29 September Sunday

നല്ല നാടകങ്ങൾ ജനം സ്വീകരിക്കും

ജിഷ അഭിനയ jishaabhinaya@gmail.comUpdated: Sunday Sep 29, 2024


അരങ്ങിലെ വെളിച്ചം. അതിനു കീഴിലെന്നും ജ്വലിക്കുന്നവളാണ്‌ അഭിനേത്രി. ആ വിശ്വാസമാണ്‌ തന്നെ എന്നും മുന്നോട്ട്‌ നയിക്കുന്നതെന്ന്‌ ശ്രീജ സംഘകേളി പറയുന്നു. തിരുവനന്തപുരം സംഘകേളി പ്രൊഫഷണൽ നാടകസമിതിയിൽ 20 വർഷമായി ശ്രീജ അഭിനേത്രിയാണ്‌.  നാടകവേദിയിലെ അഭിനയമികവാണ്‌ ശ്രീജയെ വേറിട്ടതാക്കുന്നത്‌. 

‘വർത്തമാന നാടകവേദിയിലെ പ്രകടമായ മാറ്റങ്ങൾ അഭിമാനാർഹമാണ്‌. നാടകത്തിൽ സ്‌ത്രീകൾ അഭിനേത്രി മാത്രമല്ല, എല്ലാ രംഗങ്ങളിലും അവർ മുന്നോട്ടുവരുന്നുവെന്നതും പ്രതീക്ഷ പകരുന്നു. ഇതാകട്ടെ സമൂഹം അംഗീകരിക്കപ്പെടുന്നുവെന്നതും സന്തോഷം. അരങ്ങിലെ ആദ്യകാലങ്ങൾ അക്ഷരാർഥത്തിൽ സമരവഴികൾതന്നെയാണ്‌. അതെല്ലാം മറികടന്നാണ്‌ ഇന്ന്‌ കാണുന്ന അരങ്ങിലേക്ക്‌ സ്‌ത്രീയെത്തിയത്‌’–- ശ്രീജ പറയുന്നു.

പതിനഞ്ചാമത്തെ വയസ്സിലാണ്‌ ആദ്യമായി അരങ്ങിലെത്തിയത്‌. നാട്ടിലെ കലാസംഘടനയുടെ ഭാഗമായി ഇബ്രാഹിം വേങ്ങരയുടെ ‘കാളിഗ്രാമം’ എന്ന നാടകത്തിൽ അഭിനയിച്ചു. തുടർന്ന്‌  നിരന്തരം അമച്വർ നാടകങ്ങൾ. കോളേജ്‌ പഠനത്തോടൊപ്പം പ്രൊഫഷണൽ നാടകങ്ങളിലും അഭിനയിച്ചു.  കോഴിക്കോട് സോമ, കോഴിക്കോട് കലാഭവൻ, തൃശൂർ നാടകവേദി, കോഴിക്കോട് സപ്തസ്വര, വടകര വരദ,  കോഴിക്കോട് സങ്കീർത്തന, അങ്കമാലി പൂജ, അങ്കമാലി അമ്മ കമ്യൂണിക്കേഷൻ, കണ്ണൂർ സൂര്യശ്രീ തുടങ്ങി തിരുവനന്തപുരം സംഘകേളിയിൽ എത്തിനിൽക്കുന്നു.

2017ൽ ഒരുനാഴി മണ്ണ്, 2019ൽ മക്കളുടെ ശ്രദ്ധയ്ക്ക് എന്നീ നാടകങ്ങളിൽ കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പുരസ്‌കാരം ലഭിച്ചു. അടൂർഭാസി കൾച്ചറൽ ഫോറം, ഭാരത് സേവക് സമാജ്, ഗുരുവായൂർ സിസിസി, ഇരിങ്ങാലക്കുട എസ്‌എൻവൈഎസ്‌, തൃശൂർ ടാസ്, പത്തനാപുരം ഗാന്ധിഭവൻ എന്നിങ്ങനെ നിരവധി പുരസ്‌കാരം ലഭിച്ചു. ഓരോ നാടകവും വ്യത്യസ്‌ത അനുഭവങ്ങൾ സമ്മാനിക്കുന്നു. കൂടുതൽ പഠിക്കാനും സാധിക്കുന്നു.

ആർട്ടിസ്റ്റുകൾക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഇപ്പോൾ മാന്യമായ വേതനം കിട്ടുന്നുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക്‌ ചിലയിടങ്ങളിൽ കൂടുതൽ ശമ്പളം നൽകുന്നുണ്ട്‌. ആദ്യകാലങ്ങളേക്കാൾ വേദികളുടെ എണ്ണം കുറഞ്ഞെങ്കിലും നല്ല നാടകങ്ങളെ ജനങ്ങൾ സ്വീകരിക്കുന്നുവെന്നതും പ്രതീക്ഷാവഹം. മുഹമ്മദ്‌ വെമ്പായം രചനയും ജലീൽ സംഘകേളി സംവിധാനവും നിർവഹിക്കുന്ന ‘ലക്ഷ്‌മണരേഖ’ എന്ന നാടകത്തിന്റെ തയ്യാറെടുപ്പിലാണ്‌ ശ്രീജ. തൊഴിലിടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന ചൂഷണമാണ്‌ നാടകത്തിന്റെ പ്രമേയം. കോഴിക്കോട് പേരാമ്പ്ര പാണ്ടിക്കാടാണ്‌ ശ്രീജയുടെ സ്വദേശം. നിലവിൽ തിരുവനന്തപുരത്താണ്‌ താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top