print edition പൊന്നാനിയിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമാണ റാക്കറ്റ് പിടിയിൽ

മലപ്പുറം: വിദേശ സർവകലാശാലകളുടേത് ഉൾപ്പെടെ ലക്ഷക്കണക്കിന് വ്യാജ സർട്ടിഫിക്കറ്റുകൾ അച്ചടിച്ച് വിതരണംചെയ്യുന്ന അന്തർസംസ്ഥാന സംഘം അറസ്‌റ്റിൽ. പൊന്നാനി സിവി ജങ്‌ഷനിലെ വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവിധ സംസ്ഥാനങ്ങളിൽനിന്നായി 11 പേരെ പ്രത്യേക സംഘം പിടികൂടിയത്.
മുഖ്യപ്രതി തിരൂർ മീനടത്തൂർ നെല്ലിക്കതറയിൽ ധനീഷ് (37), പൊന്നാനി പോത്തന്നൂർ മൂച്ചിക്കൽ ഇർഷാദ് (39), പുറത്തൂർ നമ്പ്യാരത്ത് വീട്ടിൽ രാഹുൽ (30), തിരൂർ പയ്യാരങ്ങാടി ചാലു പറമ്പിൽ വീട്ടിൽ നിസ്സാർ (31), തിരുവനന്തപുരം നെടുമങ്ങാട് മണകോഡ് ജസീം മൻസിലിൽ ജസീം (31), ജസീമിന്റെ ഭാര്യാ സഹോദരൻ ഷഫീഖ് (40), നെടുമങ്ങാട് സ്വദേശി രതീഷ് (38), അഫ്സൽ (31), തമിഴ്നാട് ശിവകാശി സ്വദേശികളായ ജൈനുൽ ആബിദ്ദീൻ (40), അരവിന്ദ് (24), വെങ്കിടേഷ് (24) എന്നിവരാണ് അറസ്‌റ്റിലായത്.
ഡാനി എന്ന വ്യാജ പേരിൽ തിരൂർ മീനടത്തൂർ ധനീഷാണ് പൊള്ളാച്ചിയിൽ വീടുവാടകയ്ക്ക് എടുത്ത് വ്യാജ സർട്ടിഫിക്കറ്റ് പ്രിന്റിങ് പ്രസ് നടത്തിയിരുന്നത്. തമിഴ്‌നാട് സ്വദേശികളാണ് സഹായത്തിനുണ്ടായിരുന്നത്. വിവിധ സർവകലാശാലകളുടെ മുദ്രയോടുകൂടിയ സർട്ടിഫിക്കറ്റ് പേപ്പറുകളും ഹോളോ ഗ്രാം സീലുകളും വൈസ് ചാൻസലർ സീലുകളും കംപ്യൂട്ടറുകളും പ്രിന്ററും ഇവിടെനിന്ന് പിടിച്ചെടുത്തു.
ഇർഷാദിന്റെ പൊന്നാനി സിവി ജങ്‌ഷനിലുള്ള വിദേശ വിദ്യാഭ്യാസ റിക്രൂട്ടിങ് സ്ഥാപനത്തിൽ സർട്ടിഫിക്കറ്റുകൾ വിതരണത്തിന് എത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധനയിൽ വിവിധ സർവകലാശാലകളുടെ നൂറോളം വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും പിടിച്ചെടുത്തു. ഇർഷാദിന് സഹായം നൽകിയതിനാണ് രാഹുൽ, നിസ്സാർ എന്നിവർ അറസ്‌റ്റിലായത്. തുടർ അന്വേഷണത്തിൽ നെടുമങ്ങാട് മണകോഡ് സ്വദേശി ജസീം ആണ് സർട്ടിഫിക്കറ്റുകൾ എത്തിച്ചുനൽകുന്നതെന്ന് മനസ്സിലാക്കി. ബംഗളൂരുവിലെ ഒളിസങ്കേതത്തിൽനിന്ന് ജസീമിനെ പിടികൂടി.
വ്യാജ സർട്ടിഫിക്കറ്റ് വിതരണത്തിന് മുമ്പും ധനീഷ് പിടിയിലായിട്ടുണ്ട്. തിരൂരിൽ ആഡംബര വീടും പുണെയിൽ രണ്ട് ഫൈവ് സ്റ്റാർ ബാറുകളും അപ്പാർട്ട്മെന്റുകളും ഗൾഫിൽ ബിസിനസ് സ്ഥാപനവും ഉൾപ്പെടെ കോടികളുടെ ഇടപാടുകളുമായി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ധനീഷ്. കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ കുന്നമംഗലത്തുനിന്നാണ് പിടികൂടിയത്. പ്രിന്റിങ് പ്രസിലെ തൊഴിലാളികളെ ശിവകാശിയിൽനിന്നും അറസ്‌റ്റ് ചെയ്‌തു.










0 comments