22 November Friday

നെൽക്കുഞ്ഞുങ്ങളുടെ വളർത്തമ്മ

സതീഷ‌് ഗോപിUpdated: Tuesday Jul 9, 2019


കൈപ്പാടിലെ നെൽച്ചെടികളുടെ ഓരം ചേർന്ന‌് നടക്കുമ്പോൾ ഈ കൃഷിശാസ‌്ത്രജ്ഞയുടെ മുഖത്തു വിരിയുന്ന പുഞ്ചിരി  പ്രതിഫലിക്കുന്നത‌് പരമ്പരാഗത കർഷകരുടെ സ്വപ‌്നങ്ങളിലാണ‌്. കാസർകോട‌്  പിലിക്കോട‌് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രത്തിലെ  പ്ലാന്റ്‌ ബ്രീഡിങ് ആൻഡ്‌ ജനിറ്റിക്‌സ്‌ വിഭാഗം മേധാവി ഡോ. ടി വനജ കർഷകർക്ക‌് സമ്മാനിച്ചത‌് അമൂല്യമായ നെൽവിത്തുകളാണ‌്. ലോകത്ത‌് ആദ്യമായി അഞ്ച‌്  ജൈവനെൽവിത്തുകൾ വികസിപ്പിച്ച‌് നാടിന‌് സമർപ്പിച്ചെങ്കിലും പണിയാളർക്കൊപ്പം ചെളിയിലിറങ്ങാനും അവർക്ക‌് മടിയില്ല. നെല്ലുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കൊപ്പം കുള്ളൻ തെങ്ങുകളുടെ ജനിതകശേഖരം തേടിയും കുരുമുളകിന്റെ വൈവിധ്യം തേടിയും സഞ്ചരിക്കുമ്പോഴും വനജ കർഷകത്തൊഴിലാളികളുടെ ഉന്നമനത്തിലും ശ്രദ്ധയൂന്നുന്നു.  അവരുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘മലബാർ കൈപ്പാട‌് ഫാർമേഴ‌്സ‌് സൊസൈറ്റി’ സർക്കാർ ഏറ്റെടുത്ത‌് കൈപ്പാട‌് ഏരിയാ ഡവലപ‌്മെന്റ‌് സൊസൈറ്റിയായി പ്രഖ്യാപിച്ചിട്ടുണ്ട‌്. തൊഴിൽസേനയും നെൽവിത്ത‌് വിതരണവും ജൈവ അരി വിപണനവുമായി സജീവമാണ‌് സൊസൈറ്റി. വിവിധ അംഗീകാരങ്ങളുടെ നിറവിൽ നിൽക്കുമ്പോഴും പുതിയ അറിവുകളുടെ ശേഖരണത്തിനും അത‌് നാടിന്റെ കർഷകസൈന്യത്തിന‌് പങ്കിടാനുമായുള്ള സപര്യയിലാണ‌് പയ്യന്നൂർ ഏച്ചിലാംവയൽ സ്വദേശിയായ ഈ അമ്പത്തിമൂന്നുകാരി.

കൈപ്പാട‌് എന്ന ജൈവകേദാരം
കാസർകോട‌്, കണ്ണൂർ, കോഴിക്കോട‌് എന്നീ ജില്ലകളിൽ വേലിയേറ്റത്തെയും വേലിയിറക്കത്തെയും ആശ്രയിച്ച‌് കൃഷി ചെയ്യുന്ന ജൈവമേഖല എന്ന‌് ‘കൈപ്പാടി’നെ വിശേഷിപ്പിക്കാം. ഉപ്പ‌് ലവണങ്ങളെ അതിജീവിക്കുന്നതും ഒടിഞ്ഞുവീഴാത്തതുമായ നെല്ലിനങ്ങളെയാണ‌് 15 വർഷത്തെ നിരന്തര ഗവേഷണത്തിലൂടെ ഡോ. വനജ വികസിപ്പിച്ചെടുത്തത‌്. ‘ഏഴോം ഒന്ന‌്’ ‘ഏഴോം രണ്ട‌്’ ഏഴോം മൂന്ന‌്’ ഏഴോം നാല‌്’ എന്നിവയാണ‌് ഇവ. ഉപ്പംശമില്ലാത്ത സാധാരണ മണ്ണിൽ വിളയാനുതകുന്ന ‘ജൈവ’ എന്ന ഇനവും വികസിപ്പിച്ചു. ഇവ ലോകത്താദ്യമായി ഒരു ശാസ‌്ത്രജ്ഞ വികസിപ്പിച്ചെടുത്ത ജൈവനെല്ലിനങ്ങളായാണ‌് പരിഗണിക്കപ്പെടുന്നത‌്. മറ്റ‌് നെല്ലിനങ്ങൾ രാസവളപരിപാലനത്തിലൂടെ അത്യുൽപ്പാദനം സൃഷ്ടിക്കുമ്പോൾ ഈ അഞ്ചിനങ്ങൾ ജൈവപരിപാലനത്തിലൂടെ അത്യുൽപ്പാദനം പൊലിപ്പിക്കുന്നു എന്നതാണ‌് പ്രത്യേകത. ഒരു ഗ്രാമപഞ്ചായത്തിന്റെ പേരിൽ അറിയപ്പെടുന്ന വിത്തുകൾ എന്നതും മറ്റൊരു പ്രത്യേകത.

