22 December Sunday

ചൂളയാണ് ജീവിതം

ആൻസ്‌ ട്രീസ ജോസഫ്‌ annsjoseph204@gmail.comUpdated: Sunday Sep 1, 2024

ഇഷ്ടിക അടുക്കിവച്ചപോലെ കൂടിയിരിക്കുന്ന വീടുകൾ. അഞ്ച് ഏക്കറിൽ തിങ്ങിപ്പാർക്കുന്ന ജനങ്ങൾ. രാജാജി നഗർ അഥവ പഴമക്കാരുടെ ചെങ്കൽച്ചൂള. ഇവിടെ ഒരുപാട് കഥകളുണ്ട്. പലരായി പറഞ്ഞു വീര്യം കൂടിയ കഥകൾ. പക്ഷേ, ആ കഥകളേക്കാൾ ഉയരത്തിലും ഉച്ചത്തിലും കഥ പറയുന്നൊരുവൾ. ചെങ്കൽച്ചൂളയെ എല്ലാവരും അറിയണമെന്ന ചെറിയ ആഗ്രഹത്തിൽ അവളെഴുതിയ പുസ്തകം വായിച്ചവർ നിരവധിയാണ്.

ഇനിയത് പഠിക്കാനും കുറെയധികം പേരുണ്ടാകും. എസ് ധനുജകുമാരിയുടെ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ ചെങ്കൽച്ചൂളയുടെ ചരിത്രം, മനുഷ്യരുടെ ജീവിതം, സ്ത്രീ, വീട്ടമ്മ, ശുചീകരണ തൊഴിലാളി എന്നീ നിലകളിലെ ജീവിതമാണ് പുസ്തകത്തിന്റെ ഓരോതാളും. ആത്മകഥാംശമുള്ള കഥകൾ. തിരുവനന്തപുരം നഗരമധ്യത്തിലെ രാജാജി നഗറിലെ താമസക്കാരിയും (പഴയ പേര് ചെങ്കൽച്ചൂള കോളനി) ഹരിതകർമ സേനാംഗവുമായ ധനുജകുമാരിയുടെ ‘ചെങ്കൽച്ചൂളയിലെ എന്റെ ജീവിതം’ എന്ന പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കും പാഠപുസ്തകമാണ്.

പ്രതികളെയല്ല പ്രതിഭകളെ തിരയൂ


"സെക്രട്ടറിയറ്റ് നിർമിക്കാൻ ചെങ്കല്ലിന്‌ മണ്ണെടുത്ത സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് ചെങ്കൽച്ചൂളയെന്ന പേര് കിട്ടിയത്. അടയ്ക്കാത്ത വാതിലുകളും സ്വാതന്ത്ര്യത്തോടെ കയറിച്ചെല്ലാവുന്ന വീടുകളും സ്നേഹമുള്ള മനുഷ്യരുമുള്ള ഇടമാണ്.' താൻ ജനിച്ചുവളർന്ന രാജാജി നഗറിനെകുറിച്ച് ധനുജകുമാരി പറഞ്ഞുതുടങ്ങി. എല്ലാ ‍ഞായറാഴ്ചയും ഇവിടെയോരോ വിജയാഘോഷമുണ്ടാകും. ഞങ്ങളുടെ പിള്ളേര് ഫുട്ബോൾ‌ കപ്പടിച്ചു വരും. ഓണവും ക്രിസ്മസും ആഘോഷമാക്കുന്ന ചെങ്കൽച്ചൂള എന്റെ വിജയവും ആഘോഷിക്കുകയാണ്.


എല്ലാ ദിവസവും ഇവിടെ വിഭവസമൃദ്ധമാണ്, തൊട്ടടുത്ത അടുക്കളയിലെ കറിയും ഊണുമേശയിലുണ്ടാകും. ഞങ്ങൾ ഉറക്കെ സംസാരിക്കുന്നവരാണ്, സങ്കടം വന്നാൽ വാവിട്ട് നിലവിളിക്കും അതുപോലെതന്നെ സന്തോഷം വന്നാൽ ആർത്തുചിരിക്കും. ഞങ്ങൾക്ക് രഹസ്യങ്ങളില്ല മറയ്‌ക്കാനൊന്നുമില്ല, പക്ഷേ അത് എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല. ഇവിടെ നിറയെ പ്രതിഭകളുണ്ട്. പക്ഷേ, പ്രതികളെ അന്വേഷിച്ച് വരാനാണ് പലരും താൽപ്പര്യപ്പെടുന്നത്. ഇവിടത്തെ മനുഷ്യരെ അറിയാൻ എല്ലാവരും ശ്രമിക്കണം. ചേരികളെന്നും കോളനികളെന്നും പറയുമ്പോൾ അവിടെയുള്ളവരെക്കുറിച്ചുള്ള മുൻധാരണകൾ മാറണം. ‍സ്വന്തം അധ്വാനത്തിൽ ഉയർന്നുവരുന്നവരാണ്, അവരെ തളർത്താതിരുന്നാൽമാത്രം മതി. ‌

