22 December Sunday

നല്ല വിശേഷം

അതുല്യ ഉണ്ണി/ athulyaunni099@gmail.comUpdated: Sunday Jul 21, 2024


സാമൂഹ്യപ്രതിബദ്ധതയുള്ള  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച നടിയാണ് ചിന്നു ചാന്ദിനി. "അനുരാഗ കരിക്കിൻ വെള്ള'ത്തിലൂടെ ആയിരുന്നു ചുവടുവയ്‌പ്‌. പിന്നീട് ചെറിയ വേഷങ്ങളിൽ സിനിമകൾ ചെയ്തെങ്കിലും 2019ൽ പുറത്തിറങ്ങിയ "തമാശ'കരിയറിലെ ടേണിങ് പോയിന്റ് ആയി.
 ഭീമന്റെ വഴിയിലെ കഥാപാത്രം സാമൂഹ്യപ്രശ്നങ്ങളുടെയും സദാചാരത്തിന്റെയും വഴി വെട്ടിത്തെളിച്ച് സിനിമയിൽ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അടയാളപ്പെടുത്തുന്നതിന് ചിന്നുവിന് പുതുയാത്ര ഒരുക്കി. സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായി നായകനായി അഭിനയിക്കുന്ന ‘വിശേഷ’മാണ് ചിന്നുവിന്റെ ഏറ്റവും പുതിയ ചിത്രം. വിശേഷത്തെക്കുറിച്ച് ചിന്നു സംസാരിക്കുന്നു

വിശേഷത്തിലേക്ക്


 വിശേഷത്തിലേക്ക്ആനന്ദേട്ടനാണ് ആദ്യം വിളിച്ചത്. പിന്നീട് സംവിധായകൻ സൂരജ് ടോമും ആനന്ദേട്ടനും സൂം കോളുവഴി കഥ പറഞ്ഞുതന്നു. കഥ ഒരുപാട് ഇഷ്ടപ്പെട്ടു. ഒത്തിരി സന്തോഷത്തോടെ ചെയ്ത സിനിമയാണ് വിശേഷം.

നർമം

സിനിമ വിനോദത്തിനാണ്. പുതുതായി പുറത്തിറങ്ങിയ ഓരോ സിനിമ പരിശോധിക്കുമ്പോഴും ഹാസ്യത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. മിക്കവർക്കും ഒരുപക്ഷേ സിനിമ എന്നു പറയുന്നത് യാഥാർഥ്യത്തിൽനിന്നുള്ള രക്ഷപ്പെടലാണ്. ജീവിതമെന്നാൽ അതിൽ സന്തോഷമുണ്ട്, കണ്ണീരുണ്ട്, ബുദ്ധിമുട്ടുകൾ ഉണ്ട്. ആ യാഥാർഥ്യംതന്നെ സിനിമയിലൂടെ കാണാനുള്ള മാനസികാവസ്ഥ ഒരാൾക്ക് എപ്പോഴും ഉണ്ടാകണമെന്നില്ല. എന്നാൽ, ചില സമയങ്ങളിൽ അത് ആസ്വദിക്കുന്നുമുണ്ട്. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ലളിതമായി ഈ സിനിമയിലൂടെ പറയുന്നുണ്ട്. എല്ലാവർക്കും ഒരുപോലെ കുടുംബമായി കാണുന്നതിന് അവർ ഉപയോഗിച്ച മാർഗമാണ്
ഹാസ്യം.  

 ചിന്നുവും സജിതയും


രാവും പകലും തമ്മിലുള്ള വ്യത്യാസമാണ് രണ്ടുപേർ തമ്മിലുള്ളത്. തമാശയിലെ ചിന്നു എന്നു പറയുന്നത് വളരെ സന്തോഷവതിയും മറ്റ് ഭാരങ്ങളൊന്നും ഇല്ലാത്ത സമൂഹം അടിച്ചേൽപ്പിക്കുന്ന ഒന്നിനെയും വിലകൽപ്പിക്കാത്ത ഒരു കഥാപാത്രമാണ്. സ്വന്തം ലോകത്ത് വളരെ സന്തുഷ്ടയായി ജീവിക്കുന്ന ഒരു വ്യക്തി.  സജിത മറ്റൊരു ദിശയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമാണ്. സ്വന്തമായി തീരുമാനങ്ങൾ ഉണ്ടെങ്കിൽപ്പോലും സമൂഹത്തിന്റെ ചോദ്യങ്ങൾ ബാക്കി ആളുകളെപ്പോലെ സജിതയെയും എവിടെയൊക്കെയോ ബാധിക്കുന്നുണ്ട്. കുറെയേറെ ആളുകൾക്ക് റിലേറ്റ് ചെയ്യാൻ പറ്റും.

സജിതമാർ

 രസകരം എന്തെന്നാൽ കാതലിലെ വക്കീലിന്റെയും വിശേഷത്തിലെ പൊലീസിന്റെയും പേര് സജിത എന്നാണ്. ഷൂട്ട് ചെയ്ത് കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് അത് ഓർമ വന്നത്. മലയാളം സിനിമയിൽ കണ്ട ശക്തമായ കഥാപാത്രങ്ങൾ പലരും ഇത്തരം പ്രൊഫഷനിൽ ഉള്ളവരാണല്ലോ. ഞാൻ ആഗ്രഹിച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതുരണ്ടും. ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത് ജാക്സൺ ബസാർ എന്ന സിനിമയിലാണ്. ഇനി സൂപ്പർ ഹീറോ, ത്രില്ലർ, റൊമാന്റിക് കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്.

കഥാപാത്രങ്ങൾ

എനിക്ക് കാണാൻ ഇഷ്ടമുള്ള, അഭിനയിക്കാൻ ഇഷ്ടമുള്ള കഥാപാത്രങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പലതരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. ഇനി റിലീസിന് ഒരുങ്ങുന്ന "താനാരാ' കോമഡി ചിത്രമാണ്. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ആരെയും വിഷമിപ്പിക്കുന്നത് ആകരുതെന്ന് ചിന്തയുണ്ട്. എനിക്ക് ആസ്വദിക്കാൻ കഴിയുന്നതും എന്നെ ചലഞ്ച് ചെയ്യിപ്പിക്കുന്നതുമാകണം കഥാപാത്രങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top