അംഗീകാരങ്ങളുടെ കൊയ‌്ത്തുകാലം
നെല്ലിനങ്ങളുടെ ഗവേഷണത്തിനും സാമൂഹ്യമേഖലയിലെ ഇടപെടലിനും നിരവധി അംഗീകാരങ്ങൾ നൽകി നാട‌് ഡോ. വനജയെ ആദരിച്ചിട്ടുണ്ട‌്. കേരള ശാസ‌്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ വുവ ശാസ‌്ത്രജ്ഞക്കുള്ള പുരസ‌്കാരം, മികച്ച കാർഷിക ശാസ‌്ത്രജ്ഞയ‌്ക്ക‌് സംസ്ഥാനസർക്കാരിന്റെ കൃഷി വിജ്ഞാൻ അവാർഡ‌്, പഞ്ചാബ‌് അന്താരാഷ്ട്ര സമ്മേളനത്തിൽ പ്രബന്ധത്തിന‌് പുരസ‌്കാരം, മികച്ച കാർഷിക ഗവേഷണപ്രവർത്തനത്തിന‌് കേരള കാർഷിക കൗൺസിലിന്റെ ആദരവ‌്, കൈപ്പാട‌ിനെ അധികരിച്ച‌് നിർമിച്ച ‘കായൽക്കണ്ടം’ ഡോക്യുമെന്ററിക്ക‌് ചിൽഡ്രൻസ‌് ഫിലിം ഫൈസ‌്റ്റിവൽ പുരസ‌്കാരം, സമൂഹനന്മയ‌്ക്കുള്ള സംഭാവനയ‌്ക്ക‌് ഇന്റർ നാഷണൽ ബിസിനസ‌് കോൺസുലേറ്റിന്റെ മദർ തെരേസ സദ‌്ഭാവന പുരസ‌്കാരം, മാതൃഭൂമി വുമൺ ഓഫ‌് വീക്ക‌് പുരസ‌്കാരം, ഏഴോം ഗ്രാമപഞ്ചായത്ത‌് പുരസ‌്കാരം, മെഗാ അഗ്രിക്കൾച്ചറൽ ഫെസ‌്റ്റിവലിൽ കാർഷിക പ്രദർശനത്തിന‌് മെറിറ്റോറിയൽ അവാർഡ‌് എന്നിവ അവയിൽ ചിലതാണ‌്. അമേരിക്കയിലെ നൊർമൽ ബോർലോഗ‌് ഫെലൊഷിപ്പിന‌് ഷോർട‌് ലിസ‌്റ്റ‌് ചെയ്യപ്പെട്ടിട്ടുണ്ട‌്. ഗവേഷണഫലങ്ങൾ നേച്ചർ, ബ്രസീലിയൻ അരിസോണ, കറന്റ‌് സയൻസ‌്, ആസ‌്ട്രേലിയയിലെ ശാസ‌്ത്രജേണൽ എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. 51 കാർഷിക ലേഖനം, 67 ഗവേഷണപ്രബന്ധങ്ങൾ, എട്ട‌് പുസ‌്തകങ്ങൾ എന്നിവയും വനജയുടേതായുണ്ട‌്.
കൈപ്പാടിൽ കതിരിട്ട
സ്വപ‌്നങ്ങൾ
ഡോ. വനജയുടെ നേതൃത്വത്തിൽ രൂപീകരിച്ച മലബാർ കൈപ്പാട‌് ഫാർമേഴ‌്സ‌് സൊസൈറ്റി സജീവമായി മുന്നേറുകയാണ‌്. 80 അംഗങ്ങളുള്ള ഭക്ഷ്യസുരക്ഷാസേന കാർഷികയന്ത്രവൽക്കരണം, വിത്തുണ്ടാക്കൽ, ബഡ്ഡിങ്, ഗ്രാഫ‌്റ്റിങ്, ജൈവവളനിർമാണം,കോഴിവളർത്തൽ, തേനീച്ചകൃഷി, കരകൗശലനിർമാണം എന്നിവയും സംഘടിപ്പിക്കുന്നു. കൈപ്പാട‌് അരിക്ക‌് ഭൗമസൂചികാപദവി ലഭിച്ചതോടെ ഉൽപ്പാദനവും വിപണനവും ബ്രാൻഡ‌് നാമത്തിൽ തുടങ്ങി. വനജയുടെ നേതൃത്വത്തിൽ ഉത്തരകേരളത്തിലെ നാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തിനും പദ്ധതിയൊരുക്കി. കർഷകപങ്കാളിത്തത്തോടെ പിലിക്കോട‌് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച‌് പൈതൃകനെൽവിത്ത‌് ഗ്രാമം പദ്ധതി തുടങ്ങി. ഇവിടെനിന്ന‌് നാൽപത്തഞ്ചോളം നാടൻ നെൽവിത്ത‌് ശേഖരിച്ച‌് കൃഷിവകുപ്പിന‌് കൈമാറി. 120 ഓളം നാടൻ നെൽവിത്ത‌് സംരക്ഷിക്കുകയും ഇതിൽ പകുതിയുടെ ഗുണം പഠനവിധേയമാക്കുകയും ചെയ‌്തു.