കുട്ടിക്കാലത്ത് സ്കൂളിൽനിന്ന് ജാതി, കോളനി വിവേചനങ്ങൾ ഉണ്ടായെങ്കിലും അത് മനസ്സിലായിരുന്നില്ല. എന്നാൽ ഞങ്ങളുടെ മക്കളുടെ വിഷയം വന്നപ്പോഴാണ് ഇതിന്റെ തീവ്രത. മകൻ നിധീഷിനെ ചെണ്ട പഠിപ്പിക്കാൻ 2006ൽ കലാമണ്ഡലത്തിൽ ചേർത്തെങ്കിലും അവനവിടെ തുടരാൻ കഴിഞ്ഞില്ല. സംവരണ വിഭാഗത്തിൽ സീറ്റിന്റേതായ വിവേചനങ്ങളും മോശം പെരുമാറ്റവും അധ്യാപകരിൽനിന്നടക്കം വന്നതോടെ അവൻ പഠനം നിർത്തി. ധനുജകുമാരി പറയുന്നു. പിന്നീട് എ ആർ റഹ്മാൻ മ്യൂസിക് കോളേജിൽനിന്ന് സൗണ്ട് എൻജിനിയറിങ്ങിൽ ബിരുദം നേടി. മക്കളായ നിധീഷും സുധീഷും സംഗീതവഴിയിലാണ്. ഇരുവരും മ്യൂസിക് ബാൻഡുകളിൽ സജീവമാണ്. ഭർത്താവ് സതീഷും അറിയപ്പെടുന്ന ചെണ്ടകലാകാരനാണ്. ഗാർഹിക തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ട്രഷററും സിഐടിയു സംസ്ഥാന കൗൺസിൽ അംഗവുമാണ് ധനുജകുമാരി.

കുത്തിക്കുറിക്കൽ


കൊല്ലത്തെ ബോർഡിങ് സ്കൂളിലെ നാല് മുതൽ ആറുവരെ പഠനകാലത്താണ് എഴുതിത്തുടങ്ങിയത്. ജീവിതത്തിനൊരു അടുക്കും ചിട്ടയും വന്നതും അവിടം മുതലാണ്. ഡയറിക്കുറിപ്പുകൾപോലെ എഴുതിത്തുടങ്ങിയത് ജീവിതത്തിന്റെ ഭാഗമായി മാറി. ഡയറിയിലോ നോട്ടുബുക്കിലോ ഒന്നുമായിരുന്നില്ല എഴുത്ത്, എഴുതിത്തീർന്ന വാക്കുകൾക്ക് മുകളിലൂടെയായിരുന്നു കുറിപ്പുകൾ മുഴുവൻ. പത്രങ്ങളിലും കടയിൽനിന്ന് സാധനം വാങ്ങുന്ന കവറിലുമെല്ലാം എഴുതിയിട്ടുണ്ട്. ഒമ്പതാം ക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും മലയാളം നന്നായിട്ട് എഴുതാൻ അറിയാം. പിന്നീട് കോളനിയിലെ പ്രശ്നങ്ങളിൽ പരാതികൊടുക്കാനും അപേക്ഷകൾ എഴുതാനും എല്ലാവരെയും സഹായിക്കുന്നതായി എഴുത്ത്. 2013ൽ ഇടം സാംസ്കാരിക വേദിയുടെ ഭാഗമായി പി പി സത്യന്റെ നേതൃത്വത്തിൽ ഒരുകൂട്ടം സാഹിത്യകാരന്മാർ  സാഹിത്യപ്രവർത്തനങ്ങൾ‌ക്കായി രാജാജിനഗറിൽ എത്തി. അവരുമായുള്ള സംസാരത്തിനിടെ ധനുജയുടെ ചോദ്യമാണ് ചെങ്കൽച്ചൂള എന്ന പുസ്തകത്തിന്റെ പിറവിയിലേക്ക് നയിച്ചത്.

