22 December Sunday

ഹിന്ദുത്വ പ്രൊപ്പഗണ്ട പ്രതിഷേധാർഹം

തയ്യാറാക്കിയത്‌ ജിഷ അഭിനയUpdated: Sunday Nov 3, 2024

പാലക്കാട്‌ പൂക്കോട്ടുകാവിന്റെ പെരുമ അങ്ങ്‌  ‘തങ്കലാൻ’ വരെയെത്തി. ശ്രുതി ജാനകി എന്ന മിടുക്കിയിലൂടെ. സിനിമാലോകത്തെ വിസ്‌മയിപ്പിച്ച പാ രഞ്‌ജിത്തിന്റെ തങ്കലാൻ എന്ന സിനിമയുടെ അസിസ്‌റ്റന്റ്‌ ഡയറക്ടറിലൊരാൾ ശ്രുതി ജാനകിയെന്ന കൊച്ചുമിടുക്കിയാണ്‌. പാ രഞ്‌ജിത്തിനെപ്പോലെ ഒരു സംവിധായകന്‌ കീഴിൽ എങ്ങനെയെത്തിപ്പെട്ടുവെന്ന്‌ ചോദിച്ചാൽ ശ്രുതി പറയും. വളരെ കൃത്യമായി പഠിച്ച്‌ നിരീക്ഷിച്ച്‌ ഒടുവിൽ അദ്ദേഹത്തിനരികിലെത്തി. ശ്രീകൃഷ്‌ണപുരം എൻജിനിയറിങ്‌ കോളേജിൽ ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻസിൽ പഠനം പൂർത്തിയാക്കിയ ശ്രുതി പിന്നീട്‌ തിരുവനന്തപുരം സിഡിറ്റിൽ വിഡിയോ എഡിറ്റിങ്‌ പഠിച്ചു. തുടർന്ന്‌ ദൂരദർശൻ, ഏഷ്യാനെറ്റ്‌ എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. ഇതിനിടെ അപ്പു ഭട്ടതിരിയുടെ കൂടെയും ഒരു വർഷം  വീഡിയോ എഡിറ്ററായി. മണിയറയിലെ അശോകൻ, ഗാകുൽത്തായിലെ കോഴിപ്പോര്‌ തുടങ്ങിയ സിനിമകൾ ചെയ്‌തു. വിധു വിൻസെന്റിന്റെ സ്‌റ്റാൻഡ്‌ അപ്‌  എന്ന സിനിമയുടെ വീഡിയോ എഡിറ്ററായും പ്രവർത്തിച്ചു. തുടർന്നാണ്‌ ചെന്നൈയിലേക്ക്‌ എത്തിയത്‌. അപ്പോഴെല്ലാം സിനിമ എന്ന ഒറ്റ മോഹം മാത്രമായിരുന്നു മുന്നിൽ. പിന്നീട്‌  പാ രഞ്‌ജിത്തിന്റെ യു ട്യൂബ്‌ ചാനലായ നീലം സോഷ്യലിൽ എത്തി. തമിഴ്‌ സിനിമാ ലോകത്തെത്തിയപ്പോൾ മികച്ച സ്വീകാര്യതയായിരുന്നുവെന്ന്‌ ശ്രുതി പറയുന്നു. മികച്ച ജോലി സാധ്യതയും ശമ്പളവും ഇവിടെ നിന്ന്‌ ലഭിക്കുന്നു. ആദ്യമെല്ലാം വീട്ടുകാർക്ക്‌ വലിയ ആശങ്കയായിരുന്നു. തമിഴ്‌ സിനിമാ ലോകം നമുക്ക്‌ കേട്ടുകേൾവി മാത്രമായിരുന്നല്ലോ. എന്നാൽ എല്ലാത്തിനും ധൈര്യം പകർന്ന്‌ അമ്മ കൂടെയുണ്ടായിരുന്നു.

