29 December Sunday

അതിർത്തിയിലേക്ക് ആറുനാഴിക

എ ജി ഒലീന oleenag@gmail.comUpdated: Sunday Dec 29, 2024


ആണധികാര സാമൂഹ്യവ്യവസ്ഥയ്ക്കുള്ളിൽ ഞെരിഞ്ഞമരുന്ന സ്ത്രീയവസ്ഥ അതിന്റെ സൂക്ഷ്മതയിൽ അഭിസംബോധന ചെയ്യുന്ന ഒരു കഥയാണ് എം ടിയുടെ കറുത്ത ചന്ദ്രൻ. നേരാംവണ്ണം ശ്വാസംവിടാൻപോലും കഴിയാതെ മാനസികവും ശാരീരികവും വൈകാരികവുമായ അടിച്ചമർത്തൽ സ്ത്രീയവസ്ഥയെ എത്രകണ്ട് നിസ്സഹായമാക്കുന്നെന്ന് കറുത്ത ചന്ദ്രനിലെ "പത്മ'എന്ന കഥാപാത്രം അവരുടെ സൂക്ഷ്മഭാവങ്ങൾകൊണ്ടും അതിലേറെ സൂക്ഷ്മമായ ഭാഷകൊണ്ടും നമ്മോട് സംവദിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള സ്ത്രീയുടെ പരമദനീയാവസ്ഥയെ മുൻനിർത്തിയാണ് നവോത്ഥാന നായകരിൽ ഒരാൾ "സംസ്കാരത്തിന്റെ ശക്തി ദൗർബല്യങ്ങളുടെ മാപിനിയാണ് സ്‌ത്രീയുടെ അവസ്ഥ'യെന്ന് പറഞ്ഞുവച്ചത്. ആ പ്രയോഗത്തിന്റെ സൂക്ഷ്മാർഥസാധ്യതയായി കറുത്ത ചന്ദ്രൻ എന്ന കഥ നമ്മുടെ മുന്നിൽ നിൽക്കുന്നു. ആർദ്രമായ ഒരു പ്രണയാനുഭവത്തിനൊടുവിൽ, രക്ഷിതാക്കളുടെ ആശീർവാദത്തോടെ വിവാഹിതയായ പത്മം അക്ഷരങ്ങളിലൂടെ അറിഞ്ഞ മധുവിധു എന്ന സ്വപ്നത്തെ നിരാകരിക്കുക മാത്രമല്ല, തന്റെ ഉടലിന്റെ അധികാരി താൻതന്നെയാണെന്ന തിരിച്ചറിവിൽ എത്തിച്ചേരുന്നു. പ്രണയത്തിന്റെ നാളുകളിൽ കേട്ട അയാളുടെ ശബ്ദവും കത്തുകളിലൂടെ കൈമാറിയ സ്വപ്നങ്ങളുമൊക്കെ അടുത്തിടപഴകിയ വേളയിൽ പടം പൊഴിഞ്ഞുവീഴുംപോലെ യാത്രാവേളയിൽ അവൾ തിരിച്ചറിയുന്നു.