യന്ത്രവൽകൃത പ്രകൃതി സൗഹൃദ ജൈവനെൽകൃഷി പരിശീലനത്തിനായി കണ്ണൂർ, കാസർകോട‌് ജില്ലകളിലെ വിവിധ പഞ്ചായത്തുമായി ചേർന്ന‌് പദ്ധതിയുണ്ടാക്കി. ജൈവനെൽകൃഷി മിഷനും രൂപീകരിച്ചിട്ടുണ്ട‌്. നെല്ലിന‌് ദോഷം ചെയ്യുന്ന വരിനെല്ല‌് നിവാരണം കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചു. സ‌്ത്രീകൾക്ക‌് കാർഷിക യന്ത്രവൽക്കരണത്തിലും പരിശീലനം നൽകുന്നു.
തെങ്ങ‌്–- കുരുമുളക‌് ഗവേഷണം
കുരുമുളകിനെ ആഫ്രിക്കൻ തിപ്പലിയുമായി ഹൈബ്രിഡൈസേഷൻ നടത്തി ദ്രുതവാട്ടം പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഹൈബ്രിഡ‌് സൃഷ്ടിച്ചതിന്റെ ഗവേഷണഫലം അന്താരാഷ്ട്ര മാഗസിനായ യൂഫൈറ്റിക്കയിൽ  പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. ഇതേ ശേഷിയുള്ള ഒരു കാട്ടുകുരുമുളകിനത്തെയും കണ്ടെത്തിയിട്ടുണ്ട‌്. 2015ൽ നാടൻ തെങ്ങിന്റെ ജനിതകസംരക്ഷണത്തിനായി കാസർകോട‌് മുതൽ തിരുവനന്തപുരം വരെ കേരളയാത്ര നടത്തി. എല്ലാ ജില്ലകളിലും തെങ്ങ‌് സഹകരണകൂട്ടായ‌്മയുണ്ടാക്കി. യാത്രയിൽ കണ്ടെത്തിയ അറുപതോളം ജനിതക ഇനങ്ങളെ ഗവേഷണകേന്ദ്രത്തിലെത്തിച്ച‌് സംരക്ഷിക്കുന്നു.
2012ൽ ഫ്രാൻസിൽ നടന്ന ആദ്യത്തെ ജൈവ നെൽകൃഷി സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച‌് പ്രബന്ധം അവതരിപ്പിച്ചു. കാർഷികമേഖലയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ, ഗ്രന്ഥങ്ങൾ, ഡയറക്ടറികൾ എന്നിവയും ഡോ. വനജയുടെ നേതൃത്വത്തിൽ തയ്യാറാക്കി.
നാടിനെ ഹരിതാഭമാക്കുന്ന ഡോ. വനജയുടെ വീടും കൃഷിയിനങ്ങളുടെ പരീക്ഷണകേന്ദ്രമാണ‌്. ഔഷധ ഉദ്യാനം, നക്ഷത്രവനം, നെല്ല‌്, പച്ചക്കറികൃഷി, കരിങ്കോഴി  വളർത്തൽ എന്നിവയിലും സജീവമാണ‌്.
വെള്ളൂരിലെ അധ്യാപക ദമ്പതികളായ പി പി ഭാസ‌്കരന്റെയും ടി സരോജിനിയുടെയും മകളാണ‌്. അമേരിക്കയിൽ എൻജിനീയറായ ചെല്ലട്ടോൻ ബാലകൃഷ‌്ണനാണ‌് ഭർത്താവ‌്. അമേരിക്കയിൽ ഗവേഷണവിദ്യാർഘിയായ ജിതിൻ കൃഷ‌്ണൻ, മദ്രാസ‌് സിഎംഐയിലെ  ബിരുദവിദ്യാർഥി ഹൃഷികേശ‌് ബാലകൃഷ‌്ണൻ എന്നിവർ മക്കൾ. മരുമകൾ. ചാന്ദ‌്നി നാരായണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top