയ്യണമെന്നാണ്‌ ആഗ്രഹമെന്നും ദേവിക പറയുന്നു.

കാവാലം നാരായണപ്പണിക്കരുടെ സ്മരണയ്‌ക്കായി ഏർപ്പെടുത്തിയ അവനവൻ കടമ്പ പുരസ്കാരം മേതിൽ ദേവികയ്‌ക്കായിരുന്നു. കാവാലം വരികളെഴുതിയ ‘ആഗ്നേയം നിമേശം’ നൃത്താവിഷ്‌കാരമാണ്‌ വിസ്‌മയാ മാക്‌സിൽ ദേവിക അവതരിപ്പിച്ചത്‌. ശ്രീബുദ്ധനുമായി ബന്ധപ്പെട്ടതാണ്‌ ഇതിവൃത്തം. വീട്‌ വിട്ടിറങ്ങുന്ന സിദ്ധാർഥന്റെ മനസ്സിലുടലെടുക്കുന്ന ആശങ്കകൾ.

തുടരുമോ സിനിമാക്കഥ


വെള്ളിത്തിരയിൽ ആദ്യമായി വേഷമിട്ട ‘കഥ ഇന്നുവരെ’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്‌. എന്നാൽ, തന്റെ ലോകം സിനിമയല്ല, നൃത്തമാണ്‌. പതിനേഴാം വയസ്സുമുതൽ തേടിയെത്തിയ അവസരം സ്വീകരിച്ചിരുന്നെങ്കിൽ ഒരുപക്ഷേ തന്റെ മേഖല സിനിമയായിപ്പോകുമായിരുന്നു. അത്‌ സ്വീകരിക്കാതിരുന്നതിനാലാണ്‌ നൃത്തലോകത്ത്‌ ഇടമൊരുക്കാൻ കഴിഞ്ഞത്‌. ഗുരുക്കന്മാർ പകർന്നുതന്ന കലാസിദ്ധി പുതിയ തലമുറയിലേക്ക്‌ കൈമാറിക്കൊടുക്കാൻ കഴിയുന്നതാണ്‌ ഏറ്റവും വലിയ സന്തോഷമെന്നും ദേവിക പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top