‘കഥ കേൾക്കുന്നപോലെ ഞങ്ങളെ കേൾക്കുന്നവർ പിന്നീട് തിരിഞ്ഞുനോക്കാറില്ലെ’ന്ന പരിഭവത്തിന് ‘ഈ പറഞ്ഞവ ഒരു  പുസ്തകമാക്കിക്കൂടെ, അധികാരികൾ മാത്രമല്ല സമൂഹം ഇത് കേൾക്കും.’ എന്ന സത്യന്റെ മറുചോദ്യമായിരുന്നു ധനുജകുമാരിക്ക് പ്രചോദനമായത്. പലയിടത്തായി കുറിച്ചുവച്ച വാക്കുകൾ ചേർത്തൊരു പുസ്തകം എഴുതിത്തുടങ്ങി. സഹായിച്ചത് ചിന്ത പബ്ലിഷേഴ്സിലെ വിജില ചിറപ്പാടാണ്. 2014ൽ പ്രസിദ്ധീകരിച്ച പുസ്തകം ഇപ്പോൾ അഞ്ചാം പതിപ്പിലെത്തി. ഒമ്പതാം ക്ലാസുകാരിയെ കുട്ടികൾ പഠിക്കുന്നതിന്റെ സന്തോഷത്തിലാണ് ധനുജകുമാരി. ഒപ്പം രാജാജി നഗറിലെ പോരാട്ടങ്ങൾ അടയാളപ്പെടുത്തിയ ആദ്യ പുസ്തകത്തിന്റെ തുടർച്ചയായി വിജയങ്ങളെക്കുറിച്ച് പറയാൻ രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പും തുടങ്ങി. രാജാജി നഗറിലുള്ളവരെക്കുറിച്ചുള്ള ഡാറ്റാ ബാങ്കും ധനുജകുമാരി തയ്യാറാക്കും.

ലഹരിയെ പുറത്താക്കിയ പെൺപട

രാജാജി നഗറിലെ പെണ്ണുങ്ങൾ ചിറകുള്ളവരാണ്, സ്വന്തം ആകാശം സ്വയം നിശ്ചയിച്ച് പറക്കുന്നവർ. അങ്ങനെയാണ് രാജാജി നഗറിനെ വിഴുങ്ങുമായിരുന്ന ലഹരിയെ അവർ ഒത്തുചേർന്ന് പുറത്താക്കിയത്. വീട്ടകങ്ങളിൽ മലയാളിയെ പിടിച്ചിരുത്തിയ കോവിഡ് കാലത്ത് രാജാജി നഗർ പതിവുപോലെ ഒറ്റത്തുരുത്തായി മാറി. ആ സമയത്താണ് ചെറിയ കുട്ടികളടക്കം ലഹരി ഉപയോഗത്തിലേക്ക് എത്തിയത്. ഇതോടെ സ്ത്രീകൾ ചേർന്ന് വിങ്സ് ഓഫ് വിമൺ എന്ന പേരിൽ ഒരു കൂട്ടായ്മ ആരംഭിച്ചു. വിജി പ്രസിഡന്റും ധനുജകുമാരി സെക്രട്ടറിയും.

ഇവിടെ ലഹരി എത്തിച്ചിരുന്നവരെ എക്സൈസിന്റെ സഹായത്തോടെ പിടികൂടി. തുടർന്ന് മറ്റുള്ളവർക്ക് ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിന്റെ അടുത്തപടിയായി ലൈബ്രറിയും ആരംഭിച്ചു.  മാസത്തിലൊരിക്കൽ മെ‍ഡിക്കൽ ക്യാമ്പും അവശരായ അമ്മമാരുടെ ശുശ്രൂഷയും വിങ്‌സ്‌ ഓഫ് വിമൺ ഏറ്റെടുത്തു. കൂട്ടായ്മയിലെ 30 സ്ത്രീകൾ ചേർന്ന് സമാഹരിക്കുന്ന തുകയിൽനിന്ന് നിർധനരായവർക്ക് ഓണക്കിറ്റും ഓണക്കോടിയും സ്കൂൾതുറക്കലിന് പഠനകിറ്റും നൽകി. അതുപോലെ കുട്ടികൾക്കായി പ്രത്യേക അവധിക്കാല ക്യാമ്പുകളും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top