"അതിർത്തിയിലേക്ക് ആറു നാഴികയുണ്ടെന്നു ചൂണ്ടുപലക രേഖപ്പെടുത്തുന്ന അങ്ങാടിയുടെ തുടക്കത്തിൽ കരിങ്കല്ലുകൾ ഇറക്കുന്ന ഒരു ലോറിയുടെ പിന്നിൽ അയാൾ കാർ നിർത്തി'എന്ന ആദ്യവാചകംമുതൽ "മുറിയിൽ ഇരുട്ടു പരന്നപ്പോൾ രാജാവിന്റെ മെത്തയുടെ അരികിൽ അൽപ്പംമാത്രം സ്ഥലം എടുത്ത്, നനയുന്ന കണ്ണുകൾ ജാലകമറയ്‌ക്കപ്പുറത്തെ ഇരുണ്ട രാത്രിയിലേക്ക് ഉയർത്തി അവൾ വിറങ്ങലിച്ചപോലെ കിടന്നു'എന്ന് അവസാന വാചകംകൊണ്ട് പൂർത്തിയാകുന്ന കഥാ ഘടനയിൽ, മധുവിധുവിൽ തെളിയുന്ന പൂർണ ചന്ദ്രനുപകരം കറുത്ത ചന്ദ്രനാണ് തെളിയുന്നത് എന്ന കഥാ ശീർഷകംകൊണ്ട് രേഖപ്പെടുത്തുന്ന സ്ത്രീയവസ്ഥയുടെ പരമ ദയനീയാവസ്ഥ നേർചിത്രമായി സൂക്ഷ്മ വായനയിൽ തെളിയുന്നു. ധാരാളമായി പഠിക്കപ്പെട്ടിട്ടുള്ള എം ടിയുടെ ആവിഷ്കാര ലോകം നിരവധിയായ നിരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. എം ടിയിലെ കാൽപ്പനികനെ വാഴ്ത്താനും വിമർശിക്കാനുമുള്ള ശ്രമങ്ങളും കാണാറുണ്ട്. ചിലപ്പോഴെങ്കിലും ലിംഗനീതിയുടെ സൈദ്ധാന്തിക പശ്ചാത്തലത്തിലും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം പഠനങ്ങളുടെ അനിവാര്യതയും സാധ്യതയും കാലം ആവശ്യപ്പെടുന്നുമുണ്ട്. 75 കൊല്ലം മുമ്പ് എം ടി എഴുതിയ ഒരു ലേഖനമുണ്ട്, 1949 മെയ് അഞ്ചിന്‌ ജയകേരളം മാസികയിൽ പ്രസിദ്ധീകരിച്ചത്‌.  അടുത്തകാലത്ത് കലാപൂർണയിൽ വീണ്ടും വായിക്കാൻ ഇടയായി. "കാറൽ മാർക്സ്‌' എന്ന ശീർഷകമുള്ള ലേഖനം. അന്ന്‌ എം ടിക്ക്‌ 16 വയസ്സ്. സാമ്പത്തികാസമത്വം എന്ന ഏറ്റവും വലിയ ചൂഷണാവസ്ഥയെക്കുറിച്ച് ഒരു കൗമാരക്കാരന്റെ ആശങ്ക ചെറിയ ലേഖനത്തിൽ ഉടനീളം നമുക്ക് കാണാം. മാർക്സിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം എന്ന നിലയിലാണ് ലേഖനത്തിന്റെ ഘടന. 

 