ഒന്നര വർഷം ഷൂട്ടിങ്‌
തങ്കലാനിൽ വിക്രം, പാർവതി എന്നിവരോടൊപ്പമുള്ള ജോലി എറെ രസകരമായിരുന്നു. വിക്രം എപ്പോഴും ചോദിക്കും അമ്മയെന്ത്‌  പറയുന്നു, നാട്ടിലെ വിശേഷമെന്ത്‌.. അമ്മ മോളെ കണ്ട്‌ തിരിച്ചറിഞ്ഞോ എന്നിങ്ങനെ. സിനിമ പുറത്തിറങ്ങാൻ കുറേ വൈകി. ഒരു വർഷം റിസർച്ചിന്‌ തന്നെ വേണ്ടി വന്നു. പലയിടങ്ങളിലും പോയി സിനിമയ്‌ക്ക്‌ വേണ്ടി പഠിച്ചു. പിന്നെ ഒന്നര വർഷം ഷൂട്ടിങ്‌.  ആന്ധ്രയിലെ കടപ്പയിലായിരുന്നു കുറച്ചു നാൾ ഷൂട്ടിങ്‌. അന്നെല്ലാം അഞ്ചുകിലോ മീറ്ററിലധികം നടക്കണം. ഒരുപാട്‌ കഷ്‌ടപ്പെട്ടു. മധുരയിലാകട്ടെ, നല്ല പാറയുടെ മുകളിലായിരുന്നു ഷൂട്ടിങ്‌. ദേഹമാകെ സൺബേൺ വന്നു. വീട്ടിൽ ചെല്ലുമ്പോൾ അമ്മയ്‌ക്ക്‌ വലിയ സങ്കടമാകും എന്നെ കാണുമ്പോൾ. എന്നാലും പാ രഞ്‌ജിത്തിന്റെ കൂടെ വർക്ക്‌ ചെയ്യുന്നുവെന്ന അഭിമാനത്തിലും ആഹ്ലാദത്തിലുമായിരുന്നു അവർ. ഒരിക്കൽ എന്നെക്കണ്ട്‌ ഞാനാകെ ക്ഷീണിച്ചെന്നും പറഞ്ഞ്‌ അമ്മ കരഞ്ഞു.

സ്വന്തമായി സിനിമ
വളരെ കഠിനാധ്വാനിയാണ്‌ വിക്രം. ഫൈറ്റ്‌ രംഗങ്ങളിൽ ഡ്യൂപ്പ്‌  വേണ്ടെന്നും പറഞ്ഞ്‌ അദ്ദേഹം തന്നെയിറങ്ങും. അതുപോലെ തന്നെ പാ രഞ്‌ജിത്തും. തുടർന്നും അദ്ദേഹത്തിന്റെ സിനിമയിൽ പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.  സ്വന്തമായി സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ശ്രുതി.  അച്‌ഛൻ ശിവൻ ഡ്രൈവറാണ്‌. അമ്മ അശ്വതി വീട്ടമ്മയും. ശ്രീജിത്ത്‌, ശ്രീകാന്ത്‌ എന്നിവരാണ്‌ സഹോദരങ്ങൾ.


 

ഹിന്ദുത്വ പ്രൊപ്പഗണ്ട
രാഷ്ട്രീയ പ്രൊപ്പഗണ്ട സിനിമയായ വീരസവർക്കർ ഐഎഫ്എഫ്ഐയിൽ ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന ജൂറിയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധത്തോടെയാണ് കാണുന്നത്. ഹിന്ദുത്വ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഈ ശ്രമത്തെ അംഗീകരിക്കാൻ ആകില്ല.
ഒരു വശത്തു പാ രഞ്ജിത്ത്, മാരി സെൽവരാജ്, ഡോ. ബിജു, നാഗരാജ് മഞ്ജുലെ പോലുള്ള സംവിധായകർ ഹിന്ദുത്വത്തിനെതിരെ ശക്തമായി തങ്ങളുടെ സിനിമകൾ വഴി, പ്രതിഷേധിക്കുമ്പോൾ, മറു വശത്തു, ഇത്തരം ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമകൾ സംഭവിക്കുകയും ഫിലിം ഫെസ്റ്റിവൽ, നാഷണൽ ഫിലിം അവാർഡ് തുടങ്ങിയ ഇടങ്ങളിൽ അവരുടെ അജൻഡ നടപ്പിലാക്കുകയും ചെയ്യുന്നു. ശ്രുതി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top