സ്കൂളുകൾ 31ന് തുറക്കും; പുതിയ അധ്യയന വർഷത്തിനൊരുങ്ങി യുഎഇ

ദുബായ് : വേനലവധിക്കുശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടക്കാനൊരുങ്ങി യുഎഇയിലെ സ്കൂളുകൾ. 2026–27 അധ്യയന വർഷം 31ന് ആരംഭിക്കും. ക്ലാസ് മുറികൾ സജ്ജമാക്കിയും അധ്യാപന പദ്ധതികൾ പൂർത്തിയാക്കിയും സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തിയും പുതിയ വർഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് സ്കൂളുകൾ.
വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച അക്കാദമിക് കലണ്ടർ പ്രകാരം പൊതുസ്കൂളുകളിലും മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന സ്വകാര്യ സ്കൂളുകളിലും 31ന് ക്ലാസ് തുടങ്ങും. ഒക്ടോബർ 12 മുതൽ 18 വരെയാണ് ആദ്യ സെമസ്റ്ററിലെ മധ്യകാല അവധി. ഡിസംബർ 14 മുതൽ ജനുവരി മൂന്നുവരെ ശൈത്യകാല അവധിയും ഏപ്രിൽ അഞ്ചുമുതൽ 11 വരെ വസന്തകാല അവധിയുമാണ്. 2027 ജൂലൈ രണ്ടിന് അധ്യയന വർഷം അവസാനിക്കും. അന്താരാഷ്ട്ര പാഠ്യപദ്ധതികൾ പിന്തുടരുന്ന ചില സ്വകാര്യ സ്കൂളുകളിൽ പ്രാദേശിക വിദ്യാഭ്യാസ അതോറിറ്റികളുടെ അനുമതിയനുസരിച്ച് തീയതികളിൽ വ്യത്യാസമുണ്ടാകാം.
സർക്കാർ സ്കൂളുകളിൽ കെട്ടിടസുരക്ഷ, സ്കൂൾ ബസുകൾ, കാന്റീൻ, ആരോഗ്യ- ശുചിത്വ മാനദണ്ഡങ്ങൾ, വിദ്യാർഥി സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കർശന പരിശോധന നടത്തിവരുന്നു. സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനും വിദ്യാർഥികളുടെ ക്ഷേമം ഉറപ്പാക്കാനുമാണ് നടപടികൾ. ഇടവേളയ്ക്കുശേഷം സ്വകാര്യ സ്കൂളുകളുടെ നിലവാര പരിശോധനയും കെഎച്ച്ഡിഎ പുനഃരാരംഭിച്ചു.
പരിശോധനകൾക്കായി സ്കൂളുകൾ സജ്ജമാണെന്ന് ദുബായ് ഗൾഫ് മോഡൽ സ്കൂൾ അക്കാദമിക് ഡയറക്ടർ ഡോ. ഉഷ ഷിനോജ് പറഞ്ഞു. പ്രവാസി കുടുംബങ്ങളെ സംബന്ധിച്ച് ആശങ്കയുടെ കാലംകൂടിയാണിത്. പുതിയ പുസ്തകങ്ങൾ, യൂണിഫോം, ഷൂസ്, ബാഗ്, സ്റ്റേഷനറി, ഗതാഗതം എന്നിവ ഉൾപ്പെടെയുള്ള ചെലവുകളാണ് പല കുടുംബങ്ങളുടെയും പ്രധാന ആശങ്ക. ഒന്നിലധികം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയാണ്. സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾക്കായി യൂണിഫോം ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.
കിന്റർഗാർട്ടൻമുതൽ ഗ്രേഡ് 12 വരെയുള്ള അംഗീകൃത യൂണിഫോം, കായിക വസ്ത്രങ്ങൾ, ഓരോ ഇനത്തിന്റെയും വില, കൈമാറ്റ നയം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഗൈഡിലുണ്ട്. വിവിധ വ്യാപാര സ്ഥാപനങ്ങൾ ‘ബാക്ക് ടു സ്കൂൾ’ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കുറവിന്റെ പേരിൽ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നില്ലെന്നും വിലവിവരം വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടെന്നും പരിശോധിക്കാൻ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പരിശോധന ശക്തമാക്കി.
സ്കൂൾ തുറക്കുന്നതോടെ രാവിലെയും വൈകിട്ടും പ്രധാന റോഡുകളിലും സ്കൂളുകൾക്ക് സമീപവും ഗതാഗതക്കുരുക്ക് വർധിക്കുമെന്ന ആശങ്കയുമുണ്ട്. വിവിധ എമിറേറ്റുകളിലെ പൊലീസും മറ്റ് അധികൃതരും പ്രത്യേക ഗതാഗത- സുരക്ഷാ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 31ന് പ്രത്യേക ‘അപകടരഹിത ദിന’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കട്ട് ഓഫ് തീയതിയിൽ മാറ്റം
സ്കൂൾ പ്രവേശനത്തിനുള്ള പ്രായം നിശ്ചയിക്കുന്ന കട്ട് ഓഫ് തീയതിയിൽ പുതിയ അധ്യയന വർഷംമുതൽ മാറ്റമുണ്ട്. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ അധ്യയന വർഷം ആരംഭിക്കുന്ന സ്കൂളുകളിൽ പ്രവേശനത്തിനുള്ള പ്രായം നിർണയിക്കുന്ന തീയതി ഇനി ഡിസംബർ 31 ആണ്. മുമ്പ് ആഗസ്ത് 31 ആയിരുന്നു.










0 comments