സമത്വസുന്ദരമായ മനുഷ്യസമുദായം എന്ന സ്വപ്നം ഏറ്റുവാങ്ങിയ ആ കൗമാരകാലംമുതൽതന്നെ മനുഷ്യർ അഭിമുഖീകരിക്കുന്ന നാനാതരത്തിലുള്ള ചൂഷണങ്ങളെ, മാറ്റിനിർത്തലുകളെ, അടിച്ചമർത്തലുകളെ ഒക്കെത്തന്നെ ഏറ്റെടുക്കാൻ അദ്ദേഹം പരിശ്രമിക്കുന്നുണ്ട്. അതിനുള്ള നിരന്തര പരിശ്രമം അദ്ദേഹത്തിന്റെ സമസ്ത കലാസൃഷ്ടികളിലും കാണാം. അധികാരമടക്കമുള്ള ചൂഷണം ആൺ/പെൺ ഭേദമില്ലാതെ ഏറ്റുവാങ്ങുന്ന നിരവധി കഥാപാത്രങ്ങൾക്കിടയിൽ വ്യവസ്ഥ ഏൽപ്പിക്കുന്ന പ്രഹരങ്ങളെ ഏറ്റുവാങ്ങുന്ന ഒട്ടനേകം സ്ത്രീകളെയും കാണാം; പത്മയെപ്പോലെ. വളർത്തുമൃഗങ്ങളിലെ ജാനമ്മ മുതൽ ശിലാലിഖിതം എന്ന കഥയിലെ പ്രൊഫസറുടെ മകളായ രേണു വരെ നീളുന്ന പെൺകഥാപാത്രങ്ങൾക്കിടയിൽ കാലത്തിലെ സുമിത്രയും വിൽപ്പനയിലെ വീട്ടമ്മയും കാഴ്ചയിലെ സുധക്കുട്ടിയും വല്യമ്മയും രണ്ടാമൂഴത്തിലെ ദ്രൗപദിയും വൈശാലിയും മഞ്ഞിലെ വിമലയും രണ്ടാനമ്മയും പള്ളിവാളും ചിലമ്പും എന്ന കഥയിലെ അമ്മയുമൊക്കെ ഭിന്നമാനങ്ങളിൽ കണ്ണിചേരുന്നു. ദാമ്പത്യത്തകർച്ചയ്ക്കൊടുവിൽ ബാങ്ക്‌ ഉദ്യോഗസ്ഥയായ സുധക്കുട്ടി ആശ്വാസം തേടി തന്റെ ഗ്രാമത്തിൽ എത്തുമ്പോൾ തന്നെക്കാൾ മുമ്പേ ആ തകർച്ചയുടെ കഥകൾ നാട്ടിൽ പരന്നതിന്റെ വേദന ഒട്ടൊന്നുമല്ല തളർത്തുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ചേചോലയിലെ വല്യമ്മയ്ക്ക് മാത്രമാണ് തന്നെ ശരിക്കും കാണാൻ കഴിയുന്നതെന്ന് അവൾ തിരിച്ചറിയുന്നു.

പുറം കാഴ്ചയ്ക്ക് അപ്പുറമുള്ള അകം കാഴ്ചയുടെ- കരുണയുടെ, ആർദ്രതയുടെ- അന്യോന്യം സുധകുട്ടിക്കും വല്യമ്മയ്‌ക്കും ഇടയിൽ വെളിപ്പെടുന്നു. "കാഴ്ച' സുധക്കുട്ടിയുടെ കഥയായി തുടങ്ങുകയും വായനയ്ക്കൊടുവിൽ അത് വല്യമ്മ എന്ന കഥാപാത്രത്തിലേക്ക് പരിവർത്തിക്കുകയും ചെയ്യുന്ന ആഖ്യാന തന്ത്രം മറ്റ് അനേകം ആവിഷ്കാരങ്ങളിൽ എം ടി വിദഗ്ധമായി പരീക്ഷിച്ചു വിജയിപ്പിക്കുന്നുണ്ട്. "കുളത്തിൽ പാലാട്ട് കോമനെ ഉണ്ണിയമ്മ പിന്നിൽ അഴിച്ചിട്ട മുടിയിൽ ഒളിപ്പിച്ച കഥ, കോവലന്റെയും കണ്ണകിയുടെയും കഥ, പിന്നീട് മധുരയിൽ ആദ്യമായി ചെന്നപ്പോൾ പെട്ടെന്ന് വല്യമ്മയുടെ കണ്ണകിചരിതം ഓർമിച്ചു. മുലപറിച്ചെറിഞ്ഞ് പട്ടണം മുഴുവൻ ചുട്ടുകരിച്ചത് കണ്ടുനിന്നപോലെയാണ് വല്യമ്മ വർണിച്ചിരുന്നത്' എന്നിങ്ങനെ വല്യമ്മയുടെ ആഖ്യാനചരിതം മാത്രമല്ല നമ്മുടെ മുമ്പിൽ നിൽക്കുന്നത്. വല്യമ്മ എന്ന കാഴ്ചയില്ലാത്ത ഉൾക്കാഴ്ച നല്ലോണമുള്ള ഒരു സ്ത്രീ കൂടിയാണ്. ഈ ചിത്രത്തിന്റെ മറ്റൊരു മുഖം കാലത്തിലെ സുമിത്രയിൽ നമ്മൾ കാണുന്നു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top